Life In Christ
യുദ്ധഭൂമിയില്‍ എമര്‍ജന്‍സി ഫീല്‍ഡ് ആശുപത്രിയുമായി ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പേഴ്സ്
പ്രവാചകശബ്ദം 08-03-2022 - Tuesday
ഗ്രീന്‍സ്ബോറോ: റഷ്യന്‍ അധിനിവേശം കൊണ്ട് നട്ടം തിരിയുന്ന യുക്രൈന്‍ ജനതക്ക് വേണ്ട ആത്മീയവും, ആരോഗ്യപരവുമായ സഹായങ്ങള്‍ ചെയ്യുന്നതിനായി ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റെ കീഴിലുള്ള അന്താരാഷ്ട്ര ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ സമരിറ്റന്‍ പേഴ്സിന്റെ സന്നദ്ധ സംഘം യുക്രൈനില്‍. ഡോക്ടര്‍മാരും, നഴ്സുമാരും, മറ്റ് സഹായികളും അടങ്ങുന്ന സന്നദ്ധ സംഘം ഞായറാഴ്ചയാണ് മധ്യയൂറോപ്പില്‍ എത്തിചേര്‍ന്നത്. ഒരു ഓപ്പറേഷന്‍ തീയറ്ററും, ഇന്റന്‍സീവ് കെയര്‍ യൂണിറ്റും ഉള്‍പ്പെടെ ദിനംപ്രതി 100 പേരെ ചികിത്സിക്കുവാന്‍ കഴിയുന്ന 30 കിടക്കകളോടു കൂടിയ അടിയന്തിര ഫീല്‍ഡ് ആശുപത്രി യുക്രൈനില്‍ സജ്ജമാക്കുകയാണ് സമരിറ്റന്‍ പേഴ്സിന്റെ ലക്ഷ്യം. ബില്ലി ഗ്രഹാം അസോസിയേഷനും, റാപ്പിഡ് റെസ്പോണ്‍സ് ചാപ്ലൈന്‍സും സംയുക്തമായാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പൊളിച്ചു മാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുവാന്‍ കഴിയുന്നത തരത്തിലുള്ള പോര്‍ട്ടബിള്‍ ആശുപത്രികളാണ് സമരിറ്റന്‍ പേഴ്സിന്റെ ഫീല്‍ഡ് ആശുപത്രികള്‍. യുക്രൈന്‍ ജനതക്ക് വേണ്ട അടിയന്തിര മെഡിക്കല്‍ സഹായങ്ങള്‍ക്ക് പുറമേ, പ്രാദേശിക ചാപ്ലൈന്‍മാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതും സംഘടനയുടെ യുക്രൈന്‍ ദൗത്യത്തിന്റെ ഭാഗമാണ്. മിനിസ്ട്രിയുടെ ഗ്രീന്‍സ്ബോറോയിലെ ഹാംഗറിലുള്ള ഡിസി-8 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് ലോകത്തിന്റെ ഏതു ഭാഗത്തും 36 മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിക്കുവാന്‍ കഴിയുന്നതാണ് തങ്ങളുടെ എമര്‍ജന്‍സി ഫീല്‍ഡ് ഹോസ്പിറ്റലെന്ന് പത്ര സമ്മേളനത്തില്‍ സമരിറ്റന്‍ പേഴ്സിന്റെ ഓപ്പറേഷന്‍സ് വിഭാഗം വൈസ്പ്രസിഡന്റായ എഡ്വേര്‍ഡ് ഗ്രഹാം പറഞ്ഞു.
ഇതൊരു പ്രകൃതി ദുരന്തമല്ലെന്നും, മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നും, ദൈവത്തിനല്ലാതെ ആര്‍ക്കും ഇത് ശരിയാക്കുവാന്‍ കഴിയുകയില്ലെന്നും പറഞ്ഞ എഡ്വേര്‍ഡ്, ബൈബിളിലെ നല്ല സമരിയാക്കാരനെപ്പോലെ ആരേയും ഒഴിവാക്കാതെ എല്ലാവരേയും തങ്ങള്‍ ശുശ്രൂഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍ സമരിറ്റന്‍ പഴ്സിന്റെ ദൗത്യം എത്രകാലം നീളുമെന്ന് ഇപ്പോള്‍പറയുവാന്‍ കഴിയില്ലെന്ന് പറഞ്ഞ എഡ്വേര്‍ഡ്, ദൗത്യം പൂര്‍ത്തിയാക്കാതെ തങ്ങള്‍ മടങ്ങുകയില്ലെന്നും, ദൗത്യം പൂര്‍ത്തിയാക്കാതെ സംഘടന ഇതുവരെ മടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി.
യുക്രൈന്റെ ചുറ്റുമുള്ള അയല്‍രാജ്യങ്ങളില്‍ എന്തെങ്കിലും ആവശ്യങ്ങളുണ്ടോയെന്നു സംഘടന പരിശോധിച്ചു വരികയാണെന്നും: അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ഫ്രാങ്ക്ലിന്‍ ഗ്രഹാമാണ് സമരിറ്റന്‍ പഴ്സിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് സമരിറ്റന്‍ പേഴ്സ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക