Faith And Reason
ദക്ഷിണ കൊറിയയില്‍ പൗരോഹിത്യ വസന്തം: 23 ഡീക്കന്മാർ വൈദികരായി
പ്രവാചകശബ്ദം 30-01-2022 - Sunday
സിയോള്‍: ഇക്കഴിഞ്ഞ ജനുവരി 28നു ദക്ഷിണ കൊറിയയിലെ സിയോള്‍ അതിരൂപതയില്‍ തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിച്ചത് 23 ഡീക്കന്മാര്‍. ലാറ്റിന്‍ അമേരിക്കയില്‍ സേവനം ചെയ്യുവാൻ നിയുക്തരായിരിക്കുന്ന 3 മിഷ്ണറി വൈദികരും ഇതില്‍ ഉള്‍പ്പെടുന്നു. "ഞങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് ഞങ്ങളെക്കുറിച്ചല്ല, പ്രത്യുത, യേശുക്രിസ്‌തുവിനെ കര്‍ത്താവായും യേശുവിനുവേണ്ടി ഞങ്ങളെ നിങ്ങളുടെ ദാസന്‍മാരായും ആണ്" (2 കോറിന്തോസ് 4:5) എന്ന ബൈബിള്‍ വാക്യം മുഖ്യ പ്രമേയമാക്കിക്കൊണ്ട് സിയോളിലെ മയോങ്ഡോങ് കത്തീഡ്രലിൽവെച്ച് നടന്ന ചടങ്ങില്‍ കാര്‍മ്മലൈറ്റ് മെത്രാപ്പോലീത്ത പീറ്റര്‍ ചുങ് സൂണ്‍-ടായിക്കാണ് മുഖ്യകാർമികത്വം വഹിച്ചത്.
കൊറിയന്‍ അപ്പസ്തോലിക ന്യൂൺഷിയേറ്റിന്റെ ഉത്തരവാദിത്വമുള്ള ഡി’അഫയേഴ്സ് ആയ മോണ്‍. ഫെര്‍ണാണ്ടോ റെയിസ്, സിയോള്‍ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ആന്‍ഡ്ര്യൂ യോം തുടങ്ങിയവരും, സഹായ മെത്രാന്മാരും വിശുദ്ധ കുര്‍ബാനക്ക് സഹകാര്‍മ്മികത്വം വഹിച്ചു. കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം സര്‍ക്കാരിന്റെ ആരോഗ്യപരമായ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ തിരുപ്പട്ടം സ്വീകരിച്ചവരുടെ മാതാപിതാക്കള്‍ക്കും, രൂപതയിലെ പുരോഹിതരും മാത്രമായിരുന്നു പ്രവേശന അനുമതിയുണ്ടായിരുന്നത്.
ഓൺലൈനിലൂടെ ആയിരങ്ങൾ ചടങ്ങുകളിൽ പങ്കാളികളായി. തങ്ങളുടെ ദൈവവിളി തിരിച്ചറിഞ്ഞ് സഭയെ സേവിക്കുവാന്‍ പുതു വൈദികരെ സഹായിച്ച മാതാപിതാക്കള്‍ക്കും, ഇടവക വൈദികർക്കും, സന്യസ്ഥർക്കും മെത്രാപ്പോലീത്ത ചുങ് നന്ദി അറിയിച്ചു. 2005-ല്‍ സിയോള്‍ അതിരൂപതയാല്‍ സ്ഥാപിതമായ ‘സിയോള്‍ ഇന്റര്‍നാഷണല്‍ കാത്തലിക് മിഷ്ണറി സൊസൈറ്റി’ അംഗങ്ങളായ 3 പേരാണ് ലാറ്റിന്‍ അമേരിക്കയില്‍ ഇനി സേവനം ചെയ്യുക.
സിയോള്‍ അതിരൂപതയിലെ 229 ഇടവകകളിലായി ഏതാണ്ട് 15 ലക്ഷത്തോളം കത്തോലിക്കരുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി വരെ അതിരൂപതയില്‍ കര്‍ദ്ദിനാളും, മെത്രാപ്പോലീത്തയും, മൂന്ന്‍ മെത്രാന്മാരും, അഞ്ച് മോണ്‍സിഞ്ഞോര്‍മാരും ഉള്‍പ്പെടെ 966 പുരോഹിതരാണ് ഉള്ളത്. 11 രാഷ്ട്രങ്ങളിലായി സേവനം ചെയ്യുന്ന 23 മിഷ്ണറി വൈദികരും ഇതില്‍ ഉള്‍പ്പെടും. മൂന്ന്‍ അതിരൂപതകളും, 14 രൂപതകളിലും, ഒരു മിലിട്ടറി ഓര്‍ഡിനാരിയേറ്റിലുമായി ഏതാണ്ട് 56 ലക്ഷം കത്തോലിക്കരാണ് ദക്ഷിണ കൊറിയയില്‍ ഉള്ളത്. സര്‍ക്കാര്‍ രേഖകള്‍ അനുസരിച്ച് ദക്ഷിണ കൊറിയന്‍ ജനസംഖ്യയിലെ 56 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തപ്പോള്‍, 20% പെന്തക്കോസ്ത് വിശ്വാസികളും, 8% കത്തോലിക്കരും, 15.5% ബുദ്ധമതവിശ്വാസികളുമാണ് രാജ്യത്തുള്ളത്.