News - 2024
വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ നേതാക്കളുടെ മുന്നറിയിപ്പ് ഇസ്രായേല്‍ തള്ളി
പ്രവാചകശബ്ദം 23-12-2021 - Thursday
ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാവുന്ന ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ക്രിസ്ത്യന്‍ നേതാക്കളുടെ ഗൗരവമേറിയ മുന്നറിയിപ്പ് ഇസ്രായേല്‍ തള്ളിക്കളഞ്ഞു. ചില തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ക്രിസ്ത്യാനികളെ വിശുദ്ധ നാട്ടില്‍ നിന്നും തുരുത്തിയോടിക്കുവാന്‍ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ജെറുസലേമിലെ പാത്രിയാര്‍ക്കീസുമാരും, സഭാ നേതാക്കളും സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറഞ്ഞിരിന്നു. എന്നാല്‍ ക്രിസ്ത്യന്‍ നേതാക്കളുടെ ആരോപണം അടിസ്ഥാന രഹിതവും വളച്ചൊടിച്ചതുമാണെന്നാണ് ഇസ്രായേല്‍ അധികാരികളുടെ ഭാഷ്യം.
2012 മുതല്‍ ക്രിസ്ത്യന്‍ നേതാക്കളും വൈദികരും ശാരീരിക ആക്രമണങ്ങള്‍ക്കും, വാക്കാലുള്ള അവഹേളനങ്ങള്‍ക്കും ഇരയായി കൊണ്ടിരിക്കുകയാണെന്നും, ക്രിസ്ത്യന്‍ ദേവാലയങ്ങളും പുണ്യ സ്ഥലങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കിയാണ് ക്രിസ്ത്യന്‍ നേതാക്കള്‍ കഴിഞ്ഞ ആഴ്ച രംഗത്ത് വന്നത്. ജെറുസലേമിലും വിശുദ്ധ നാടിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള ക്രിസ്ത്യാനികളെ അവിടെ നിന്നും ഓടിച്ചു വിടുവാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്നും, പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ടായിരിന്നു.
ക്രിസ്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും പ്രാദേശിക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നിയമപാലകരുമാണ് ഇതിന് പ്രതിബന്ധമാകുന്നതെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ പ്രസ്താവനയില്‍ കുറിച്ചു. വെസ്റ്റ് ബാങ്കിലെയും ഗാസാ മുനമ്പിലേയും പലസ്തീന്‍ അറബ് ക്രിസ്ത്യാനികഉടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും, മൊത്തം ജനസംഖ്യയുടെ അനുപാതത്തില്‍ നോക്കുമ്പോള്‍ മേഖലയിലെ ക്രിസ്ത്യന്‍ സമൂഹം ദിനംപ്രതി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. വെറും 2% മാത്രമാണ് വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ ജനസംഖ്യ. രണ്ടായിരത്തിന് താഴെ ക്രൈസ്തവര്‍ മാത്രമാണ് ഇപ്പോള്‍ പുരാതന ജെറുസലേം നഗരത്തില്‍ ഉള്ളതെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.