Faith And Reason - 2024

യുക്രൈനികളെ സംസ്ക്കരിച്ച കുഴിമാടത്തിനരികെ പ്രാര്‍ത്ഥിച്ച് പാപ്പയുടെ പ്രത്യേക പ്രതിനിധി

പ്രവാചകശബ്ദം 19-04-2022 - Tuesday

ലിവിവ്: റഷ്യ നടത്തുന്ന കിരാത യുദ്ധത്തിനിടെ യുക്രൈനികളെ സംസ്ക്കരിച്ച കുഴിമാടത്തിനരികെ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധി. യുക്രൈനില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ദാനകർമ്മകാര്യദർശി കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കിയാണ് റഷ്യന്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടമായ എണ്‍പതിലധികം മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്ന ബോറോഡിയങ്ക പട്ടണത്തിലെ കുഴിമാടത്തിനരികെയെത്തി പ്രാര്‍ത്ഥിച്ചത്. കീവിലെ കത്തോലിക്ക കത്തീഡ്രൽ ദേവാലയത്തിൽ ഉയിർപ്പ് ഞായറിൽ അർപ്പിച്ച ദിവ്യബലിയിൽ കർദ്ദിനാൾ, പാപ്പയുടെ സാന്ത്വനവും സ്നേഹവും യുക്രൈന്‍ ജനതയെ അറിയിച്ചു.

ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലായിരുന്നെങ്കിൽ നാം ശാശ്വതമായി ദുഃഖവെള്ളിയാഴ്ചയിൽ തന്നെ തുടരുമായിരുന്നുവെന്നും ഭയാനക സംഭവങ്ങൾക്കും വേദനകൾക്കും മുന്നിൽ നമ്മുടെ വിശ്വാസം അവസാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മരണം അവസാന വാക്ക് അല്ല. പുനരുത്ഥാനമുണ്ടെന്നതിന് ദൈവത്തിന് നന്ദിയർപ്പിക്കാം. എല്ലാ തിന്മകളും ക്രിസ്തു നീക്കിക്കളയുമ്പോൾ, അവിടുത്തെ അനുഗ്രഹത്തിൽ ശാശ്വതമായ പ്രത്യാശയുണ്ടെന്നും ക്രജേവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്നര്‍ത്ഥമുള്ള ക്രിസ്റ്റോസ് വോസ്ക്രേസ് യുക്രേനിയൻ ഭാഷയിൽ പറഞ്ഞുക്കൊണ്ടാണ് കർദ്ദിനാൾ സന്ദേശം ഉപസംഹരിച്ചത്. യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ പാപ്പയുടെ പ്രതിനിധിയായി യുക്രൈനില്‍ എത്തിയ കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി യുദ്ധഭൂമിയില്‍ സ്തുത്യര്‍ഹമായ സേവനം തുടരുകയാണ്.


Related Articles »