India - 2025

ലഹരി വ്യാപനം അപകടകരമായ നിലയിൽ; ശക്തമായ ഇടപെടല്‍ വേണമെന്ന് കെസി‌ബി‌സി ജാഗ്രത കമ്മീഷന്‍

പ്രവാചകശബ്ദം 31-07-2023 - Monday

കൊച്ചി: സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണമെന്നു കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍. ലഹരി ഉപയോഗത്തെ തുടർന്നുള്ള കൊലപാതകങ്ങളുടെ നടുക്കത്തിലാണ് കേരളസമൂഹം. ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു മരണങ്ങളാണ് കേരളത്തിന് അപമാനകരമായ വിധത്തിൽ സംഭവിച്ചത്. മൂവാറ്റുപുഴയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണകാരണമായത് ലഹരി ഉപയോഗത്തെ തുടർന്നുള്ള അലക്ഷ്യമായ വാഹന ഉപയോഗമാണെങ്കിൽ, ആലുവയിൽ പിഞ്ചുബാലികയുടെ കൊലപാതകം ലഹരി സ്വബോധം നഷ്ടപ്പെടുത്തിയ ഒരു വ്യക്തി അറിഞ്ഞുകൊണ്ട് ചെയ്തതാണെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വലിയ വാർത്തകളാകാതെ പോകുന്നതും, പുറംലോകം അറിയാതെപോകുന്നതുമായ അപകടങ്ങളും കൊലപാതക ശ്രമങ്ങളും പീഡനങ്ങളും ഒട്ടനവധിയുണ്ട്. സമൂഹത്തിന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന വിധത്തിൽ ലഹരി വ്യാപനം അപകടകരമായിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണം. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളും, ലഹരി ഉപയോഗം പതിവായി നടക്കുന്ന ഇടങ്ങളും, സ്ഥിരമായി ലഹരി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും നിരീക്ഷണ വിധേയമാക്കണം.

NDPS (Narcotic-Drugs and Psychotropic Substances Act 1985) നിയമത്തിൽ കാലികമായ പരിഷ്കരണങ്ങൾ വരുത്തണം. മയക്കുമരുന്ന് ഉപയോഗത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹന ലൈസൻസ് റദ്ദാക്കണം. പതിവായി കേസുകളിൽ അകപ്പെടുന്നവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെങ്കിൽ ലഹരി വിമുക്തി ലക്‌ഷ്യം വച്ചുകൊണ്ടുള്ള തടവ് ശിക്ഷ നടപ്പാക്കാൻ NDPS നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരണം. ലഹരിക്ക് അടിമപ്പെട്ടവർ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും സമൂഹത്തിന്റെ സുരക്ഷിതത്വ ബോധത്തിന് വെല്ലുവിളിയുയർത്തുന്നതും അതീവ ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും കെ‌സി‌ബി‌സി പ്രസ്താവിച്ചു.


Related Articles »