News

മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ക്രിസ്ത്യാനികളെ തുരുത്താന്‍ ഇറാന്റെ സഹായത്തോടെ 'അദൃശ്യ ജിഹാദ്': റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര മാധ്യമം

പ്രവാചകശബ്ദം 11-06-2022 - Saturday

ടെഹ്റാന്‍: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ ഒത്താശയോടെ ഷിയാ പോരാളികള്‍ നടത്തുന്ന 'അദൃശ്യ ജിഹാദി'നെതിരെ മുന്നറിയിപ്പുമായി പുതിയ റിപ്പോര്‍ട്ട് പുറത്ത്. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഫിലോസ് പ്രൊജക്റ്റ്’ എന്ന സന്നദ്ധസംഘടനയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ 'ഫോക്സ് ന്യൂസാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഖലയില്‍ നിന്നും ക്രിസ്ത്യാനികളെ തുരത്തുവാനുള്ള ശ്രമത്തില്‍ ഇത്തരം പോരാളി സംഘങ്ങള്‍ വിജയിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇറാന്‍ ഭരണകൂടം മധ്യപൂര്‍വ്വേഷ്യയില്‍ മുസ്ലീം ജനസംഖ്യ മാത്രമാണ് വിഭാവനം ചെയ്യുന്നതെന്നും, അതുകൊണ്ടാണ് ഷിയാ പോരാളികള്‍ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ലെബനോന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നതില്‍ ഇറാന്റെ ഷിയാ പോരാളികള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിത കുടിയേറ്റത്തിലൂടെ ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ കുറവുണ്ടാക്കുന്ന അദൃശ്യമായ ജിഹാദാണ് ഇറാന്റെ ഒത്താശയോടെ നടന്നുവരുന്നതെന്ന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫര്‍ഹാദ് റെസായി വ്യക്തമാക്കി. 1950-ല്‍ 54% ഉണ്ടായിരുന്ന ലെബനോനിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2020 ആയപ്പോഴേക്കും 33.7 ശതമാനമായി ചുരുങ്ങിയതില്‍ ഇറാന്‍ അനുകൂലികളായ ഹെസ്ബൊള്ളക്ക് കാര്യമായ പങ്കുണ്ട്.

മദ്യ നിരോധനം, പൊതുസ്ഥലങ്ങളിലെ സ്ത്രീ-പുരുഷ ഇടപഴകലുകള്‍ പരിമിതപ്പെടുത്തല്‍, വസ്ത്രധാരണത്തിലെ നിയന്ത്രണം പോലെയുള്ള കര്‍ക്കശ നിയമങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങളെയും ഹിസ്‌ബൊള്ള നിരീക്ഷിച്ചിരുന്നു. ലെബനോനിലെ ക്രിസ്ത്യാനികളുടെ ഭൂസ്വത്തിലും കുറവുവന്നിട്ടുണ്ട്. ഹിസ്‌ബൊള്ളയുടെ സഹകരണത്തോടെയുള്ള ഭൂമി ഒഴിപ്പിക്കലും, പുറത്താക്കലും കാരണം നല്ലൊരു ശതമാനം ഭൂമി ക്രിസ്ത്യാനികള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. 2003-ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചതിന് ശേഷം നിരവധി പോരാളി സംഘടനകളെ ഉണ്ടാക്കിയെടുക്കുവാന്‍ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ‘കുഡ്സ് ഫോഴ്സ്’ന് കഴിഞ്ഞിട്ടുണ്ട്.

കൊലപാതകം, കവര്‍ച്ച, മാനഭംഗപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വഴി ക്രിസ്ത്യാനികളെ ബാഗ്ദാദില്‍ നിന്നും തുരത്തിയതിനേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലാകട്ടെ 2011-ല്‍ അസദ് ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനരോഷത്തിന് ശേഷം ഷിയാ ലിബറേഷന്‍ ആര്‍മിയുടെ കീഴില്‍ നിരവധി പോരാളി സംഘങ്ങളെ ഉണ്ടാക്കിയെടുക്കുവാന്‍ ‘ഐ.ആര്‍.ജി.സി’ക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നീട് വന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ 70% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഇറാന്റെ കുത്സിത പ്രവര്‍ത്തനങ്ങളേയും, ഐ.ആര്‍.ജി.സി കമാന്‍ഡര്‍മാരേയും നിരോധിക്കണമെന്ന്‍ സിറിയന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോടും, ഇറാന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ ഒരു റിപ്പോര്‍ട്ടറെ ചുമതലപ്പെടുത്തുവാന്‍ ഐക്യരാഷ്ട്രസഭയോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. തീവ്ര മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായ മതപീഡനം നടക്കുന്നുണ്ടെന്ന കണ്ടെത്തലുമായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »