Faith And Reason - 2024
“ഞങ്ങള്‍ ദൈവത്തിന്റെ അത്ഭുത സാക്ഷികള്‍” : യുക്രൈനില്‍ നിന്നും സ്പെയിനിലെത്തിയ മിഷ്ണറി കുടുംബം
പ്രവാചകശബ്ദം 10-03-2022 - Thursday
ബുര്‍ഗോസ്, സ്പെയിന്‍: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അതിരൂക്ഷമായതിനെ തുടര്‍ന്ന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും സ്പെയിനിലേക്ക് പലായനം ചെയ്ത മിഷ്ണറി കുടുംബം 2,250-തിലധികം മൈലുകള്‍ നീണ്ട യാത്രക്കിടയില്‍ തങ്ങള്‍ അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ അത്ഭുതകരമായ സ്നേഹത്തേക്കുറിച്ച് നല്‍കിയ അനുഭവസാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ബുര്‍ഗോസ് അതിരൂപതക്ക് നല്‍കിയ അഭിമുഖത്തിലാണ് കാംപോമാര്‍ ഹെര്‍ണാണ്ടോ കുടുംബം ദൈവകൃപയാലുള്ള തങ്ങളുടെ അത്ഭുത യാത്രയേക്കുറിച്ച് വിവരിച്ചത്. സെസാര്‍ കാംപോമാറും, മരിയ ഓക്സിലിയാഡോര ഹെര്‍ണാണ്ടോ ദമ്പതികള്‍ ഉള്‍പ്പെടെ പതിമൂന്നു പ്രായപൂര്‍ത്തിയായവരും, 12 കുട്ടികളും അടങ്ങുന്ന 25 അംഗ കുടുംബം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്പെയിനിലെ ബുര്‍ഗോസില്‍ എത്തിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന തങ്ങളുടെ സംഘത്തിന് ഒരാഴ്ച നീണ്ട യാത്രക്കൊടുവില്‍ സ്പെയിനില്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞത് ദൈവത്തിന്റെ ഒരു അത്ഭുതമായിട്ട് തന്നെയാണ് ഈ കുടുംബം കണക്കാക്കുന്നത്.
ഇവരില്‍ വിമാനത്തില്‍ വന്ന രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാവരും 3 വാനുകളിലായിട്ടാണ് കീവില്‍ നിന്നും യാത്ര തിരിച്ചത്. പോളണ്ട് അതിര്‍ത്തി കടക്കുന്നതിനേക്കാള്‍ എളുപ്പം ഹംഗറി അതിര്‍ത്തി കടക്കുന്നതായതുകൊണ്ട് ഹംഗറി വഴിയാണ് സ്പെയിനില്‍ എത്തിയതെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ട്രിസ്റ്റേയിലും, നീസിലും ഇവരുടെ യാത്ര തടസ്സപ്പെട്ടിരുന്നു. 13 മണിക്കൂറോളമാണ് തങ്ങള്‍ക്ക് യുക്രൈന്‍ ഹംഗറി അതിര്‍ത്തിയില്‍ കിടക്കേണ്ടി വന്നതെന്നും, ഓരോ ഗ്യാസ് സ്റ്റേഷനില്‍ നിന്നും വെറും 5 ഗാലന്‍ ഇന്ധനം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും എന്നാല്‍ പ്രതികൂല സാഹചര്യങ്ങളിലും ദൈവം തങ്ങളുടെ ഒപ്പമുണ്ടായിരിന്നുവെന്നും കുടുംബം പറയുന്നു.
സംഘത്തില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ ചിലര്‍ക്ക് മാത്രമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നത്. യാത്രയില്‍ തടസ്സം സൃഷ്ടിച്ചുവെങ്കിലും അധികാരികളുടെ സഹകരണം കൊണ്ട് അവയെല്ലാം ഭംഗിയായി കലാശിച്ചു. ദൈവാനുഗ്രഹത്താല്‍ ഈ തടസ്സങ്ങളെല്ലാം തരണം ചെയ്ത് ലക്ഷ്യത്തിലെത്തുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ മിഷ്ണറി കുടുംബം. യുക്രൈനിലെ ഭയാനകമായ സാഹചര്യങ്ങളില്‍, എല്ലായിടത്തും ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം മനസ്സിലാക്കുവാന്‍ തങ്ങളെ സഹായിച്ചുവെന്ന്‍ കുടുംബം ആവര്‍ത്തിക്കുന്നു. 1997 മുതല്‍ സെസാര്‍-മരിയ ദമ്പതികള്‍ തങ്ങളുടെ 10 മക്കള്‍ക്കൊപ്പം യുക്രൈനില്‍ സുവിശേഷ പ്രഘോഷണം നടത്തിവരികയാണ്. ഇതിനു മുന്‍പ് 6 വര്‍ഷത്തോളം ബെലാറസിലും ഈ ദമ്പതികള്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അതേസമയം ഇവരുടെ സെമിനാരി വിദ്യാര്‍ത്ഥികളായ 2 മക്കള്‍ യുക്രൈനില്‍ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക