News - 2024

വൈദികരെയും വിശ്വാസികളെയും തട്ടിക്കൊണ്ടുപോയ സംഭവം: മോചനദ്രവ്യം നല്‍കില്ലെന്ന് കാമറൂണ്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 23-09-2022 - Friday

യോണ്ടേ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ്‌ മേരീസ് കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കി വൈദികരും കന്യാസ്ത്രീയും ഉള്‍പ്പെടെയുള്ള 9 കത്തോലിക്കരെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍, മോചന ദ്രവ്യം നല്‍കില്ലെന്ന് കാമറൂണ്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ്. അംബാ ബോയ്സ് എന്നറിയപ്പെടുന്ന ആംഗ്ലോഫോണ്‍ വിഘടനവാദികളാണ് തട്ടിക്കൊണ്ടു പോകലിന്റെ പിന്നില്‍. അവര്‍ ആവശ്യപ്പെട്ട മോചന ദ്രവ്യം നല്‍കുകയാണെങ്കില്‍ അത് അപകടകരമായ ഒരു പ്രവണതക്ക് വഴി തെളിയിക്കുമെന്നു കാമറൂണ്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും, ബാമെണ്ടാ മെത്രാപ്പോലീത്തയുമായ ആന്‍ഡ്ര്യൂ ഇന്‍കി ഫുവാന്യ പറഞ്ഞു. തട്ടിക്കൊണ്ടു പോയവര്‍ ആദ്യം 1,00,000 ഡോളര്‍ ആവശ്യപ്പെട്ടുവെങ്കിലും ