News - 2024

ബാഗ്ദാദില്‍ ആക്രമണം നടത്തിയവരോട് ക്ഷമിക്കുവാന്‍ കല്‍ദായന്‍ കത്തോലിക്ക പാത്രീയാര്‍ക്കീസ് ലൂയിസ് സാക്കോന്റെ ആഹ്വാനം

സ്വന്തം ലേഖകന്‍ 12-07-2016 - Tuesday

ബാഗ്ദാദ്: കഴിഞ്ഞയാഴ്ച ഇറാഖില്‍ നടന്ന തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്തവരോട് ക്ഷമിക്കുവാന്‍ കല്‍ദായന്‍ കത്തോലിക്ക പാത്രീയാര്‍ക്കീസ് ലൂയിസ് സാക്കോന്റെ ആഹ്വാനം. ജൂലൈ മൂന്നാം തീയതി ബാഗ്ദാദില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 290 പേര്‍ കൊല്ലപ്പെടുകയും, 200-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ അനുസ്മരിക്കുവാന്‍ വേണ്ടി നടത്തിയ പ്രാര്‍ത്ഥനയിലാണ് പാത്രീയാര്‍ക്കീസ് ലൂയിസ് സാക്കോ അക്രമികളോട് എല്ലാവരും ക്ഷമിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

"നമ്മള്‍ ഇന്ന് നടത്തുന്ന പ്രാര്‍ത്ഥനയ്ക്കു ആത്മീയ തലത്തിലും രാജ്യസ്‌നേഹ തലത്തിലും സാമൂഹിക തലത്തിലും പ്രാധാന്യമുണ്ട്. ബാഗ്ദാദിലെ തീവ്രവാദി ആക്രമണം ഇറാഖിലെ ഈദ് ആഘോഷങ്ങളെ ദുഃഖപൂര്‍ണ്ണമാക്കി. ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ഈ വേളയെ കരച്ചിലിനായി മാറ്റിവയ്‌ക്കേണ്ടി വന്ന മുസ്ലീം സഹോദരങ്ങളെ ഓര്‍ക്കുന്നു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ദൈവം അവരെ ആശ്വസിപ്പിക്കട്ടെ" പാത്രീയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇത്തരം ക്രൂരതകള്‍ മതവിശ്വാസികളായ സാധാരണ മുസ്ലീങ്ങളേയും ക്രൈസ്തവരേയും യസീദികളേയും കൊലപ്പെടുത്തുകയാണെന്നും പാത്രീയാക്കീസ് ആരോപിച്ചു. നിരപരാധികളെ കൊല്ലുന്നതു മൂലം ആര്‍ക്കും സ്വര്‍ഗം ലഭിക്കുകയില്ലെന്നും ഇത്തരക്കാര്‍ക്ക് നരകം മാത്രമേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"നമുക്ക് ഒരുമിച്ച് നമ്മുടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രാര്‍ത്ഥിക്കാം. സര്‍ക്കാരും രാഷ്ട്രീയനേതാക്കളും ഒരുമിച്ച് ഒരു മനസോടെ പ്രവര്‍ത്തിച്ചാല്‍ ഐഎസ് തീവ്രവാദികളുടെ ക്രൂരതയില്‍ നിന്നും രാജ്യത്തെ നിഷ് പ്രയാസം മോചിപ്പിക്കുവാന്‍ സാധിക്കും. ഇറാഖികള്‍ക്ക് സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും മുന്നോട്ട് ജീവിക്കുവാന്‍ വഴിതെളിക്കുന്ന പരിഹാരങ്ങള്‍ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് കണ്ടെത്തുവാന്‍ കഴിയണം". പാത്രീയാര്‍ക്കീസ് ലൂയി സാക്കോസ് പറഞ്ഞു.