News - 2024

മാർപാപ്പയുടെ ലെബനോൻ സന്ദർശനം സംബന്ധിച്ച വാർത്ത: ആഹ്ലാദം പ്രകടിപ്പിച്ച് മാരോണൈറ്റ് മെത്രാന്മാർ

പ്രവാചകശബ്ദം 08-04-2022 - Friday

ബെയ്റൂട്ട്: സാമ്പത്തിക പ്രതിസന്ധി അടക്കം നിരവധിയായ പ്രതിസന്ധികളെ നേരിടുന്ന ലെബനോൻ ഫ്രാൻസിസ് മാർപാപ്പ ജൂണിൽ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മാരോണൈറ്റ് മെത്രാന്മാർ വിഷയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഏപ്രിൽ ആറാം തീയതി ബിക്കർക്കേയിൽ സഭയുടെ പാത്രിയാർക്കീസായ ബെച്ചാരെ ബൗട്രോസ് റായിയുടെ അധ്യക്ഷതയിൽ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അവർ. ഏപ്രിൽ അഞ്ചാം തീയതി ലെബനീസ് പ്രസിഡന്റ് മൈക്കിൾ ഓന്റെ ഓഫീസാണ് പേപ്പൽ സന്ദർശനം സംബന്ധിച്ച പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ വത്തിക്കാൻ പ്രതിനിധി ജോസഫ് സ്പിത്തേരി, ഫ്രാൻസിസ് മാർപാപ്പ ജൂണിൽ ലെബനോൻ സന്ദർശിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസിനെ അറിയിച്ചുവെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

തങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിക്കാൻ പാപ്പയുടെ സന്ദർശനത്തിനു വേണ്ടി ലെബനോനിലെ ജനത കാത്തിരിക്കുകയായിരുന്നുവെന്നും, സന്ദർശനം സംബന്ധിച്ച തീയതിയും മറ്റു വിശദാംശങ്ങളും പിന്നെ പുറത്തുവിടുമെന്നും പത്രക്കുറിപ്പിലുണ്ട്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഉണ്ടാകുന്ന സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾക്കു സമാനമായ പ്രശ്നങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഇതിനിടയിൽ മെയ് പതിനഞ്ചാം തീയതി പാർലമെന്ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

സാമ്പത്തിക നവീകരണവും, പരിഷ്കാരങ്ങളും നടപ്പിലാക്കാൻ കഴിവുള്ളവരെ വിജയിപ്പിക്കണമെന്ന് മെത്രാൻ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ വർഷം നടക്കുന്ന മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. മാർച്ച് ഇരുപത്തിരണ്ടാം തീയതി ഇപ്പോഴത്തെ ലെബനീസ് പ്രസിഡന്റ് മൈക്കിൾ ഓൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു. ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 2020ൽ നടന്ന ഉഗ്രസ്ഫോടനത്തിന്റെ വാർഷികത്തിൽ രാജ്യം സന്ദർശിക്കാനുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചിരുന്നു.ഇതിന് മുന്‍പും പല പ്രാവശ്യം രാജ്യം സന്ദര്‍ശിക്കുവാനുള്ള താത്പര്യം പാപ്പ പ്രകടമാക്കിയിട്ടുണ്ട്.


Related Articles »