Life In Christ

തിന്മയുടെ വലയം തകർത്തു പുറത്തുവരാനാണ് യേശു നമ്മോടു പറയുന്നത്: ഓശാന ഞായര്‍ സന്ദേശത്തില്‍ പാപ്പ

പ്രവാചകശബ്ദം 11-04-2022 - Monday

വത്തിക്കാൻ സിറ്റി: തിന്മയുടെ വലയം തകർത്തു പുറത്തുവരാനാണ് യേശു നമ്മെ പഠിപ്പിക്കുന്നതെന്നും നമ്മൾ ക്രിസ്തുവിന്‍റേതാണെന്ന് സ്ഥിരീകരിക്കണമെങ്കിൽ, നമ്മെ വേദനിപ്പിച്ചവരോട് നമ്മൾ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കിയാൽ മതിയെന്നും ഫ്രാൻസിസ് പാപ്പ. ഇന്നലെ ഓശാന ഞായറാഴ്ച (10/04/22), വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ തിരുനാൾക്കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു പാപ്പ. നമ്മുടെ ചെയ്തികളാൽ നാം അവിടത്തെ വേദനിപ്പിക്കുമ്പോൾ, അവിടന്ന് യാതന അനുഭവിക്കുന്നു, അവിടത്തെ ആഗ്രഹം ഒന്നു മാത്രമാണ്: നമ്മോട് പൊറുക്കുക. ഇത് മനസ്സിലാക്കണമെങ്കിൽ, നാം കുരിശിലേക്കു നോക്കണം. അവിടുത്തെ മുറിവുകളിൽ നിന്നാണ്, നമ്മുടെ ആണികൾ ഉണ്ടാക്കിയ വേദനയുടെ സുഷിരങ്ങളിൽ നിന്നാണ് മാപ്പ് നിർഗ്ഗമിക്കുന്നതെന്നും പാപ്പ പറഞ്ഞു.

നമ്മോടു ദ്രോഹം ചെയ്തവരെയും, നമ്മെ നിരാശപ്പെടുത്തിയവരേയും, ദുർമാതൃക നൽകിയവരേയും ഓർത്ത് സമയം ചിലവഴിക്കുന്ന നമ്മോടു, തിന്മയുടെയുടേയും വലയം തകർത്തു പുറത്തുവരാനാണ് യേശു പഠിപ്പിക്കുന്നത്. നല്ലവരെന്നോ, ചീത്തവരെന്നോ, സുഹൃത്തുക്കളെന്നോ ശത്രുക്കളെന്നോ നമ്മെ വേർതിരിക്കാതെ, ദൈവം ഓരോ വ്യക്തിയിലും ഒരു മകനേയോ മകളേയോ കാണുന്നുവെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

സുവിശേഷം അനുസരിച്ച് ആണിതറയ്ക്കുന്ന നേരത്തു മാത്രമല്ല ക്ഷമിക്കാൻ യേശു പ്രാർത്ഥിച്ചത്. മറിച്ച് തന്നെ ക്രൂശിക്കുന്ന നേരം മുഴുവനും യേശുവിന്റെ ഹൃദയത്തിലും ചുണ്ടിലും അവനെ ക്രൂശിക്കുന്നവരോടു ക്ഷമിക്കാനുള്ള പ്രാർത്ഥനയായിരുന്നുവെന്ന് പാപ്പ ഓർമ്മിച്ചു. "ദൈവം ക്ഷമിക്കുന്നതിൽ ഒരിക്കലും തളരുന്നില്ല. നാം പ്രലോഭിപ്പിക്കപ്പെടുന്നതുപോലെ, കുറച്ചു കാലം സഹിച്ച ശേഷം, അവൻ മനസ്സു മാറ്റില്ല." ദൈവത്തിന്റെ ക്ഷമ പ്രഘോഷിക്കുന്നതിൽ നമുക്ക് ഒരിക്കലും തളരാതിരിക്കാമെന്നും പാപ്പ പറഞ്ഞു.

ഉത്ഥാനത്തിരുന്നാളിനു മുൻപുള്ള ദിവസങ്ങളിലാണ് നമ്മൾ. പാപത്തിൻറെയും മരണത്തിൻറെയും മേൽ കർത്താവായ യേശുക്രിസ്തു വരിച്ച വിജയം ആഘോഷിക്കാൻ നമ്മൾ തയ്യാറെടുക്കുകയാണ്. പാപത്തിൻറെയും മരണത്തിൻറെയും മേലാണ് അവിടുത്തെ വിജയം, അല്ലാതെ, ആരുടെയെങ്കിലും മേലോ മറ്റൊരാൾക്കെതിരായോ അല്ല. എന്നാൽ ഇന്ന് യുദ്ധമാണ് നടക്കുന്നത്. ലോകത്തിൻറെതായ രീതിയിൽ ജയിക്കാൻ ആഗ്രഹിക്കുന്നതെന്തിനാണ്? അങ്ങനെ തോൽവി മാത്രമാണ് ഉണ്ടാകുന്നത്. എന്തുകൊണ്ട് ക്രിസ്തുവിനെ ജയിക്കാൻ അനുവദിച്ചുകൂടാ? സമാധാന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »