India - 2025
താന്‍ തികച്ചും സാധാരണക്കാരന്‍, സ്ഥാനലബ്ധി ദൈവദാനം: നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
പ്രവാചകശബ്ദം 18-01-2022 - Tuesday
തലശ്ശേരി: പുതിയ സ്ഥാനലബ്ധി ദൈവദാനമെന്നും അതിനു പിന്നിൽ മാർ ജോർജ് ഞരളക്കാട്ടിന്റെ ആഗ്രഹവും പ്രയത്നവുമുണ്ടെന്നും നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപത നല്‍കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. താൻ തികച്ചും സാധാരണക്കാരൻ ആണ്. ഇതുവരെ ആയിരുന്നതു പോലെ തുടർന്നും എല്ലാവർക്കും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലെത്തിയ മാർ ജോസഫ് പാംപ്ലാനിയെ വികാരി ജനറൽമാരായ മോൺ.അലക്സ് താരാമംഗലം, മോൺ.ജോസഫ് ഒറ്റപ്ലാക്കൽ, കത്തീഡ്രൽ വികാരി ഫാ.ജോർജ് കരോട്ട് എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് സെമിനാരിയിലെ വൈദികർ നയിച്ച പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കുചേർന്നു. തന്റെ പിൻഗാമിയായി മാർ ജോസഫ് പാംപ്ലാനിയെ ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. അതിരൂപത അധ്യക്ഷനായി നിയമിതനായതിനൊപ്പം സിറോ മലബാർ സിനഡ് സെക്രട്ടറി, സ്ഥിരം സിനഡ് അംഗം, കുന്നോത്ത് ഗുഡ്ഷെപ്പേഡ് മേജർ സെമിനാരി കമ്മിഷൻ ചെയർമാൻ എന്നീ പദവികളിലേക്കു കൂടി മാർ ജോസഫ് പാംപ്ലാനി തിരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
സ്വീകരണ യോഗത്തിൽ കണ്ണൂർ രൂപതാ ബിഷപ് ഡോ.അലക്സ് വടക്കുംതല, ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് വലിയമറ്റം, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ജോസ്, അതിരൂപതാ ചാൻസലർ ഫാ.തോമസ് തെങ്ങുംപള്ളിൽ, ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ അഞ്ജലി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ്ജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.