Arts - 2024

വിശുദ്ധ വര്‍ഷം 2025: ലോഗോയ്ക്കു വത്തിക്കാന്‍ എന്‍ട്രികള്‍ ക്ഷണിച്ചു

പ്രവാചകശബ്ദം 23-02-2022 - Wednesday

റോം: കാല്‍ നൂറ്റാണ്ടിന് ശേഷം സാര്‍വ്വത്രിക സഭ 2025-ല്‍ ആഘോഷിക്കുവാനിരിക്കുന്ന വിശുദ്ധ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ലോഗോക്ക് വേണ്ടി വത്തിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. “പ്രത്യാശയുടെ തീര്‍ത്ഥാടകര്‍” എന്ന 2025-ലെ വിശുദ്ധ വര്‍ഷാചരണത്തിന്റെ മുഖ്യ പ്രമേയത്തെ എടുത്തുക്കാട്ടുന്ന രൂപകല്‍പ്പനകള്‍ വേണമെന്നു ഫെബ്രുവരി 22-ന് നവ സുവിശേഷ വത്കരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. രൂപകല്‍പ്പനകള്‍ ‘ലളിതവും, അവബോധം ഉളവാക്കുന്നതും’ ആയിരിക്കണമെന്നു പേപ്പര്‍, പ്ലാസ്റ്റിക്, തുണി, പോസ്റ്റര്‍, സ്റ്റിക്കര്‍, ഫിലിം, വലുതും ചെറുതുമായ ഗാഡ്ജറ്റുകള്‍ തുടങ്ങിയവയില്‍ പ്രിന്റ്‌ ചെയ്യുവാന്‍ പറ്റുന്ന തരത്തില്‍ വിവിധ സൈസുകളില്‍ ഉള്ളവയായിരിക്കണമെന്നും അറിയിപ്പിലുണ്ട്.

വ്യക്തിപരമായോ, സംഘമായോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഏപ്രില്‍ 1 മുതല്‍ www.iubilaeum2025.va/en/logo.html എന്ന സൈറ്റിലേക്ക് രൂപകല്‍പ്പനകള്‍ അപ്ലോഡ് ചെയ്ത് തുടങ്ങാവുന്നതാണ്. എന്‍ട്രികള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയതി മെയ് 20 ആണ്. നവ സുവിശേഷവത്കരണത്തിനുള്ള പൊന്തിഫിക്കല്‍ സമിതി നിയമിക്കുന്ന കമ്മിറ്റിയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. സഭാ സന്ദേശങ്ങളുടെ സാര്‍വ്വത്രികതയുടേയും, ഈ പ്രമേയത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് സഭയുടെ സന്ദേശങ്ങളില്‍ ആശ്വാസം കണ്ടെത്തുന്ന സമകാലികരുടെ ആത്മീയ ആവശ്യങ്ങളുടെ പ്രകടനവും കൂടിയായിരിക്കണം ലോഗോയെന്നു അറിയിപ്പില്‍ പറയുന്നു.

1470 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും സഭ വിശുദ്ധ വര്‍ഷം ആചരിക്കാറുണ്ട്. പഴയ നിയമപാരമ്പര്യമനുസരിച്ച് തീര്‍ത്ഥാടനത്തിനും, പ്രാര്‍ത്ഥനക്കും, പ്രായാശ്ചിത്തത്തിനും, വിശ്രമത്തിനും ക്ഷമക്കും, നവീകരണത്തിനും, കാരുണ്യത്തിനുമായി നീക്കിവെക്കുന്ന വര്‍ഷമാണ്‌ വിശുദ്ധ വര്‍ഷം അഥവാ ജൂബിലി വര്‍ഷം. 2025-ലെ വിശുദ്ധ വര്‍ഷാചരണത്തിന്റെ തയ്യാറെടുപ്പുകളുടെ ചുമതല നവ സുവിശേഷ വത്കരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയെയാണ് ഫ്രാന്‍സിസ് പാപ്പ ഏല്‍പ്പിച്ചിരിക്കുന്നത്.


Related Articles »