India - 2025

സര്‍ക്കാരിനും സമുദായ വിരുദ്ധര്‍ക്കും താക്കീതുമായി കോടഞ്ചേരിയില്‍ സമുദായ സംരക്ഷണ റാലി

പ്രവാചകശബ്ദം 29-05-2022 - Sunday

തിരുവമ്പാടി: ക്രൈസ്തവര്‍ സര്‍ക്കാരില്‍ നിന്നും തീവ്രനിലപാടുകരില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാണിച്ച് കോടഞ്ചേരിയില്‍ സമുദായ സംരക്ഷണ റാലി. താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ സംയുകത ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് അണിചേര്‍ന്നത്. ക്രൈസ്തവർക്കെതിരായ പ്രതിലോമശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നേരിടുമെന്നും സമുദായം ഒരുമിച്ച് നിൽക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും മാർ പോൾ ചിറ്റിലപ്പള്ളി നഗറിൽ നടന്ന പൊതുസമ്മേളന പരിപാടി ഉദ്ഘാടനം ചെയ്ത താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. സര്‍ക്കാരിനും മറ്റ് സമുദായങ്ങള്‍ക്കും റാലി വലിയ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താമരശേരി രൂപത എകെസിസി പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷ വഹിച്ചു. ക്രൈസ്തവരുടെ സഹായത്താൽ വളർന്നവർ ഇപ്പോൾ സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സീറോ മലബാർ സഭ വക്താവ് കൂടിയായ ഡോ. ചാക്കോ കാളംപറമ്പിൽ പറഞ്ഞു. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടു പോകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ക്രൈസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നിൽ തലകുനിക്കില്ലായെന്നും അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടും. ക്രൈസ്തവർക്കെതിരെ പ്രവർത്തിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി ക്രൈസ്തവർ മാറണമെന്നും ജസ്റ്റിൻ പള്ളിവാതുക്കൽ ആഹ്വാനം ചെയ്തു.

രൂപത ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. ജോൺസൺ തെക്കടിയിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, ഇൻഫാം രൂപത പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ്, രൂപത മാതൃ വേദി പ്രസിഡന്റ് ലിസി കുട്ടിയാനിക്കൽ, സംഘാടക സമിതി ജനറൽ കൺവീനർ സജി കരോട്ട്, ചെയർമാൻ ഫാ. സബിൻ തൂമുള്ളിൽ, പ്രോ ലൈഫ് രൂപത പ്രസിഡന്റ് സജീവ് പുരയിടത്തിൽ, കെസിവൈഎം രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, സംഘാടക സമിതി രക്ഷാധികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ എന്നിവർ പ്രസംഗിച്ചു.

ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച റാലിയിൽ അനേകരാണ് അണിചേർന്നത്. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.ചാക്കോ കാളംപറമ്പിൽ, അഗസ്റ്റിൻ പുളിക്കകണ്ടം, സജി കരോട്ട് എന്നിവർ പതാക ഏറ്റുവാങ്ങി. ഫാ.സബിൻ തൂമുള്ളിൽ, ഫാ. മെൽവിൻ വെള്ളക്കാകുടിയിൽ, ബേബി പെരുമാലിൽ, അഭിലാഷ് കുടിപാറ, സജീവ് പുരയിടത്തിൽ ട്രീസ ഞെരളക്കാട്ട്, ഷാജി കണ്ടത്തിൽ, ലിസി കുട്ടിയാനിക്കൽ, അഡ്വ. ജസ്റ്റിൻ പള്ളി വാതുക്കൽ, അമൽ സിറിയക്, അഡ്വ.ബിജു പറയനിലം, രാജീവ് കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.


Related Articles »