Youth Zone

സ്വവര്‍ഗ്ഗ ബന്ധം: സഭാപ്രബോധനങ്ങളെ തെറ്റിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മെത്രാന്‍മാര്‍ക്കു വൈദികന്റെ തുറന്ന കത്ത്

പ്രവാചകശബ്ദം 20-04-2022 - Wednesday

ബെര്‍ലിന്‍: സ്വവര്‍ഗ്ഗ ബന്ധം സംബന്ധിച്ച കത്തോലിക്ക സഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന അപേക്ഷയുമായി യൂറോപ്പില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രണ്ടു കര്‍ദ്ദിനാളുമാര്‍ക്ക് വൈദികന്റെ തുറന്ന കത്ത്. ഇത് സംബന്ധിച്ച സഭാ പ്രബോധനങ്ങളില്‍ മാറ്റം വരുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി കമ്മീഷന്റെ പ്രസിഡന്റും, ലക്സംബര്‍ഗ്‌ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോള്ളെറിച്ചിനും, ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സിനും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫാ. ഫിലിപ് ജി. ബൊച്ചാന്‍സ്കി എന്ന വൈദികന്‍ തുറന്ന കത്തെഴുതിയത്. സ്വവര്‍ഗ്ഗാനുരാഗ പ്രവണതയുള്ളവരെ സത്യത്തിലും സ്‌നേഹത്തിലും പരിശുദ്ധമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ‘കറേജ് ഇന്റര്‍നാഷണല്‍’ എന്ന കൂട്ടായ്മയുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറാണ് ഫാ. ഫിലിപ് ജി. ബൊച്ചാന്‍സ്കി.

സ്വവര്‍ഗ്ഗബന്ധം സംബന്ധിച്ച കത്തോലിക്ക പ്രബോധനത്തിന്റെ സാമൂഹികവും, ശാസ്ത്രീയവുമായ അടിത്തറ ശരിയല്ലെന്ന വാദവുമായി, കര്‍ദ്ദിനാള്‍ ഹോള്ളെറിച്ച് ഫെബ്രുവരിയില്‍ രംഗത്തുവന്നിരിന്നു. സ്വവര്‍ഗ്ഗബന്ധം സംബന്ധിച്ച കത്തോലിക്കാ പ്രബോധനം ആശങ്കയുളവാക്കുന്നതാണെന്ന്‍ മാര്‍ച്ചില്‍ നടത്തിയ ഒരഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാക്സും പറയുകയുണ്ടായി. ഇതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഇടയില്‍ വര്‍ഷങ്ങളായി പ്രേഷിത പ്രവര്‍ത്തനം നടത്തിവരുന്ന ഒരു പുരോഹിതനെന്ന നിലയില്‍ വളരെയേറെ ആശങ്കയോടെയാണ് ഇതുസംബന്ധിച്ച കത്തോലിക്കാ പ്രബോധനങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ചത് എന്ന മുഖവുരയോടെയാണ് വൈദികന്റെ കത്ത് ആരംഭിക്കുന്നത്.

സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച കത്തോലിക്ക പ്രബോധനങ്ങള്‍ ശക്തവും, വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, കാലാകാലങ്ങളായുള്ള സഭാപാരമ്പര്യമാണെന്നും (നമ്പര്‍ 2357) ഫാ. ബൊച്ചാന്‍സ്കി ചൂണ്ടിക്കാട്ടി. തിരുപ്പട്ട സ്വീകരണത്തിന് തയ്യാറെടുക്കുമ്പോള്‍, സഭാപ്രബോധനങ്ങളെ മുറുകെപ്പിടിക്കുമെന്നും, അത് വിശ്വസ്തപൂര്‍വ്വം പഠിപ്പിക്കുമെന്നും, അതിന് വിരുദ്ധമായ കാര്യങ്ങളെ ഒഴിവാക്കുമെന്നുമുള്ള വൃതവാഗ്ദാനം നടത്തിയിട്ടുള്ള കാര്യം ഓര്‍ക്കണമെന്നും, തങ്ങളുടെ പൗരോഹിത്യ വാഗ്ദാനത്തോട് വിശ്വസ്തരായിരിക്കണമെന്നും ഫാ. ബൊച്ചാന്‍സ്കി ഇരു പിതാക്കന്മാരോടും അഭ്യര്‍ത്ഥിച്ചു.

സഭാപ്രബോധനങ്ങളോടുള്ള എതിര്‍പ്പ് ആശങ്കക്കും, വിഭാഗീയതക്കും മാത്രമാണ് ഗുണം ചെയ്യുക. തിരുപ്പട്ട വൃതവാഗ്ദാന ലംഘനം “കള്ളസാക്ഷ്യം” എന്ന മാരക പാപമാണെന്ന ഓര്‍മ്മപ്പെടുത്തലോടെയുമാണ്‌ കത്തവസാനിക്കുന്നത്. തിരുസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ പങ്കാളികളെ ആശീര്‍വ്വദിച്ചത് അടുത്തിടെ വലിയ വിവാദത്തിന് ഇടയാക്കിയിരിന്നു. സ്വവര്‍ഗ്ഗ ബന്ധങ്ങളെ അനുകൂലിച്ച് ചില ഉന്നത ജര്‍മ്മന്‍ മെത്രാന്‍മാര്‍ മുന്‍പോട്ടു വന്നതും അടുതകാലത്ത് വിവാദമായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 27