Life In Christ

നേഴ്‌സ് ആകണമെന്ന് അന്ന് ആഗ്രഹിച്ചു, എത്തിയത് ഇറ്റാലിയന്‍ പോലീസിലെങ്കിലും ഇന്ന് സമര്‍പ്പിത

പ്രവാചകശബ്ദം 02-06-2022 - Thursday

റോം: അധ്യാപികയോ, നഴ്സോ ആകുവാന്‍ ആഗ്രഹിച്ചുവെങ്കിലും പോലീസില്‍ ചേരുകയും, ഇറ്റാലിയന്‍ പോലീസിലെ ജോലി മതിയാക്കി സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത കന്യാസ്ത്രീയുടെ ജീവിതകഥ വാര്‍ത്തകളില്‍ ഇടം നേടുന്നു. സ്വജീവിതം ദൈവസേവനത്തിനായി സമര്‍പ്പിക്കുകയും അതിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുകയും ചെയ്ത ടോസ്കാ ഫെറാന്റെ എന്ന ഇറ്റാലിയന്‍ കന്യാസ്ത്രീയുടെ സമര്‍പ്പിത ജീവിതത്തിലേക്കുള്ള യാത്രാനുഭവമാണ് വത്തിക്കാന്‍ ന്യൂസിന്റെ ‘സിസ്റ്റേഴ്സ് പ്രൊജക്റ്റ്’ എന്ന പരമ്പരയിലൂടെയാണ് പുറം ലോകത്തു എത്തിയിരിക്കുന്നത്.

ചെറുപ്പത്തില്‍ ഒരു നേഴ്സോ, അധ്യാപികയോ ആവുക എന്നതായിരുന്നു ടോസ്കായുടെ സ്വപ്നം. എന്നാല്‍ മുതിര്‍ന്നപ്പോള്‍ പോലീസ് ഓഫീസര്‍ ആകണമെന്നായി. പോലീസ് ആയതില്‍ സന്തോഷമുണ്ടെങ്കിലും, എന്തോ ഒരു ശൂന്യത തന്നെ അസ്വസ്ഥയാക്കിയിരുന്നെന്നും, ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന ചോദ്യം തന്നെ അലട്ടിയിരുന്നുവെന്നും ടോസ്കാ പറയുന്നു. “എസ്സെര്‍സി സെംപ്രേ” (എപ്പോഴും അവിടെ ഉണ്ടായിരിക്കുക) എന്ന ഇറ്റാലിയന്‍ സ്റ്റേറ്റ് പോലീസിന്റെ മോട്ടോകളില്‍ ഒന്നാണ് ടോസ്കായുടെ ജീവിതത്തിലെ മാറ്റങ്ങളുടെ തുടക്കം. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു അവര്‍ തന്റെ പോലീസ് ദൗത്യം നിര്‍വഹിച്ചിരുന്നത്.

