News - 2025
ആണവായുധ അന്തര്‍വാഹിനി പുനര്‍കമ്മീഷന്‍ ചെയ്യുന്ന നടപടികളില്‍ നിന്നും ബ്രിട്ടന്‍ പിന്‍മാറണമെന്ന് സ്‌കോര്‍ട്ട്‌ലാന്റ് കത്തോലിക്ക ബിഷപ്പുമാര്‍
സ്വന്തം ലേഖകന്‍ 14-07-2016 - Thursday
ലണ്ടന്‍: ആണവായുധങ്ങള്‍ നിര്‍വീര്യമാക്കുവാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തയ്യാറാകണമെന്ന് സ്‌കോര്‍ട്ട്‌ലാന്റ് ബിഷപ്പുമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജൂലൈ 18-ാം തീയതി പാര്‍ലമെന്റില്‍ ഇതുസംബന്ധിക്കുന്ന വോട്ടിംഗ് നടക്കുവാനിരിക്കെയാണ് ബിഷപ്പുമാര്‍ തങ്ങളുടെ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. സ്‌കോര്‍ട്ട്‌ലാന്റ് തീരത്ത് നങ്കൂരമിട്ടു കിടക്കുന്ന മുങ്ങികപ്പലായ 'വാന്‍ഗാര്‍ഡി'ലെ ആണവായുധ സംവിധാനങ്ങള്‍ പഴക്കം ചെന്നതു മൂലം നീര്‍വീര്യമാക്കിയ ശേഷം പുതിയ സംവിധാനം സ്ഥാപിക്കണോ എന്ന വിഷയത്തിലാണ് പാര്‍ലമെന്റില്‍ വോട്ടിംഗ് നടക്കുന്നത്.
സ്‌കോര്‍ട്ട്‌ലാന്റിന്റെ പടിഞ്ഞാറേ കടലില്‍ നങ്കൂരമിട്ട് കിടക്കുന്ന 'വാന്‍ഗാര്‍ഡ്' മുങ്ങിക്കപ്പലില്‍ ഉഗ്രപ്രഹരശേഷിയുള്ള നാല് ആണവ മിസൈലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 1980-ല്‍ ആണ് ഇത്തരത്തില്‍ ഒരു മുങ്ങിക്കപ്പല്‍ സ്‌കോര്‍ട്ട്‌ലാന്റ് തീരത്ത് ബ്രിട്ടന്‍ നങ്കൂരമിട്ടു നിര്‍ത്തുന്ന പതിവ് തുടങ്ങിയത്. യുഎസ് സൈന്യം ജപ്പാനില്‍ അണുബോംബ് പ്രയോഗിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ ലോകത്തെ നശിപ്പിക്കുവാന്‍ ശേഷിയുള്ള ഇത്തരം ആയുധങ്ങള്‍ നിരോധിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടിരുന്നു.
ആണവായുധങ്ങള്‍ക്ക് വേണ്ടി സമ്പത്തിന്റെ ഭൂരിപക്ഷവും നീക്കിവയ്ക്കുന്ന രാജ്യങ്ങള്‍ ദരിദ്രരാഷ്ട്രങ്ങളായി ഭാവിയില്‍ മാറുമെന്നും പിതാവ് അന്ന്‍ ഓര്‍മ്മിപ്പിച്ചിരിന്നു. സ്‌കോര്‍ട്ട്‌ലാന്റ് കത്തോലിക്ക ബിഷപ്പുമാരും പിതാവിന്റെ പ്രസ്താവനയ്ക്കു സമാനമായ ആവശ്യമാണ് ഉന്നയിക്കുന്നത്. പുതിയ കപ്പല്‍ നിര്‍മ്മിക്കുന്നതിനും പഴക്കം ചെന്ന ആയുധങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനും വേണ്ടി 272 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നും ഇത്തരം ഒരു വലിയ തുക ആയുധങ്ങളുടെ ശേഖരണത്തിനായി മാറ്റിവയ്ക്കാതെ മനുഷ്യരാശിയുടെ നന്മയ്ക്കായുള്ള പദ്ധതിക്കു വേണ്ടി നീക്കിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
പുതിയ പ്രധാനമന്ത്രി തെരേസ മേയുടെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് കക്ഷി, അന്തര്‍വാഹിനി പുനര്‍നിര്‍മ്മിക്കണം എന്ന ആവശ്യമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയും സ്‌കോര്‍ട്ട്‌ലാന്റില്‍ പ്രബലമായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ഈ അഭിപ്രായത്തോട് വിയോജിക്കുന്നവരാണ്. യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയും ആണവായുധങ്ങള്‍ രാജ്യങ്ങള്‍ ഉപേക്ഷിക്കണം എന്ന നിലപാടുള്ള വ്യക്തിയാണ്. ഭരണത്തിന്റെ അവസാന ആറു മാസം ലോകത്തിലെ ആണവായുധങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒബാമ ഏര്‍പ്പെടുമെന്നാണ് 'വാഷിംഗ്ടണ്‍ പോസ്റ്റ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള തലത്തില്‍ ഒബാമ ഇതിനുള്ള ശ്രമങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്തുമെന്നും കരുതപ്പെടുന്നു.