India - 2024

ലഹരിക്കെതിരായ സർക്കാർ നീക്കം അഭിനന്ദനാർഹം; കൂടുതൽ കരുതലും ജാഗ്രതയും ആവശ്യമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ

പ്രവാചകശബ്ദം 01-09-2022 - Thursday

കൊച്ചി: കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നതായുള്ള പ്രഖ്യാപനം അഭിനന്ദനാർഹമാണെന്ന് ഐക്യജാഗ്രതാ കമ്മീഷൻ. മയക്കുമരുന്നിന്റെ വിപണനവും ഉപഭോഗവും കൂടുതൽ ഗൗരവമായി കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയാവുകയാണ്. മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ രൂക്ഷത മലയാളികൾ ഏറ്റവും വ്യക്തമായി മനസ്സിലാക്കിയതും ഈ ഒരു വർഷത്തിനിടയിൽ തന്നെയാണ്. ഈ പശ്ചാത്തലത്തിൽ, കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നതായുള്ള പ്രഖ്യാപനം അഭിനന്ദനാർഹമാണ്. നാർക്കോട്ടിക് കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, വിദ്യാലയ പരിസരങ്ങളെ ലഹരി വിമുക്തമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ നടപടികൾ ഉചിതമാണെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.

വിദ്യാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ലഹരി നിർമ്മാർജ്ജന പ്രവർത്തനങ്ങൾ യുക്തമാണെങ്കിലും, പുതു തലമുറ മാരക മയക്കുമരുന്നുകൾ വിതരണം ചെയ്യപ്പെടുന്ന പ്രത്യേക മേഖലകളും കേന്ദ്രങ്ങളും, അവയ്ക്ക് പിന്നിലെ മാഫിയകളും തിരിച്ചറിയപ്പെടുകയും പ്രതിരോധിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. പ്രണയം നടിച്ച് ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെൺകുട്ടികൾ, ലഹരി നൽകി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വർധനവ്, ലഹരി വ്യാപനത്തിന് അനുബന്ധമായി വളരുന്ന സ്വർണ്ണ കടത്ത്, കുഴൽപ്പണ ഇടപാടുകൾ, അവയ്ക്ക് പിന്നിലെ ശക്തികൾ തുടങ്ങിയവയെല്ലാം വിശദമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. ആയിരക്കണക്കിന് കോടികളുടെ മയക്കുമരുന്ന് വിൽപ്പന നമുക്കിടയിൽ നടക്കുന്നുണ്ട് എന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, അതിന്റെ പിന്നാമ്പുറത്ത് മറഞ്ഞിരിക്കുന്ന ഗൂഢ സംഘങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ അന്വേഷണ ഏജൻസികൾ തയ്യാറാകണം. കേരളത്തെ മയക്കുമരുന്നിന്റെ സ്വന്തം നാടാക്കി മാറ്റിക്കൊണ്ടിരിക്കുന്ന അത്തരം മാഫിയകളെ തിരിച്ചറിഞ്ഞ് തുടച്ചു നീക്കിയെങ്കിൽ മാത്രമേ മയക്കുമരുന്നിൽനിന്ന് കേരളം പൂർണ്ണ വിമുക്തി നേടുകയുള്ളൂ.

കുട്ടികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തുന്ന വിവിധ ചതിക്കുഴികളെക്കുറിച്ച് വ്യക്തമായ ബോധവൽക്കരണം ആവശ്യമുണ്ട്. ലഹരി പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അത്തരം സിനിമകൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണം. ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതികൾ വിവിധ തലങ്ങളിൽ നടപ്പാക്കാൻ സർക്കാർ പ്രത്യക സംവിധാനങ്ങൾ ഒരുക്കുകയും, സന്നദ്ധ സംഘടനകളുടെ സഹായങ്ങൾ തേടുകയും വേണം. കെസിബിസി ഐക്യജാഗ്രതാ കമ്മീഷനോട് ചേർന്ന് പ്രവർത്തിക്കുന്ന രൂപതാതല ജാഗ്രതാ സമിതികൾ ഈ ലക്ഷ്യങ്ങൾക്കായി നിലകൊള്ളുന്നതാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവിച്ചു.


Related Articles »