Life In Christ - 2024
ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച 16 സ്പാനിഷ് നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 28-02-2022 - Monday
മാഡ്രിഡ്: സ്പെയിനിൽ 1936-1939 വരെയുണ്ടായ മതപീഢന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി ജീവൻ ബലികൊടുത്ത പതിനാറു നിണസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സ്പെയിനിലെ ഗ്രനാദയിൽ നടന്ന തിരുകര്‍മ്മങ്ങളില്‍ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധി ഒരു മാനുഷിക വിജയമല്ല, പ്രത്യുത, ദൈവത്തിൻറെ ഒരു ദാനമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. നവവാഴ്ത്തപ്പെട്ടവരിൽ 14 പേർ വൈദികരാണ്. മറ്റു രണ്ടു പേരിൽ ഒരാൾ ഒരു വൈദികാർത്ഥിയും മറ്റെയാൾ അല്മായനും ആണ്.
നവ വാഴ്ത്തപ്പെട്ടവരായ രക്തസാക്ഷികളിൽ, കയെത്താനൊ ഹിമേനെസ് മർത്തീൻ, മനുവേൽ വസ്കസ് അൽഫായ, റമോൺ സെർവില്യ ലുയീസ്, ലൊറേൻസൊ പലൊമീനൊ വില്യഎസ്കൂസ, പേദ്രൊ റുയീസ് ദെ വൽവീദിയ പേരെസ്, ഹൊസേ ഫ്രീയസ് റുയിസ്, ഹൊസേ ബെച്ചേറ സാഞ്ചെസ്, ഫ്രലസീസ്കൊ മൊറാലെസ് വലെൻസ്വേല, ഹൊസേ റെസ്കാൽവൊ റുയിസ്, ഹൊസേ ഹിമേനെസ് റെയേസ് , മനുവെൽ വീൽചെസ് മൊന്താൽവൊ, ഹൊസേ മരീയ പോളൊ റെഹോൺ , ഹുവൻ ബത്സാഗ പലാസിയൊസ് , മിഖേൽ റൊമേരൊ റൊഹാസ് എന്നിവരാണ് 14 വൈദികർ. അന്തോണിയ കബ പോത്സൊ ആണ് വൈദികാർത്ഥി. പുതിയ വാഴ്ത്തപ്പെട്ടവരിൽ ഏക അൽമായന്‍ ഹൊസേ മുഞോസ് കാൽവൊയാണ്.