Life In Christ - 2024

പതിവ് തെറ്റിക്കാതെ ഫ്രാന്‍സിസ് പാപ്പയുടെ പെസഹ വ്യാഴാഴ്ച ശുശ്രൂഷ: തടവുപ്പുള്ളികളുടെ കാല്‍ കഴുകി

പ്രവാചകശബ്ദം 15-04-2022 - Friday

റോം: റോമില്‍ നിന്ന് 50 മൈല്‍ വടക്കു പടിഞ്ഞാറു മാറി തുറമുഖ നഗരമായ സിവിത്താവെക്കിയയില്‍ സ്ഥിതി ചെയ്യുന്ന ജയിലില്‍ ഫ്രാന്‍സിസ് പാപ്പയുടെ പെസഹ വ്യാഴാഴ്ച ശുശ്രൂഷ. തിരുവത്താഴപൂജയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ച പാപ്പ അവിടത്തെ അന്തേവാസികളായ 12 പേരുടെ കാലുകൾ കഴുകി. നാല് മണിയോടെ അവിടെ എത്തിയ പാപ്പായെ ജയിൽ അധികാരികൾ സ്വീകരിച്ച് ചാപ്പലിലേക്ക് ആനയിച്ചു. തടവുകാരും, സുരക്ഷാ ജീവനക്കാരും, ജയിലിലെ ജീവനക്കാരും, ജയിൽ അധികാരികളും കൂടാതെ ഇറ്റലിയിയുടെ നീതി വകുപ്പ് മന്ത്രിയും തിരുക്കർമ്മങ്ങളിൽ സന്നിഹിതരായിരുന്നു. മുന്‍ വര്‍ഷങ്ങളിലും പാപ്പ ജയിലില്‍ തന്നെയാണ് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തിയത്. ദൈവം എല്ലാം ക്ഷമിക്കുന്നുവെന്നും എപ്പോഴും ക്ഷമിക്കുന്നുവെന്നും നമ്മളാണ് ക്ഷമ ചോദിച്ച് തളർന്ന് പോകുന്നതെന്നും പാപ്പ പറഞ്ഞു.

"യേശു തന്നെ വഞ്ചിച്ച, ഒറ്റിക്കൊടുത്തവന്റെ പാദം കഴുകുന്നു" സുവിശേഷത്തിൽ നാം വായിക്കുന്ന ആ രംഗത്തെ ഒരു "വിചിത്ര കാര്യ"മായാണ് ഈ ലോകം കാണുന്നത്. എന്നാൽ 'നിങ്ങൾ പരസ്പരം കാലു കഴുകണമെന്നും, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പരസ്പരം സേവിക്കണമെന്നും യേശു വളരെ ലളിതമായി പഠിപ്പിക്കുകയായിരുന്നു. എല്ലാ മനുഷ്യരോടും എല്ലാ ദിവസവും ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര മനോഹരമായിരിക്കുമെന്ന് പാപ്പ പറഞ്ഞു. കർത്താവ് വിധിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. അതിനാൽ "പരസ്പരം സേവിക്കാനും ക്ഷമിക്കാനും ആഗ്രഹിച്ചു കൊണ്ട് ഈ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

തിരുക്കർമ്മങ്ങൾക്കു ശേഷം ജയിലിന്റെ ഡയറക്ടർ പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചു. പുരാതന ചിവിത്തവെക്കിയ തുറമുഖത്തിന്റെ ഒരു ചിത്രം അദ്ദേഹം സമ്മാനിച്ചു. അന്തേവാസികൾ നടത്തുന്ന പച്ചക്കറി തോട്ടത്തിൽ നിന്ന് തിരഞ്ഞെടുത്ത വിളകളും, അന്തേവാസികളും ജീവനക്കാരും നിർമ്മിച്ച വസ്തുക്കളും പാപ്പായ്ക്ക് നൽകി. തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം പാപ്പാ ജയിലിലെ അന്തേവാസികളെയും ഉദ്യോഗസ്ഥരേയും ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന അന്‍പതോളം പേരെ ഒരു മുറിയിൽ കാണാനും സമയം കണ്ടെത്തി. രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ പള്ളികളിൽ ഉപയോഗിക്കാനുള്ള വിശുദ്ധ തൈലം ആശീർവദിച്ചു. 1800ഓളം വൈദീകർ ദിവ്യബലിയിൽ പങ്കെടുത്തു.

More Archives >>

Page 1 of 73