Youth Zone

സ്വർഗ്ഗീയ പിതാവിന്റെ സന്നിധിയിൽ അജ്നയ്ക്കു ഇന്ന് 28ാം പിറന്നാള്‍: അനുസ്മരണ ബലിയും പ്രാര്‍ത്ഥനയുമായി ജീസസ് യൂത്ത്

പ്രവാചകശബ്ദം 02-04-2022 - Saturday

കൊച്ചി: കാൻസറിനോട് അഞ്ചു വർഷങ്ങൾ നീണ്ട സഹന പോരാട്ടം ക്രിസ്തുവിലുള്ള അടിയുറച്ച പ്രത്യാശയോടെ ദിവ്യകാരുണ്യത്തോട് ചേർന്ന് വിശ്വാസ പ്രഘോഷണമാക്കി മാറ്റി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട അജ്നക്ക് ഇന്ന് 28 വയസ്സ്. നിത്യതയിൽ വിശ്രമിക്കുന്ന അജ്നയുടെ അനുസ്മരണാർത്ഥം ഇന്ന് പ്രത്യേക പ്രാർത്ഥനയും ബലിയർപ്പണവും നടത്തും. സെന്റ് റാഫേൽ ദേവാലയത്തിലെ അജ്നയുടെ കല്ലറയിൽ ഉച്ചകഴിഞ്ഞ് 3.00 മണിക്കു ഒപ്പീസ് ചൊല്ലി പ്രാർത്ഥിക്കും. അജ്നയുടെ ഇടവക ദേവാലയമായ വൈറ്റില സെന്റ് പാട്രിക് ദേവാലയത്തിൽ വൈകീട്ട് 4 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. ജീസസ് യൂത്ത് പ്രവർത്തകരും വിശ്വാസികളും ഇതിൽ ഭാഗഭാക്കാകും. മുഴുവൻ ശുശ്രൂഷകളും ജീസസ് യൂത്ത് ഇന്റർനാഷ്ണൽ യൂറ്റൂബ് പേജിലൂടെ തൽസമയം സംപ്രേഷണം ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു.

ബിരുദാനന്തര ബിരുദം മികച്ച മാർക്കോടെ പാസായ അജ്ന, തേവര എസ്.എച്ച് കോളജിലെ കോമേഴ്‌സ് ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അർബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാർന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള്‍ മുന്നോട്ട് പോകുകയായിരിന്നു. അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേൾവിയും മുഖകാന്തിയും കാൻസർ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ട്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരിന്നില്ല. രോഗാവസ്ഥയില്‍ നൽകാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുൻപിൽ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി ആരാധന അർപ്പിച്ച ശേഷം മാത്രമാണ് അവൾ ഈശോയെ സ്വീകരിച്ചിരുന്നത്.

അവസാന സമയങ്ങളിൽ തിരുവോസ്തി സ്വീകരിക്കാൻ അധരങ്ങൾ കൊണ്ട് സാധ്യമാകാതിരുന്നപ്പോൾ പോലും തിരുവോസ്തി വെള്ളത്തിൽ അലിയിച്ച് ഭക്ഷണം നൽകാൻ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെ ഉൾക്കൊണ്ടിരിന്നു. ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു ഈ യുവതിയുടെ ദിവ്യകാരുണ്യ സ്വീകരണം. ഇക്കഴിഞ്ഞ ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യഈശോയെയും സ്വീകരിച്ച് അജ്ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »