Life In Christ - 2024

ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നൈജീരിയന്‍ മുന്‍ മുസ്ലീം അടക്കം 6 പേര്‍ തിരുപ്പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 05-03-2022 - Saturday

ജാലിംഗോ: ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടുക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മതപീഡനങ്ങള്‍ക്കിടയിലും പൗരോഹിത്യ വിളിക്ക് പ്രത്യുത്തരം നല്‍കി അനേകര്‍. കിഴക്കന്‍ നൈജീരിയയിലെ തരാബ സംസ്ഥാനത്തെ ജാലിംഗോ രൂപതയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 25-ന് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ മുസ്ലീം ഉള്‍പ്പെടെ 6 പേരാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. ജാലിംഗോയിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്‌ ദേവാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് ജാലിംഗോ ബിഷപ്പ് റവ. ഡോ. ചാള്‍സ് എം. ഹമ്മാവായില്‍ നിന്നുമാണ് 6 പേരും തിരുപ്പട്ടം സ്വീകരിച്ചത്. ഇസ്ലാം മതത്തില്‍ നിന്നും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച റവ. മോസസ് ഇദ്രിസ് ആയിരുന്നു ചടങ്ങില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത്. മാതാപിതാക്കളുടെ എതിര്‍പ്പിനെ വകവെക്കാതെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച അദ്ദേഹത്തിന്റെ മുസ്ലീം മതവിശ്വാസികളായ മാതാപിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

ചടങ്ങില്‍ കത്തോലിക്ക പൗരോഹിത്യത്തിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ഫാ. ഇദ്രിസ് വിവരിച്ചു. 2004 ഡിസംബറിലാണ് എല്ലാറ്റിന്റെയും തുടക്കമെന്ന് അദ്ദേഹം പറയുന്നു. അന്ന് വെറും 14 വയസ്സ് പ്രായമുള്ള ബ്രഡ് വില്‍പ്പനക്കാരനായിരുന്ന താന്‍ ഒരു ദിവസം സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ക്കിടയില്‍ ബ്രഡ് വില്‍ക്കുവാന്‍ പോയെന്നും, അന്ന് തനിക്ക് നല്ല കച്ചവടം കിട്ടിയെന്നും, അങ്ങനെ ദേവാലയം തന്റെ കച്ചവടത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറിയെന്നും ഇദ്രിസ് പറഞ്ഞു. അധികം വൈകാതെ കത്തോലിക്ക ആരാധനയില്‍ ആകൃഷ്ടനായ ഇദ്രിസ് ദേവാലയത്തില്‍ പോകുന്നത് പതിവാക്കുകയായിരുന്നു.

മതപഠനം ആരംഭിച്ച ശേഷം ഇദ്രിസ് കരിസ്മാറ്റിക് പ്രാര്‍ത്ഥനാകൂട്ടായ്മയിലും, അള്‍ത്താര ബാലന്മാരുടെ അസോസിയേഷനിലും, ലീജിയന്‍ ഓഫ് മേരി സംഘടനയിലും, ദേവാലയ ഗായക സംഘത്തിലും അംഗമായി. ഇസ്ലാമില്‍ നിന്നും ഇദ്രിസിന് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ ഇടവക വികാരി ഇദ്രിസിനെ സ്വന്തം പട്ടണത്തില്‍ നിന്നും മാറ്റി ജോരോ-യിനുവിലെ സേക്രഡ് ഹാര്‍ട്ട് മൈനര്‍ സെമിനാരിയില്‍ ചേര്‍ത്തു. 2012-ലാണ് ഇദ്രിസ് ബിരുദധാരിയാകുന്നത്. ജാലിംഗോയില്‍ വൈദീക പരിശീലനം പൂര്‍ത്തിയാക്കിയ ഇദ്രിസ് അഡാമാവ സംസ്ഥാനത്തിലെ ബാരെയിലെ ബിഷപ്പ് തിമോത്തി കോട്ടര്‍ മെമോറിയല്‍ സെമിനാരിയില്‍ പ്രവേശനം നേടുകയും ഒരു വര്‍ഷം നീണ്ട ആത്മീയ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു.

സെന്റ്‌ ഓഗസ്റ്റിന്‍സ് മേജര്‍ സെമിനാരിയിലാണ് അദ്ദേഹം തത്ത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ചത്. പാട്രിക് ഷീഹന്‍ മെമ്മോറിയല്‍ കോളേജില്‍ നിന്നും അജപാലക പരിശീലനവും പൂര്‍ത്തിയാക്കി. 2021 ജൂലൈ 18-നാണ് ഇദ്രിസിന് ഡീക്കന്‍ പട്ടം ലഭിക്കുന്നത്. റവ. ഫാ. ഇദ്രിസ് ഉള്‍പ്പെടെയുള്ളവരുടെ തിരുപ്പട്ട സ്വീകരണത്തിന് സാക്ഷ്യം വഹിക്കുവാന്‍ വന്‍ ജനക്കൂട്ടമായിരുന്നു ദേവാലയത്തില്‍ തടിച്ചുകൂടിയിരുന്നത്. ഓരോ ദിവസവും അനേകം അതിക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നൈജീരിയയില്‍ ഇദ്രിസ് അടക്കമുള്ള വൈദികരുടെ തിരുപ്പട്ട സ്വീകരണ വാര്‍ത്ത വലിയ ആഹ്ലാദമാണ് രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് പ്രദാനം ചെയ്യുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 72