Faith And Reason - 2025

ഭ്രൂണഹത്യ തെറ്റ്, ദൈവം പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് തന്റെ അഭിപ്രായം: ട്വീറ്റുമായി മുന്‍ യു‌എസ് ഫുട്ബോള്‍ പരിശീലകന്‍

പ്രവാചകശബ്ദം 18-07-2022 - Monday

വാഷിംഗ്ടണ്‍ ഡി‌സി: പിറന്നുവീഴുന്നതിന് മുന്‍പേ തന്നെ കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന ഭ്രൂണഹത്യ സംബന്ധിച്ച ചര്‍ച്ചകള്‍ അമേരിക്കയില്‍ ശക്തമായി തുടരുന്നതിനിടയില്‍ ഭ്രൂണഹത്യയ്ക്കതിരെ പ്രമുഖ അമേരിക്കന്‍ ഫുട്ബോള്‍ ക്ലബ്ബായ ഇന്ത്യാനപോളിസ് കോള്‍ട്ട്സിന്റെ മുന്‍ കോച്ച് ടോണി ഡങ്കി നടത്തിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. ''ഭ്രൂണഹത്യയെ ഞാന്‍ എതിര്‍ക്കുന്നു, കാരണം ദൈവം പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് എന്റെ അഭിപ്രായ''മെന്നാണ് ഡങ്കിയുടെ ട്വീറ്റില്‍ പറയുന്നത്. അമ്മയുടെ ഉദരത്തില്‍ കിടക്കുമ്പോള്‍ തന്നെ കുരുന്നുകള്‍ അമൂല്യമായ ജീവനാണെന്ന് വിശ്വസിക്കുകയും, അവരെ സംരക്ഷിക്കുവാന്‍ ഏതറ്റംവരേയും പോകുന്ന നിരവധി സംസ്ഥാനങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അവകാശങ്ങള്‍ ഉണ്ടോ? എന്നതാണ് ചോദ്യം. അതൊരു ജീവനാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അതിന് യാതൊരു അവകാശവുമില്ല. പക്ഷേ അതിന് ജീവനുണ്ടെന്നു നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ അതിന് അവകാശങ്ങളുണ്ട്. ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ഉദരഫലത്തിന് ജീവനുണ്ടെന്ന് വിശ്വസിക്കുന്ന 38 സംസ്ഥാനങ്ങളില്‍ ശക്തമായ അബോര്‍ഷന്‍ നിയമങ്ങളുണ്ടെന്നും ഡങ്കിയുടെ ജൂലൈ 11-ലെ ട്വീറ്റില്‍ പറയുന്നു. ട്വീറ്റിന് ലഭിച്ച കമന്റുകള്‍ക്ക് ഡങ്കി നല്‍കിയ മറുപടിയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

ബൈബിള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിക്കപ്പെട്ടതായതിനാല്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നത് ശരിയല്ലെന്ന് കമന്റ് ചെയ്ത ഒരു വ്യക്തിക്ക്, “ആളുകള്‍ പ്രചരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ചല്ല മറിച്ച് ദൈവം പറഞ്ഞിട്ടുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്റെ അഭിപ്രായം” എന്നാണ് അദ്ദേഹം മറുപടി കൊടുത്തത്. വിശുദ്ധ ലിഖിതങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ ജീവന്‍ ആരംഭിക്കുന്നു എന്നതിനെ കുറിച്ച് ബൈബിളില്‍ ഒന്നുംതന്നെ പറയുന്നില്ലെന്ന് വരുത്തിതീര്‍ക്കുവാന്‍ ശ്രമിച്ച വ്യക്തിക്ക് ഡങ്കി കൊടുത്ത മറുപടിയും ശ്രദ്ധ നേടുന്നുണ്ട്.

“അതേ, ജെറമിയയെ രൂപപ്പെടുത്തുന്നതിന് മുന്‍പേ തന്നെ തനിക്കറിയാമായിരുന്നു എന്ന് ദൈവം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അമ്മയുടെ ഉദരത്തിലാണ് ഞാന്‍ നിന്നെ രൂപപ്പെടുത്തിയതെന്ന് അഞ്ചാം വാക്യത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കുരുന്നുജീവനുകള്‍ക്ക് ഒരുപാട് അവകാശങ്ങള്‍ ഉണ്ട്. ദൈവമാണ് കുഞ്ഞിനെ രൂപപ്പെടുത്തിയത്, മനുഷ്യനല്ല. മറ്റ് രണ്ട് ഖണ്ഡികകളും നിങ്ങള്‍ വായിച്ചില്ലേ?” എന്നായിരുന്നു ഡങ്കിയുടെ മറുപടി. കളിക്കളത്തിലെ എതിരാളികളോട് കാട്ടുന്ന അതേ ആവേശത്തോടെ തന്നെയാണ് ജീവന്റെ മഹത്വത്തിനും ക്രിസ്തീയ വിശ്വാസത്തിനും വേണ്ടി അദ്ദേഹം നിലകൊണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »