Faith And Reason - 2024

ബോംബ്‌ ഷെല്‍ട്ടറുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം: ആത്മീയ പോരാട്ടം ശക്തമാക്കി യുക്രൈന്‍ സഭ

പ്രവാചകശബ്ദം 01-03-2022 - Tuesday

കീവ്: റഷ്യന്‍ അധിനിവേശത്തേത്തുടര്‍ന്ന്‍ കനത്ത പോരാട്ടം നടക്കുന്ന യുക്രൈനില്‍ ബോംബ്‌ ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുന്ന ജനങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനും, വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനുമായി സഭ ജനങ്ങളിലേക്ക് ഇറങ്ങിവരുമെന്ന പ്രഖ്യാപനവുമായി യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച തലസ്ഥാനനഗരമായ കീവിലെ പുനരുത്ഥാന കത്തീഡ്രലിന്റെ താഴെ ഒരുക്കിയിരിക്കുന്ന എയര്‍ റെയിഡ് ഷെല്‍ട്ടറില്‍ നിന്നും റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് യുക്രൈന്‍ സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് ദേവാലയങ്ങളില്‍ പോകുവാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് വൈദികര്‍ ബോംബ്‌ ഷെല്‍ട്ടറുകളില്‍ പോയി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

'യുക്രൈനിലെ കീവില്‍ നിന്നും ആശംസകള്‍' എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന വീഡിയോ സന്ദേശത്തില്‍ മറ്റൊരു ഭീകര രാത്രി കൂടി തങ്ങള്‍ അതിജീവിച്ചുവെന്നും, രാത്രിക്ക് ശേഷം തീര്‍ച്ചയായും പകല്‍ വരുമെന്നും, അന്ധകാരത്തിന് ശേഷം പ്രകാശവും, മരണത്തിന് ശേഷം ഉത്ഥാനം ഉണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഈ യുദ്ധത്തില്‍ മുറിവേറ്റവര്‍ക്കും, ഭീതിയില്‍ കഴിയുന്നവര്‍ക്കും, പലായനം ചെയ്യുന്നവര്‍ക്കും, രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനീകര്‍ക്കും വേണ്ടി ത്യാഗം സഹിക്കണമെന്നും, ദേവാലയങ്ങളില്‍ പോകുവാന്‍ സാധിക്കുന്നവര്‍ തീര്‍ച്ചയായും ദേവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും, കുമ്പസാരിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യണമെന്നും മെത്രാപ്പോലീത്ത അഭ്യര്‍ത്ഥിച്ചു.

“നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമാണോ എന്ന് നാം സംശയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഈ ശക്തി പരീക്ഷയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും അതിജീവിക്കുകയും ചെയ്യും”- അഗ്നിശമന സേന, വൈദ്യ സേവനങ്ങള്‍ തുടങ്ങി അടിയന്തിര സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രത്തിന്റെ പ്രതിരോധത്തിനായി പോരാടുന്നവര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് മെത്രാപ്പോലീത്ത പറഞ്ഞു. യുക്രൈനെ കുറിച്ചുള്ള സത്യം ലോകത്തോട്‌ പറയുവാന്‍ ശ്രമിക്കുന്നവര്‍ക്കും, യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും, മാനുഷികവും, വൈദ്യപരവുമായ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മെത്രാപ്പോലീത്ത ഷെവ്ചുക്കിന്റെ വീഡിയോ സന്ദേശം അവസാനിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »