Youth Zone
ജനിതക ശാസ്ത്രത്തിന്റെ പിതാവ് ഫാ. ഗ്രിഗര്‍ മെൻഡലിന്റെ ഇരുനൂറാം ജന്മദിനം ഇന്ന്
പ്രവാചകശബ്ദം 20-07-2022 - Wednesday
വിയന്ന: പയർ ചെടികളിൽ നടത്തിയ ഗവേഷണം വഴി ലോക പ്രസിദ്ധി നേടുകയും ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്ത ഫാ. ഗ്രിഗര്‍ മെൻഡലിന്റെ ഇരുനൂറാം ജന്മദിനം ഇന്ന്‍. 1822 ജൂലൈ 20നു ഓസ്ട്രിയയിലാണ് ഒരേസമയം ശാസ്ത്രജ്ഞനും വൈദികനുമായി ലോകത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ഗ്രിഗര്‍ മെൻഡലിന്റെ ജനനം. പയറുചെടികളിൽ ചില സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തിയ അദ്ദേഹം, ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെട്ടു. സ്വഭാവവിശേഷങ്ങളുടെ ഈ കൈമാറ്റം, ചില പ്രത്യേക നിയമങ്ങൾ പിന്തുടരുന്നുവെന്ന് മെൻഡൽ തെളിയിച്ചു. ഈ നിയമങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ പേരിനെ ആശ്രയിച്ച് "മെൻഡലീയ നിയമങ്ങൾ"(Mendelian Laws) എന്ന് അറിയപ്പെടാൻ തുടങ്ങി.
ആസ്ട്രിയയിലെ ഒരു കാർഷിക കുടുംബത്തിലായിരിന്നു ജോൺ ഗ്രിഗോർ മെൻഡലിന്റെ ജനനം. ആന്റൻ മെൻഡലും റോസീൻ മെൻഡലും ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. തികഞ്ഞ കത്തോലിക്ക വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്ന കുടുംബത്തിൽ ജനിച്ച്, ചിട്ടയും പരിശീലനവും നേടിയ അദ്ദേഹം കുടുംബത്തിന്റെ വകയായിരുന്ന കൃഷിയിടത്തിൽ താമസിച്ചും ജോലി ചെയ്തും തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയി. വൈദികനാകാനായിരിന്നു അദ്ദേഹത്തിന്റെ താല്പര്യം. ഒരു നല്ല ഭാവിയെ മുന്നിൽ കണ്ട് അഗസ്റ്റീനിയൻ അബിയിൽ പ്രവേശിക്കുവാൻ അദ്ദേഹം തീരുമാനിച്ചു.
തന്നെ ഭൗതികശാസ്ത്ര പഠിപ്പിച്ച ഒരു അഗസ്റ്റീനിയൻ വൈദികന്റെ അഭിപ്രായ പ്രകാരം ഇരുപത്തി ഒന്നാമത്തെ വയസ്സിൽ, 1843-ൽ ബായിലെ സെന്റ് തോമസ് അഗസ്റ്റീനിയൻ ആശ്രമത്തില്‍ അദ്ദേഹം ചേർന്നു. ആശ്രമത്തോട് ചേർന്നതോടെ ഗ്രിഗോർ എന്ന ഔദ്യോഗിക നാമവും സ്വീകരിച്ചു. കുട്ടിക്കാലം മുതലെ കൃഷികാര്യങ്ങളിൽ തല്പരനായിരുന്ന മെൻഡൽ വൈദിക പഠനത്തോടാപ്പം കൃഷിപഠനവും നടത്തി.
ശാസ്ത്രവിഷയങ്ങളിൽ ആ കൊച്ചച്ചനുണ്ടായിരുന്ന പ്രകടമായ അഭിരുചി പരിഗണിച്ച് ആശ്രമാധികൃതര്‍ അദ്ദേഹത്തിന് വിയന്ന സർവ്വകലാശാലയിൽ രണ്ടു വർഷത്തെ ഉപരിപഠനത്തിനുള്ള അനുമതി നൽകി (1851-53). അവിടെ ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിത തത്ത്വശാസ്ത്രം, സസ്യശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം എന്നിവയിൽ അദ്ദേഹം പരിശീലനം നേടി. അനിതരസാധാരണമായ ബുദ്ധി വൈഭവവും, ഊർജ്ജവും സിദ്ധിയായുണ്ടായിരുന്ന ഗ്രിഗര്‍ മെന്‍ഡല്‍ ചെടികളിലെ ഇണചേർക്കൽ പരീക്ഷണങ്ങളിലൂടെ മുന്തിയ തരം പഴവർഗ്ഗങ്ങളും പച്ചക്കറികളും രൂപപ്പെടുത്തിയെടുത്തു.
അഗസ്റ്റീനിയന്‍ വസ്ത്രധാരിയായി അടുക്കളത്തോട്ടത്തിൽ ചുറ്റി നടക്കുന്ന അവസരത്തിൽ ചെടികൾ ഉൾപ്പെടെയുള്ള ജീവികളുടെ പാരമ്പര്യ ഘടകങ്ങളുടെ പിൻതുടർച്ചാ വ്യവസ്ഥയെപ്പറ്റി കൂലങ്കുഷമായി അദ്ദേഹം ചിന്തിച്ചിരുന്നു. പല പരീക്ഷണങ്ങൾ നടത്തിയും ആയിരക്കണക്കിനു വിത്തുകൾ അപഗ്രഥനം ചെയ്തും, ചെടികളെ ശുശ്രൂഷിച്ചും നിരീക്ഷിച്ചും ഗവേഷണ ഫലങ്ങൾ സൃഷ്ടിച്ചു. ഉദ്യാന സസ്യങ്ങളിലും ഇതര ചെടികളിലും ഏതു തരത്തിലുള്ള പൂക്കളും കായ്കളും ഉല്പാദിപ്പിക്കപ്പെടുമെന്ന് പ്രവചിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
സ്വപിതാവിന്റെ കൃഷിയിടത്തിൽ നിന്നും ഫലോദ്യാനത്തിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും ആശ്രമത്തിലെ ഗ്രന്ഥശാലയിൽ ഉണ്ടായിരുന്ന സസ്യശാസ്ത്ര സംബന്ധമായ ശേഖരങ്ങളും അദ്ദേഹത്തിന്റെ ശാസ്ത്രാന്വേഷണ ചാതുര്യത്തിന് മാറ്റുകൂട്ടി. ഒൻപത് (1854-1863) വർഷം അനുസ്യൂതമായി നീണ്ടു നിന്ന അവിശ്രാന്തമായ പയറുചെടി ഗവേഷണമാണ് മെൻഡലിനെ പ്രശസ്തിയുടെയും പെരുമയുടെയും കൊടുമുടിയിലേയ്ക്ക് (മരണാനന്തരമാണെങ്കിലും) കൈപിടിച്ചുയർത്തിയത്. പിൻതുടർച്ചാ വ്യവസ്ഥയുടെ നിഗൂഢ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുവാനും, അവയുടെ സങ്കീർണ്ണതയുടെ ചുരുൾ അഴിക്കുവാനും അദ്ദേഹത്തിനു സാധിച്ചു.
1865 ഫെബ്രുവരി 8, ബുധനാഴ്ച ബൺ പ്രകൃതി സമിതിയുടെ ശൈത്യകാല സമ്മേളനത്തിലാണ് ഫാ. ഗ്രിഗർ മെൻഡൽ തന്റെ പഠന റിപ്പോർട്ട് ആദ്യം അവതരിപ്പിച്ചത്. ഇപ്പോൾ ഒരു ആധികാരിക ഗവേഷണമായി ആദരിക്കപ്പെടുന്ന ഈ പ്രബന്ധത്തിന് വളരെ അധികം നിശിതവിമർശനങ്ങൾ അക്കാലത്ത് നേരിടേണ്ടിവന്നിട്ടുണ്ട്. ഫാ. മെൻഡൽ അന്നത്തെ 39 പ്രശസ്ത ശാസ്ത്രജ്ഞന്മാർക്ക് തന്റെ പ്രബന്ധത്തിന്റെ പതിപ്പുകൾ അയച്ചു കൊടുത്തിരുന്നു. താമസിച്ചാണെങ്കിലും ഇവയിൽ ഒരെണ്ണത്തിനു മാത്രമേ പ്രതികരണം ലഭ്യമായുള്ളൂ. അത് മ്യൂണിച്ച് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന നഗിലിയുടെ കത്തായിരുന്നു.
ഗ്രിഗർ മെൻഡലിന്റെ പ്രബന്ധാവതരണം നടന്നതിനുശേഷം 35 സംവത്സരങ്ങൾ തികഞ്ഞ അവഗണനയായിരുന്നു ഈ പ്രബന്ധത്തിന് എന്നത് ചരിത്രം. പിന്നീട് 1865-ൽ ഡീവീസ്, കോറൻസ്, ഷെർമാർക്ക് എന്നീ മൂന്നു. ശാസ്ത്രകാരന്മാർ പരസ്പരം അറിയാതെ ഒരേ കാലയളവിൽ മെൻഡൽ പ്രബന്ധത്തെയും അതിന്റെ പ്രസക്തിയെയും വീണ്ടെടുക്കുകയായിരുന്നു. അങ്ങിനെയാണ് മെൻഡൽ തത്ത്വങ്ങൾ പാരമ്പര്യത്തെപ്പറ്റിയുള്ള മൂലസൂക്തങ്ങൾ എന്ന നിലയ്ക്ക് ജീവശാസ്ത്രത്തിന്റെ അറിവിലേയ്ക്കുള്ള ഒരു സുപ്രധാന വഴിത്താരയായത്.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. മാത്യൂസ് ഗ്ലോറി)
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക