Arts - 2025
നിറകൂട്ടുകളില്‍ വിസ്മയം ഒരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
പ്രവാചകശബ്ദം 08-03-2022 - Tuesday
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീവിതത്തിന്റെ സന്തോഷത്തിനു നിറം പകർന്ന് ഒരു സന്യാസിനി. സെന്റ് ഫിലിപ്പ് നേരി സന്യാസിനി സമൂഹാംഗമായ സിസ്റ്റർ സാന്ദ്ര സോണിയയുടെ മികച്ച ചിത്രങ്ങൾ കാൻവാസുകളിൽ മാത്രമല്ല, ദേവാലയങ്ങളിലും സെമിനാരികളിലും സ്കൂളുകളിലും ഇടം പിടിച്ചു. തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ സിസ്റ്റർ സാന്ദ്ര ആർ ഓൺലൈൻ പ്രദർശനമുൾപ്പെടെ 26 ചിത്രകലാ പ്രദർശനങ്ങൾ നടത്തിക്കഴിഞ്ഞു. 16 ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.
2019 ൽ മുഖ്യമന്ത്രി കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി നൽകിയ പ്രളയ അതിജീവനത്തിന്റെയും നവോത്ഥാനത്തിന്റെയും സന്ദേശമുൾക്കൊള്ളുന്ന കത്തിൽ സിസ്റ്റർ സാന്ദ്ര വരച്ച ചിത്രങ്ങളും ചേർത്തിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ ഒറ്റമൈന എന്ന ഷോർട്ട് ഫിലിമിൽ സിസ്റ്ററുടെ പെയിന്റിംഗ് അവതരിപ്പിച്ചിട്ടുണ്ട്. പാലക്കാട് പന്തലാംപാടം സെന്റ് ഫിലിപ്പ് നേരി കോൺവെന്റ് അംഗമായ സിസ്റ്റർ സാന്ദ്ര അവിടത്തെ മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രകലാധ്യാപികയാണ്.
പുതുപ്പാടി സെന്റ് ജോർജ്, ചിപ്പിലിത്തോട് സെന്റ് മേരീസ്, ഉമ്മറപ്പൊയിൽ സെന്റ് ജൂഡ് പള്ളികളിലും പരിയാരം എംസിബിഎസ് സെമിനാരിയിലും വിവിധ സ്കൂളുകളിലും സിസ്റ്ററിന്റെ പെയിന്റിംഗുകൾ ശ്രദ്ധയാകർഷിക്കുന്നു. ഒട്ടേറെ ബുക്കുകൾക്കു വേണ്ടിയും സിസ്റ്റർ വരച്ചിട്ടുണ്ട്. കണ്ണൂർ ചെറുപുഴ സ്വദേശിയായ സിസ്റ്റർ കുട്ടിക്കാലത്ത് ഉമ്മറപ്പൊയിലിലുള്ള തന്റെ വീടിന്റെ മുറിക്കുള്ളിലാണ് വരച്ചു തുടങ്ങിയത്. പ്ലസ് ടുവിനു ശേഷം ദൈവവിളി തെരഞ്ഞെടുത്ത സാന്ദ്ര, സന്ന്യാസ പരിശീലനത്തിനൊപ്പം കലാ പരിശീലനവും തുടർന്നു. യൂണിവേഴ്സൽ ആർട്സിൽ നിന്ന് ആർട്ട് ഡിപ്ലോമയും ഗ്രാഫിക് ഡിസൈനിംഗും പൂർത്തിയാക്കിയ ശേഷമാണ് ആർഎൽവിയിൽ ചേർന്നത്.
2017 ൽ തൃശൂർ ലളിതകലാ അക്കാദമിയിലെ മഴവിൽക്കാഴ്ചയായിരുന്നു ആദ്യ പ്രദർശനം. റിയലിസവും സർറിയലിസവും കൂടിച്ചേർന്ന ക്രിയേറ്റീവ് ശൈലിയിൽ വർക്ക് ചെയ്യാനിഷ്ടപ്പെടുന്ന സിസ്റ്റർക്ക് തന്റെ സന്ന്യാസജീവിതത്തോടൊപ്പം കലയെയും ഒപ്പം ചേർത്തു കൊണ്ടുപോകാനാണ് താത്പര്യം. കലയെ ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി ഒട്ടേറെ ക്യാമ്പുകൾ സിസ്റ്റര്‍ നടത്തിയിരിന്നു.
Courtesy/; Deepika