India - 2024

ചങ്ങനാശേരി അതിരൂപത മിഷൻ ലീഗിന്റെ അൽഫോൻസ തീര്‍ത്ഥാടനം നാളെ

പ്രവാചകശബ്ദം 05-08-2022 - Friday

കുടമാളൂർ: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിലേക്കും നാളെ നടത്തുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കുടമാളൂർ മേഖലാ ഡയറക്ടർ ഫാ. ജോയൽ പുന്നശേരി അറിയിച്ചു. തീർത്ഥാടനദിനത്തിൽ കുടമാളൂർ ദേവാലയത്തിൽ എത്തിച്ചേരുന്ന എല്ലാ ഭക്ത ജനങ്ങൾക്കും നേർച്ച ഭക്ഷണം വിതരണം ചെയ്യുന്നത്തിനുള്ള ക്രമീകരണം പൂർത്തിയായതായി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ. മാണി പുതിയിടവും അറിയിച്ചു.

ഇന്നു വൈകുന്നേരം 4.30ന് മിഷൻലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന ആർപ്പൂക്കര ചെറുപുഷ്പ ദേവാലയത്തിൽ അതിരൂപത ഡയറക്ടർ ഫാ. ജോഷി പാണംപറമ്പിലിന്റെയും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് ഈറ്റോവിലിന്റെയും നേതൃത്വത്തിൽ പ്രാർത്ഥനയും പതാക കൈമാറൽ ചടങ്ങും ഉണ്ടായിരിക്കും. ചടങ്ങിൽ അതിരൂപത ഓർഗനൈസിംഗ് പ്രസിഡന്റ് സിജോ ആന്റണി, ഓർഗനൈസിംഗ് സെക്രട്ടറി ടിൻഡോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കുടമാളൂർ മേഖലാ പ്രസിഡന്റ് പതാക ഏറ്റുവാങ്ങി അൽഫോൻസാ ഗൃഹത്തിലേക്ക് റാലിയായി എത്തി അതിരൂപതാ പ്രസിഡന്റിനു കൈമാറി പതാക ഉയർത്തും. തുടർന്ന് 5.30ന് ഫാ. ആന്റണി കാട്ടുപ്പാറയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടി തീർത്ഥാടനത്തിന് തുടക്കമാകും.


Related Articles »