Faith And Reason

ജന്മനാ കേൾവി ശക്തിയില്ലാത്ത ഒരു വ്യക്തിയെ യേശു സുഖപ്പെടുത്തിയെങ്കിൽ അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്?

പ്രവാചകശബ്ദം 25-01-2022 - Tuesday

ഇടതു ചെവിക്ക് ജന്മനാ കേൾവിശക്തിയില്ലാത്ത ഒരു വ്യക്തിക്കു വേണ്ടി ബ്രദർ സാബു ആറുതൊട്ടിൽ എന്ന പ്രമുഖ വചനപ്രഘോഷകൻ സത്യദൈവമായ യേശുക്രിസ്തുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുകയും, തൽഫലമായി യേശു ആ വ്യക്തിയെ സുഖപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. ഇത് ചിലരുടെ ഉറക്കം കെടുത്തുകയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനെ പരിഹസിച്ചു കൊണ്ട് വാര്‍ത്തകള്‍ ഇറക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രാര്‍ത്ഥന മദ്ധ്യേ 'എത്ര വയസ്സുണ്ട്' എന്ന ബ്രദർ സാബു ആറുതൊട്ടിലിന്റെ ചോദ്യത്തിന് വയോധികനായ പിതാവ് നല്‍കിയ മറുപടിയെ കേന്ദ്രീകരിച്ചാണ് പലരുടേയും പരിഹാസം.

എന്നാല്‍ പ്രസ്‌തുത വ്യക്തിയുടെ വലതുചെവിക്ക് കേൾവി ശക്തിയുള്ളതായിരുന്നുവെന്ന് ആ വീഡിയോയിലെ സംഭാഷണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. (വീഡിയോയുടെ ആരംഭ ഭാഗത്ത് തന്നെ ജന്മനാ കേള്‍വി ശക്തിയില്ലാത്ത 'ഇടതുചെവി' യേശു നാമത്തില്‍ തുറക്കപ്പെടട്ടെ എന്ന് ബ്രദര്‍ സാബു വ്യക്തമായി പറയുന്നുണ്ട്). ഇതുപോലും മനസ്സിലാക്കാതെ, മനസിലാക്കിയാലും കണ്ടില്ലെന്ന് നടിച്ച് "കേൾവിശക്തി തിരിച്ചുകിട്ടിയപ്പോൾ ഭാഷ എങ്ങനെ മനസ്സിലായി?" എന്ന ചോദ്യവുമായി വരുന്ന വ്യക്തികളെയും സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിക്കും.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭൂമിയിലൂടെ നടന്നു നീങ്ങി രോഗികളെ സൗഖ്യപ്പെടുത്തി, നമുക്കായി മരിച്ചുയര്‍ത്ത യേശുക്രിസ്തു ഇന്നും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനു തെളിവാണ് നമുക്കിടയില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും. എന്നാൽ ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിക്കുമ്പോൾ അത് ആര്‍ക്കാണ് അസ്വസ്ഥത ഉളവാക്കുന്നത്? അത് ആരുടെയാണ് ഉറക്കം കെടുത്തുന്നത്?

അത്ഭുതങ്ങളും രോഗശാന്തികളും വെറും തട്ടിപ്പാണെന്നും, ജനങ്ങളെ പറ്റിക്കുന്ന ഒരു ഏര്‍പ്പാടാണെന്നും പ്രചരിപ്പിക്കാന്‍ ശ്രവിച്ചവര്‍ക്ക് ഈ സംഭവം ഉറക്കം കെടുത്തുന്നുവെങ്കില്‍, അത് സ്വാഭാവികം മാത്രം. ഇക്കൂട്ടര്‍ക്ക് രോഗശാന്തിയും അത്ഭുതങ്ങളും മാത്രമല്ല ദൈവത്തെ ആരാധിക്കുവാനായി ദൈവജനം ഒരുമിച്ചു കൂടുന്നതും അസ്വസ്ഥത ഉളവാക്കുന്നു.

അടുത്ത കാലത്തായി, പരിശുദ്ധാത്മാവ് നയിക്കുന്ന കരിസ്മാറ്റിക് ശുശ്രൂഷകളെല്ലാം പണ പിരിവിനുള്ള സൂത്രങ്ങളാണെന്ന് പ്രചരിപ്പിക്കുന്ന ഒരു കൂട്ടര്‍ ഇന്ന് സോഷ്യല്‍ മീഡിയായില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. ഇത്തരം ചില സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും മാധ്യമങ്ങളും നയിക്കുന്നത് ക്രിസ്ത്യാനികള്‍ തന്നെയാണെന്ന് എന്ന വസ്തുത വേദനാജനകമാണ്. ഇത്തരം സാഹചര്യങ്ങളില്‍, ഓരോ ക്രൈസ്‌തവ വിശ്വാസിയും തികഞ്ഞ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

ബൈബിളില്‍ ഉല്‍പത്തി മുതല്‍ വെളിപാട് വരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ എവിടെയൊക്കെ ദൈവത്തെ ആരാധിക്കാന്‍ ദൈവജനം ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പിശാചിന്‍റെ ആധിപത്യങ്ങള്‍ തകരുകയും സാത്താന്‍ ബന്ധിച്ചിട്ടിരിക്കുന്നവര്‍ അലറി വിളിക്കുകയും ചെയ്യുന്നതായി നമുക്ക് കാണുവാന്‍ സാധിക്കും. അതുപോലെ ഈ അടുത്ത നാളുകളിലായി യേശുനാമത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ കാണുമ്പോൾ അത്, ചിലരുടെ ഉറക്കം കെടുത്തുകയും, ചിലര്‍ സോഷ്യല്‍ മീഡിയായിലൂടെ അലറി വിളിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇക്കൂട്ടരെ നയിക്കുന്ന ആത്മാക്കള്‍ ഏതാണെന്ന് വിശ്വാസികൾ തിരിച്ചറിയണം.

ആത്മീയ ശുശ്രൂഷകളുടെ പേരിൽ ചില വ്യക്തികൾ നടത്തുന്ന തട്ടിപ്പുകളെ എതിർക്കേണ്ടതുതന്നെയാണ്. എന്നാൽ "എല്ലാം തട്ടിപ്പാണ്" എന്ന രീതിയിൽ പ്രചാരണങ്ങൾ നടത്തുന്നവരെ നാം സൂക്ഷിക്കണം. ബ്രദർ സാബു ആറുതൊട്ടിൽ എന്ന വചന പ്രഘോഷകനെ ദൈവം ഈ കാലഘട്ടത്തിൽ പ്രത്യേകമായി തിരഞ്ഞെടുത്തുകൊണ്ട് അനേകരിലേക്ക് ക്രിസ്‌തുവിന്റെ സുവിശേഷം എത്തിച്ചുകൊണ്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ ശുശ്രൂഷകളിലൂടെ അനേകം അത്ഭുതങ്ങളും രോഗശാന്തികളും മാനസാന്തരങ്ങളും ഈ കാലഘട്ടത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ കർത്താവായ യേശുവിന്റെ നാമമാണ് മഹത്വപ്പെടുത്തുന്നത്. അതിനാൽ ഇത്തരം സംഭവങ്ങളെ എതിർക്കുന്നവർ ക്രിസ്‌തുവിന്റെ പ്രവർത്തികളെ തന്നെയാണ് എതിർക്കുന്നത്.

നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിൻ എന്ന നമ്മുടെ കർത്താവിന്റെ കൽപ്പന അനുസരിച്ച് സുവിശേഷം പ്രഘോഷിക്കുകായും അതിലൂടെ ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങളും രോഗശാന്തികളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ ചിലപ്പോൾ നാം നിന്ദിക്കപ്പെട്ടേക്കാം. ഇപ്രകാരം നമ്മൾ വെറുക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുമ്പോൾ ക്രിസ്തു പറഞ്ഞ വചനം നമ്മുക്ക് ഓർമ്മിക്കാം. "ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കില്‍ അതിനു മുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞു കൊള്ളുവിന്‍. നിങ്ങള്‍ ലോകത്തിന്‍റേതായിരുന്നുവെങ്കില്‍ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ലോകത്തിന്‍റേതല്ലാത്തതു കൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു." (യോഹ. 15: 18-19)

ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്‍റെ പേരില്‍ പരിഹാസവും ഭീഷണിയും ഏറ്റുവാങ്ങേണ്ടി വരുമ്പോള്‍ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കുക. ഈ ഓരോ പരിഹാസവും നമുക്ക് സ്വര്‍ഗ്ഗത്തിലെ നിക്ഷേപങ്ങളാണ്. ഒപ്പം 'അവരോട് ക്ഷമിക്കണമേ' എന്ന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. കാരണം അതും നമ്മുടെ കടമയാണല്ലോ. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിന്റെ പേരിൽ നിന്ദനങ്ങളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങേണ്ടി വരുമ്പോൾ ക്രിസ്തു പറഞ്ഞ വചനം നമുക്ക് ശക്തി നൽകട്ടെ.

"എന്നെ പ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്" (മത്തായി 5: 11-12).

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »