India - 2024

തീരദേശ ജനതയ്ക്കു വേണ്ടി പ്രതിഷേധ മാർച്ചില്‍ അണിനിരന്നത് നൂറ്റിഎണ്‍പതോളം വൈദികരും മെത്രാന്‍മാരും

പ്രവാചകശബ്ദം 21-07-2022 - Thursday

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തീരദേശ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ മാർച്ചില്‍ അണിനിരന്ന് നൂറ്റിഎണ്‍പതോളം വൈദികരും മെത്രാന്‍മാരും. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം കാരണം പനത്തുറ മുതൽ വലിയവേളി വരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരശോഷണത്തിന് പരിഹാരം കാണുക, കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട് ക്യാംപുകളിൽ കഴിയുന്നവർക്കു നഷ്ടപരിഹാര തുക നൽകി പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സമരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ ഉദ്ഘാടനം ചെയ്തു. വാഗ്ദാനലംഘനം നടത്തി ഇനിയും മുന്നോട്ട് പോകാൻ കഴിയില്ല. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി.

വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരശോഷണത്തിന് പരിഹാരം കാണണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. തീരശോഷണം മൂലം തദ്ദേശവാസികളുടെ വീടും മത്സ്യബന്ധന ഉപകരണങ്ങളും എല്ലാം നശിക്കുകയാണ്. കടൽക്ഷോഭത്തിൽ വീട് തകർന്നു ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസം നടപ്പിലാക്കാൻ തയാറാകുന്നില്ല. ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ നൽകുന്ന വാഗ്ദാനങ്ങൾ അല്ലാതെ നടപടികൾ ഉണ്ടാകുന്നില്ല. ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെ ആരംഭിക്കുമെന്നും ഡോ. തോമസ് ജെ നേറ്റോ പറഞ്ഞു...

സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേസ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയസമയത്ത് കേരളത്തിന്റെ സൈന്യം എന്നൊക്കെ പറഞ്ഞ് ബിഗ് സല്യൂട്ട് നൽകിയ സർക്കാർ സംവിധാനങ്ങൾ ഇന്ന് മത്സ്യത്തൊഴിലാളികളുടെ നിസ്സഹായ അവസ്ഥയ്ക്ക് നേരെ മുഖം തിരിക്കുകയാണെന്ന് അതിരൂപത വികാരി ജനറലും സമരത്തിന്റെ കൺവീനറുമായ മോൺ. യൂജിൻ എച്ച്.പേരേര പറഞ്ഞു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് സമരങ്ങളും ധർണ്ണകളും പട്ടിണി സമരങ്ങളും പുത്തരിയല്ലെന്ന് ഫാ.തിയോഡിഷ്യസ്സ് പറഞ്ഞു. സമരം ഇന്നും തുടരുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »