India - 2025
ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 99-ാം ചരമവാർഷികം നാളെ
പ്രവാചകശബ്ദം 31-05-2024 - Friday
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനും ആരാധന സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 99-ാം ചരമവാർഷികം അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മെത്രാപ്പോലീത്തൻ കബറിടപള്ളിയിൽ ഭക്തിനിർഭരമായ തിരുക്കർമങ്ങളോടെ നാളെ ആചരിക്കും. രാവിലെ ആറിന് അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ജോമോൻ പുത്തൻപറമ്പ് സിഎംഐ, ഫാ. റ്റിൻസൺ നടുത്തുരുത്തേൽ തുടങ്ങിയവർ സഹകാർമികത്വം വഹിക്കും.
7.30ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. ജോസഫ് കൊല്ലാറ, ഫാ.ടോണി കരിക്കണ്ടത്തിൽ എന്നിവർ സഹകാർമികത്വം വഹിക്കും. 10.30 ന് രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് പരിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. വികാരി ജനറാൾ ഫാ. ജോസഫ് വാണിയപുരയ്ക്കൽ, ഫാ പോൾ പ്ലാക്കൽ, ഫാ. ആന്റണി കൂട്ടുങ്കൽ, ഫാ. ലിപിൻ തുണ്ടുകളം തുടങ്ങിയവർ സഹകാർമികത്വം വഹിക്കും.
മാർ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദിയുടെ ഉദ്ഘാടനവും മാർ പോൾ ആലപ്പാട്ട് നിർവഹിക്കും. ചരമ ശതാബ്ദി ദീപം ബിഷപ്പിൽ നിന്നും സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ ഏറ്റുവാങ്ങും. തുടർന്ന് വിവിധ പ്രോവിൻഷ്യൽമാർ ദീപം സുപ്പീരിയർ ജനറലിൽ നിന്നും ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12.30 ന് നേർച്ചസദ്യയുടെ വെഞ്ചരിപ്പുകർമം നടക്കും. അയ്യായിരത്തോളം പേർക്കുള്ള നേർച്ചസദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്.