Life In Christ

പ്രാര്‍ത്ഥനയിലൂടെയാണ് വളര്‍ന്നത്, കത്തോലിക്ക വിശ്വാസമാണ് എന്നെ നയിക്കുന്നത്: ഹോളിവുഡ് നടി നിക്കോളെ കിഡ്മാന്‍

പ്രവാചകശബ്ദം 11-08-2022 - Thursday

കാലിഫോര്‍ണിയ: തന്റെ കത്തോലിക്ക വിശ്വാസം വീണ്ടും പരസ്യമാക്കിക്കൊണ്ട് ഓസ്കാര്‍ അവാര്‍ഡ് ജേതാവും, പ്രശസ്ത അമേരിക്കന്‍ - ഓസ്ട്രേലിയന്‍ നടിയും നിര്‍മ്മാതാവുമായ നിക്കോള്‍ കിഡ്മാന്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുന്നു. പ്രശസ്ത അമേരിക്കന്‍ മാസികയായ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് കിഡ്മാന്‍ തന്റെ വിശ്വാസത്തേക്കുറിച്ച് പറഞ്ഞത്. പ്രാര്‍ത്ഥനയിലൂടെയാണ് താന്‍ വളര്‍ന്നതെന്ന്‍ പറഞ്ഞ കിഡ്മാന്‍ കത്തോലിക്കാ വിശ്വാസമാണ് തന്നെ നയിക്കുന്നതെന്നും, താന്‍ പതിവായി ദേവാലയത്തില്‍ പോകുവാനും കുമ്പസാരിക്കുവാനും ശ്രമിക്കാറുണ്ടെന്നും, ദൈവ വിശ്വാസത്തിന്റെ പേരില്‍ പലപ്പോഴും തന്റെ സുഹൃത്തുക്കള്‍ തന്നെ കളിയാക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍-ഓസ്ട്രേലിയന്‍ സംഗീതജ്ഞനും, ഗായകനുമായ കെയിത്ത് ഉര്‍ബനേയാണ് കിഡ്മാന്‍ വിവാഹം ചെയ്തിരിക്കുന്നത്. നിക്കോള്‍-കെയിത്ത് ദമ്പതികള്‍ക്ക് 4 മക്കളാണ് ഉള്ളത്. തങ്ങളുടെ കുട്ടികളേയും ക്രിസ്തു വിശ്വാസത്തിലാണ് വളര്‍ത്തുന്നത്, തന്റെ ഭര്‍ത്താവായ കെയിത്തിന് വിശ്വാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ അമ്മൂമ്മ അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ്. ഇത് കേവലവാദമാണെന്ന് ഞാന്‍ പറയില്ല. ഇതൊരു നിരന്തരമായ ചോദ്യം ചെയ്യലാണ്, ഞാന്‍ ഇച്ഛാശക്തിയുള്ളവളും പോരാടുന്നവളുമാണ്. ആരേയും വിധിക്കാതിരിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും സഹിഷ്ണുതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തന്റെ പിതാവ് പറയാറുണ്ടെന്നും കിഡ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല കിഡ്മാന്‍ തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നത്. 2018-ല്‍ പ്രമുഖ അമേരിക്കന്‍ വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലും കിഡ്മാന്‍ തന്റെ ദൈവ വിശ്വാസത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിന്നു. 'ഞാന്‍ ദൈവത്തില്‍ പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നു'. ഒരു കന്യാസ്ത്രീ ആവുക എന്ന ആശയത്തോട് താല്‍പര്യമുണ്ടായിരിന്നുവെന്നും ആ പാതയില്‍ പോയില്ലെങ്കിലും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ടെന്നും കിഡ്മാന്‍ പറഞ്ഞു. 55 കാരിയായ കിഡ്മാന്‍ ഇപ്പോഴും ഹോളിവുഡില്‍ സജീവമാണ്. ഒരു കാലത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ചിരുന്ന നടിയായ കിഡ്മാന് ഓസ്കാറിന് പുറമേ, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡും, രണ്ട് പ്രൈം ടൈം എമ്മി അവാര്‍ഡുകളും, ആറ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ‘ഫാര്‍ ആന്‍ഡ് എവേ’, ‘ബാറ്റ്മാന്‍ ഫോര്‍ എവര്‍’ തുടങ്ങിയ സിനിമകളാണ് കിഡ്മാന്റെ പ്രശസ്തമായ സിനിമകള്‍.

More Archives >>

Page 1 of 79