Life In Christ

രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ വേദപാരംഗത പദവിയിലേക്ക് വിശുദ്ധ ഐറേനിയസ്

പ്രവാചകശബ്ദം 21-01-2022 - Friday

വത്തിക്കാന്‍ സിറ്റി: രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ഐറേനിയസിനെ സഭയിലെ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയർത്താനുള്ള അംഗീകാരം വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം നൽകി. ഇതിനെപ്പറ്റി ചർച്ചചെയ്യാൻ തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോയുമായി ഫ്രാൻസിസ് മാർപാപ്പ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുസംഘത്തിലെ അംഗങ്ങളായ കർദ്ദിനാളുമാരും, മെത്രാന്മാരും രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മെത്രാൻ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടാൻ യോഗ്യനാണെന്ന് പ്ലീനറി സമ്മേളനത്തിൽ കണ്ടെത്തിയതായി കർദ്ദിനാൾ മാർസലോ സെമരാറോ പാപ്പയെ അറിയിച്ചു.

ഐക്യത്തിനു വേണ്ടിയുള്ള വേദപാരംഗതൻ എന്ന പദവി വിശുദ്ധ ഐറേനിയസിന് നൽകുന്നതിനുവേണ്ടി ഫ്രാൻസിസ് മാർപാപ്പ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പാശ്ചാത്യ ക്രൈസ്തവ വിശ്വാസികളെയും, പൗരസ്ത്യ ക്രൈസ്തവ വിശ്വാസികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആത്മീയ, ദൈവശാസ്ത്ര പാലം എന്നാണ് കത്തോലിക്ക, ഓർത്തഡോക്സ് ദൈവ ശാസ്ത്രജ്ഞന്മാരുമായി കഴിഞ്ഞ ഒക്ടോബർ മാസം നടത്തിയ കൂടിക്കാഴ്ചയിൽ സന്ദേശം നൽകി പ്രസംഗിക്കവേ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനെ വിശേഷിപ്പിച്ചത്.

കത്തോലിക്ക വിശ്വാസികളും, ഓർത്തഡോക്സ് വിശ്വാസികളും ഒരുപോലെ ആദരിക്കുന്ന എഴുത്തുകാരനായ മെത്രാനാണ് വിശുദ്ധ ഐറേനിയസ്. ജ്ഞാനവാദം എന്ന പാഷണ്ഡത ശക്തിപ്രാപിച്ച കാലത്ത് അതിനെതിരെ പോരാടാൻ ഐറേനിയസ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. അദ്ദേഹം ക്രിസ്തുവിന്റെ ദൈവത്വവും, മനുഷ്യത്വവും പ്രതിരോധിക്കാൻ വേണ്ടിയുള്ള തെളിവുകൾ നിരത്തി. ഇപ്പോൾ ആധുനിക തുർക്കിയുടെ ഭാഗമായ സ്മിർണയിൽ ജനിച്ച ഐറേനിയസ് എഴുതിയ ഗ്രന്ഥങ്ങൾ സംരക്ഷിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രം പൂർണമായി ലഭ്യമല്ല.

ക്രിസ്തുവിന്റെ അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്റെ ശിഷ്യരിൽ ഒരാളായ വിശുദ്ധ പോളികാർപ്പ് പ്രസംഗിക്കുന്നത് കേൾക്കാൻ ഐറേനിയസിന് ചെറുപ്പത്തിൽ അവസരം ലഭിച്ചിരുന്നു. വൈദികനായി അഭിഷേകം ചെയ്യപ്പെട്ടതിനുശേഷം ഫ്രാൻസിലാണ് അദ്ദേഹം സേവനം ചെയ്യുന്നത്. കുറച്ചു നാളുകൾക്ക് ശേഷം ഐറേനിയസ് ലിയോൺ നഗരത്തിന്റെ മെത്രാനായി നിയമിക്കപ്പെട്ടു. അവിടെവച്ചാണ് വിശുദ്ധൻ രക്തസാക്ഷിത്വം വരിക്കുന്നത്. അതിനാൽ തന്നെ രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ വേദപാരംഗതൻ എന്നുളള വിശേഷണം കൂടി വിശുദ്ധ ഐറേനിയസിന് ലഭിക്കും. 2015-ല്‍ പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അർമേനിയൻ സന്യാസിയായ വിശുദ്ധ ഗ്രിഗറിയെ ഫ്രാൻസിസ് മാർപാപ്പ വേദപാരംഗതരുടെ പട്ടികയിലേക്ക് ഉയർത്തിയിരിന്നു.

More Archives >>

Page 1 of 71