“നിരവധി ദരിദ്രരുടെ മുഖങ്ങള്‍ ഞാന്‍ കണ്ടു. ലഹരിക്കടിമയായവര്‍, വ്യഭിചാരത്തിന് നിര്‍ബന്ധിതരാകുന്ന പെണ്‍കുട്ടികള്‍, അഭയാര്‍ത്ഥി പൌരത്വത്തിനായി കാത്തിരിക്കുന്ന വിദേശികള്‍ - ദാരിദ്ര്യം ശൂന്യത, തിന്മ – ഇവയെല്ലാം ഞാന്‍ കണ്ടു”. ഇതിനിടെ മോഷണം നടത്തിയ പ്രായപൂര്‍ത്തിയാവാത്ത ഒരു പയ്യനുമായുള്ള കൂടിക്കാഴ്ച ടോസ്കായുടെ ജീവിതത്തില്‍ വഴിത്തിരിവായി. ആ സംഭവത്തേക്കുറിച്ച് സിസ്റ്റര്‍ വിവരിക്കുന്നത് ഇങ്ങനെ: “ഞാനും അവനും ഒരു റൂമില്‍ നില്‍ക്കുകയായിരുന്നു. എന്തിനാണ് നീ മോഷ്ടിച്ചതെന്നു ഞാന്‍ ചോദിച്ചപ്പോള്‍, ‘എനിക്ക് പേടിയാകുന്നു. എന്നെ ഒന്ന്‍ ആശ്ലേഷിക്കാമോ’ എന്ന് കരഞ്ഞുകൊണ്ടു തന്നോട് ചോദിച്ചതായി സിസ്റ്റര്‍ ടോസ്കാ പറയുന്നു. ‘എനിക്ക് സാധിക്കില്ല’ എന്ന് മറുപടി പറഞ്ഞുവെങ്കിലും ഒരുപാട് വീട്ടിലെത്തിയ ശേഷം, ‘നീ ആരായി മാറിക്കൊണ്ടിരിക്കുകയാണ്?’ എന്ന ചോദ്യം സിസ്റ്ററുടെ മനസില്‍ ഉയരുന്നുണ്ടായിരിന്നു.

ഉത്ഥിതനായ ക്രിസ്തുവുമായുള്ള യഥാര്‍ത്ഥ കൂടിക്കാഴ്ചയുടെയും, മറ്റുള്ളവരിലേക്ക് ഇറങ്ങിചെല്ലുവാനുമുള്ള തന്റെ ദൈവവിളിയുടെയും തുടക്കം ഇതായിരുന്നെന്നാണ് സിസ്റ്റര്‍ പറയുന്നത്. ജീവിതത്തിലെ ശൂന്യതയ്ക്കുള്ള മറുപടിയെന്നോണം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ടോസ്കാ ‘അപ്പോസ്തോലിന്‍ സിസ്റ്റേഴ്സ് ഓഫ് ദി ഇസ്റ്റിറ്റ്യൂട്ടോ റെജിന ഡെഗ്ലി അപ്പസ്തോലിക് സമൂഹത്തില്‍ ചേര്‍ന്ന് നിരാലംബര്‍ക്കിടയില്‍ സേവനം ആരംഭിക്കുകയായിരിന്നു. പോലീസ് സേനയില്‍ നിന്നും ആത്മീയ ജീവിതത്തിലേക്കുള്ള പരിവര്‍ത്തനം തന്നെ സംബന്ധിച്ചിടത്തോളം അത്ര അസാധാരണമായിരുന്നില്ലായെന്ന് പറഞ്ഞ സിസ്റ്റര്‍, ദൈവം തന്നില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കുവാന്‍ താന്‍ മുന്‍പ് കണ്ടിട്ടുള്ള ആളുകള്‍ തന്നെ സഹായിച്ചുവെന്നും പറയുന്നു.

നാം ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കും നമ്മെ ചുറ്റിപ്പറ്റിയുള്ള ദാരിദ്ര്യത്തിലേക്കും നോക്കുമ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയുന്ന ഒന്നാണ് ദൈവവിളി. പാവപ്പെട്ടവരുടെ മുഖങ്ങളില്‍ താന്‍ ദൈവത്തെ കണ്ടെത്തുകയാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവവിളി, യുവജന അജപാലക മിനിസ്ട്രി എന്നിവയുടെ മേല്‍നോട്ടത്തിനു പുറമേ, ടസ്കാനിയിലെ പ്രായപൂര്‍ത്തിയാകാത്തവരുടെയും, ദുര്‍ബ്ബലവിഭാഗങ്ങളുടേയും സംരക്ഷണത്തിനുള്ള റീജിയണല്‍ സര്‍വ്വീസിന്റെ ഏകോപനവും നിര്‍വഹിക്കുന്ന തിരക്കിലാണ് സിസ്റ്റര്‍ ടോസ്കാ ഇപ്പോള്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 76