Youth Zone

വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസിന്റെ ശവകുടീരം പൊതുദർശനത്തിനായി വീണ്ടും തുറന്നു

പ്രവാചകശബ്ദം 03-06-2022 - Friday

അസീസ്സി: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് ദിവ്യകാരുണ്യ പ്രചരണത്തിനായി ജീവിതം സമര്‍പ്പിക്കുകയും പതിനഞ്ചാം വയസില്‍ മരണമടയുകയും ചെയ്ത വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്‍റെ ശവകുടീരം പൊതുദർശനത്തിനായി വീണ്ടും തുറന്നു. അസീസ്സിയിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനിൽ സ്ഥിതി ചെയ്യുന്ന കബറിടത്തില്‍ ജീൻസും ഷൂസും ധരിച്ചുള്ള കാര്‍ളോയെ ശവകുടീരത്തിന്റെ വ്യൂവിംഗ് ഗ്ലാസിലൂടെ വീണ്ടും കാണാൻ സന്ദര്‍ശകര്‍ക്ക് ഇനി കഴിയും. കാർളോയുടെ ഏതാനും ശരീരഭാഗങ്ങൾ അഴുകിയിട്ടില്ലായെന്നും എന്നാൽ ശരീരം പൂർണമായും അഴുകാത്ത നിലയിലാണെന്ന് പറയാൻ സാധിക്കില്ലെന്നും മുഖ സാദൃശ്യം വീണ്ടെടുക്കാൻ വേണ്ടി ഏതാനും ചില മാറ്റങ്ങൾ ശരീരത്തിൽ വരുത്തിയതായും സാങ്ച്വറി ഓഫ് സ്പോളിയേഷന്റെ റെക്ടർ ഫാ. കാർലോസ് അകാസിയോ ഗോൺസാൽവസ് ഫെരരേര രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരിന്നു.

ഇക്കഴിഞ്ഞ ജൂൺ 1- ന് ആർച്ച് ബിഷപ്പ് ഡൊമെനിക്കോ സോറന്റിനോയാണ് കാര്‍ളോയുടെ ശവകുടീരം മൂടിയ പാനൽ നീക്കം ചെയ്തത്. വിനോദസഞ്ചാരികൾക്കുള്ള മുൻകാല കോവിഡ് യാത്രാ നിയന്ത്രണങ്ങൾ നീക്കിയതോടെ, നിരവധി അന്താരാഷ്ട്ര തീർത്ഥാടകർക്ക് കാര്‍ളോയെ കാണാൻ അവസരം ലഭിക്കും. പ്രാർത്ഥിക്കാൻ വരുന്ന എല്ലാവരും സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് തങ്ങളെത്തന്നെ തുറക്കുകയും വിശ്വാസത്തിന്റെ അഗാധമായ അനുഭവം നേടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്സീസി-നോസെറ അംബ്രാ-ഗുവൽഡോ ടാഡിനോ ആർച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ ഫ്രാൻസിസ് അസ്സീസി തന്റെ സമ്പന്നമായ വസ്ത്രങ്ങൾ ഉപേക്ഷിച്ചതായി പറയപ്പെടുന്ന സ്ഥലത്താണ് കാര്‍ളോയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സാങ്ച്വറി ഓഫ് സ്പോളിയേഷന്‍ സ്ഥിതി ചെയ്യുന്നത്.

കാര്‍ളോ അക്യൂറ്റിസ് എന്ന ഇറ്റാലിയന്‍ ബാലന്റെ ജീവിതം ആരെയും അതിശയിപ്പിക്കുന്നതായിരിന്നു. അനുദിനം വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേക ഉത്സാഹം കാണിച്ചിരുന്ന കാര്‍ളോ, ദിവ്യകാരുണ്യത്തിന്റെ അതീവഭക്തനായിരിന്നു. ചെറുപ്രായത്തില്‍ തന്നെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ കാര്‍ളോയ്ക്ക് അസാമാന്യ കഴിവ് ദൈവം നല്‍കിയിരുന്നു. ഏഴാം വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കാര്‍ളോ ഒരിയ്ക്കലും ദിവ്യബലികള്‍ മുടക്കിയിരിന്നില്ല.

ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലുക്കീമിയ ബാധിച്ച മരണത്തോട് മല്ലിട്ട നാളുകളിൽ തന്റെ സഹനം സഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടിയാണ് കാർളോ കാഴ്ചവച്ചത്. 2006 ഒക്ടോബർ 12നു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2020 ഒക്ടോബർ 10നാണ് കാര്‍ളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »