India - 2024
സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ധന്യയായി പ്രഖ്യാപിച്ചു
07-08-2022 - Sunday
കണ്ണൂർ: ഉർസുലൈൻ സന്യാസിനീ സമൂഹാംഗം സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ധന്യയായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്നു. ഇതോടെ സിസ്റ്റർ മരിയ സെലിൻ വിശുദ്ധ പദവിയിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്. വ്രതവാഗ്ദാനം ചെയ്ത് കേവലം 35 ദിവസം മാത്രം ജീവിക്കുകയും സന്യാസിനീ സമൂഹത്തിൽ കേവലം മൂന്നു വർഷം മാത്രം ജീവിക്കുകയും ചെയ്ത സിസ്റ്റർ മരിയ സെലിന്റെ ധന്യപദവി പ്രഖ്യാപനം ഏറെ ആഹ്ലാദത്തോടെയാണ് ഉർസുലൈൻ സന്യാസിനീ സമൂഹം സ്വീകരിച്ചത്.
തൃശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവകയിലെ കണ്ണനായ്ക്കൽ ഫ്രാൻസിസിന്റെയും ഫിലോമിനയുടെയും രണ്ടാമത്തെ മകളായി 1931 ഫെബ്രുവരി 13നാണ് സിസ്റ്റർ മരിയ സെലിൻ ജനിച്ചത്. അധ്യാപികയായിരുന്ന സിസ്റ്റർ മരിയ സെലിൻ ജോലി രാജിവച്ച് 1954 ജൂൺ 24നാണ് ഉർസുലൈൻ സഭയിൽ ചേർന്നത്. 1957 ജൂൺ 20നായിരുന്നു വത വാഗ്ദാനം. 1957 ജൂലൈ 25ന് തന്റെ 26-ാമത്തെ വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
2007 ജൂലൈ 29ന് സിസ്റ്റർ സെലിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. 2012 ഫെബ്രുവരി 29ന് സഭ ദൈവദാസി പദവിയിലേക്ക് ഉയർത്തി. കണ്ണൂർ പയ്യാമ്പലത്തെ ഉര്‍സുലൈന്‍ പ്രോവിൻസ് പാപ്പലിലാണ് സിസ്റ്റർ മരിയ സെലിന്റെ കബറിടം സ്ഥിതിചെയ്യുന്നത്. ധന്യപദവി പ്രഖ്യാപനം സംബന്ധിച്ച ആഘോഷം പിന്നീട് കണ്ണൂരിൽ നടക്കുമെന്ന് ഉർസുലൈൻ സന്യാസിനീ സമൂഹ നേതൃത്വം അറിയിച്ചു.