News - 2025

പ്രതിരോധിക്കാൻ ശബ്ദമില്ലാത്ത ഗര്‍ഭസ്ഥ ശിശുക്കളെ കുറിച്ച് ബൈഡന്‍ ചിന്തിക്കണം: യുഎസ് മെത്രാൻ സമിതി

പ്രവാചകശബ്ദം 08-08-2022 - Monday

വാഷിംഗ്ടണ്‍ ഡി‌സി: പ്രതിരോധിക്കാൻ ശേഷിയും, ശബ്ദവും ഇല്ലാത്ത മനുഷ്യജീവനകളെ നശിപ്പിക്കുന്നത് സുഗമമാക്കുന്നതിന് പകരം അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും നൽകിവരുന്ന സഹായവും, പരിചരണവും വർദ്ധിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ബൈഡനോടും, തെരഞ്ഞെടുക്കപ്പെട്ട മറ്റു ജനപ്രതിനിധികളോടും വീണ്ടും ആവശ്യപ്പെടുകയാണെന്ന് യുഎസ് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മറ്റി. ഭ്രൂണഹത്യ നിരോധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഭ്രൂണഹത്യ ചെയ്യാൻ പോകുന്ന സ്ത്രീകൾക്ക് വേണ്ടി മെഡികേയ്ഡിൽ നിന്നും പണം വിനിയോഗിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഓഗസ്റ്റ് അഞ്ചാം തീയതി മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി പ്രസ്താവന ഇറക്കിയത്.

അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും നൽകിവരുന്ന സഹായം വർദ്ധിപ്പിക്കാൻ ബിഷപ്പ് ഭരണകൂടത്തോട് ആഹ്വാനം ചെയ്തു. സഹായം ആവശ്യമുള്ള അമ്മമാരോടൊപ്പം നിൽക്കാനും, അവരെയും, അവരുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കാനും ഡോബ്സ് വെസ് ജാക്സൺ കേസിലെ വിധി പ്രസ്താവന വരുന്നതിനു മുന്‍പേ തന്നെ താനും, സഹമെത്രാന്മാരും രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ സുപ്രീം കോടതി ഡോബ്സ് വെസ് ജാക്സൺ കേസിലെ വിധിയിലൂടെ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിക്ക് ഭരണഘടനാപരമായ സാധുത ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. അമ്മമാർക്ക് പിന്തുണ നൽകേണ്ടതും, ജീവന്റെ സംസ്കാരം പണിയപ്പെടേണ്ടതുമായ ഈ ഘട്ടത്തിൽ ഭ്രൂണഹത്യയ്ക്ക് പ്രചാരണം നൽകുന്നത് തെറ്റായിട്ടുള്ള കാര്യമാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

ഹൈഡ് ഭരണഘടനാ ഭേദഗതി പ്രകാരം അമേരിക്കയിൽ വളരെ ചുരുക്കം ചില സാഹചര്യങ്ങളിൽ ഒഴിച്ച് ഫെഡറൽ തലത്തിൽ ഭ്രൂണഹത്യക്കുവേണ്ടി സഹായം നൽകുന്നത് നേരത്തെ തന്നെ നിരോധിച്ചിരുന്നു. അതിനാൽ തന്നെ ഭരണഘടനാ ഭേദഗതിയെ മറികടന്ന് മെഡികേയ്ഡിലൂടെ എങ്ങനെ ഭ്രൂണഹത്യയ്ക്ക് സഹായം നൽകുമെന്ന കാര്യം വ്യക്തമല്ല. പ്രോലൈഫ് സംഘടനകളും പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് വന്നതിനുശേഷം ഇത് രണ്ടാമത്തെ തവണയാണ് ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »