News

ജൂൺ 5 മുതൽ ഇംഗ്ലണ്ടിൽ വീണ്ടും ഞായറാഴ്ച കടമുള്ള ദിവസം: വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങണമെന്ന് മെത്രാൻ സമിതിയുടെ ആഹ്വാനം

പ്രവാചകശബ്ദം 11-05-2022 - Wednesday

വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങണമെന്ന് ഇംഗ്ലീഷ് മെത്രാൻ സമിതിയുടെ ആഹ്വാനം. കൊറോണ വൈറസ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ദേവാലയങ്ങളിലേക്ക് തിരികെ മടങ്ങണമെന്ന് ഇംഗ്ലണ്ടിലെയും, വെയിൽസിലെയും മെത്രാൻസമിതി വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. മെത്രാൻ സമിതി അനുവദിച്ചിരുന്ന ഇളവ് അവസാനിച്ച പശ്ചാത്തലത്തിൽ ഈ വർഷത്തെ പെന്തക്കുസ്താ തിരുനാൾ ദിനമായ ജൂൺ 5 മുതൽഞായറാഴ്ച കടമുള്ള ദിവസം ആയിരിക്കും.

വൈറസ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞതിൽ മെത്രാൻ സമിതി അംഗങ്ങൾ ദൈവത്തോട് നന്ദി പറഞ്ഞു. കൊറോണവൈറസ് പ്രതിസന്ധി ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ് എന്നും, ഭൂരിപക്ഷം ആളുകളും സാധാരണ ജീവിതത്തിലേക്ക് തിരികെ മടങ്ങിയെന്നും അവർ ചൂണ്ടിക്കാട്ടി. കത്തോലിക്കാ വിശ്വാസികളെ ഞായറാഴ്ചയും, മറ്റ് വിശുദ്ധ ദിവസങ്ങളിലും കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇളവ് നൽകിയിരുന്ന കാരണങ്ങൾ ഇനി പ്രസക്തമല്ല എന്നും മെത്രാൻ സമിതിയുടെ പ്ലീനറി സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും സമ്മേളനത്തിൽ പങ്കെടുത്തു.

"സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്"എന്ന ക്രിസ്തുവിന്റെ വചനത്തോട് കൂടിയാണ് അവരുടെ ആഹ്വാനം ആരംഭിക്കുന്നത്. കത്തോലിക്കാ വിശ്വാസത്തിന്റെ മനോഹരമായ ഒരു മുദ്രയാണ് വിശുദ്ധ ബലിയിൽ പങ്കെടുക്കാനും, കുർബാന പങ്കുവെക്കാനുമുള്ള അഗാധമായ ആഗ്രഹം. ദൈവത്തെ ആരാധിക്കാനും, ജീവിതയാത്രയിൽ മറ്റുള്ളവർക്കും ബലം പകരാനും, ലോകത്തിന് വിശ്വാസ സാക്ഷ്യം നൽകാനും വിശുദ്ധ കുർബാന നമ്മെ പ്രാപ്തരാക്കുമെന്ന് മെത്രാൻ സമിതി വിശദീകരിച്ചു. കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിനുശേഷം 176000 ആളുകളാണ് ബ്രിട്ടനിൽ മാത്രം മരണപ്പെട്ടത്. 850000 ആളുകൾ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.


Related Articles »