News - 2025
ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു
പ്രവാചകശബ്ദം 10-04-2022 - Sunday
ആലപ്പുഴ: ആലപ്പുഴ ലത്തീൻ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ (77) കാലം ചെയ്തു. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ രാത്രി 8.15ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം മറ്റന്നാള്‍ ചൊവ്വാഴ്ച\ രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടക്കും. 1944 മേയ് 18ന് ചേന്നവേലി പെരുന്നേരമംഗലം ഇടവകയിൽ അത്തിപ്പൊഴിയിൽ ഔസേപ്പിന്റെയും ബിജിറ്റയുടെയും മകനായി ജനിച്ച ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ, പെരുന്നേർമംഗലം സെന്റ് തോമസ് എൽപി സ്കൂൾ, അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്കൂൾ, ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ്കൂൾ, തിരുഹൃദയ സെമിനാരി, പുണെയിലെ പേപ്പൽ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1969 ഒക്ടോബർ 5ന് ബിഷപ്പ് മൈക്കിൾ ആറാട്ടുകുളത്തിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു.
ആലപ്പുഴ തിരുഹൃദയ സെമിനാരി പ്രിഫെക്ടായി ആദ്യ നിയമനം. പിന്നീട് ഓമനപ്പുഴ, പൊള്ളത്തെ, തുമ്പോളി പള്ളികളിൽ വികാരി. സെമിനാരി റെക്ടർ, ലിയോ തേർട്ടീൻത് സ്കൂൾ മാനേജർ, ആലുവ സെമിനാരി അധ്യാപകനും പ്രൊക്യുറേറ്ററും തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. രൂപതാ സൊസൈറ്റി ഡയറക്ടറായിരിക്കുമ്പോഴാണ് രൂപതയുടെ രണ്ടാമത്തെ ബിഷപായിരുന്ന പീറ്റർ ചേനപ്പറമ്പിലിന്റെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ജോൺ പോൾ മാർപാപ്പ നിയമിച്ചത്. 2001 ഫെബ്രുവരി 11ന് ആലപ്പുഴ രൂപതയുടെ മൂന്നാമതു മെത്രാനായി. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷം ചേർത്തല മായിത്തറയിലെ എസ്എച്ച് മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.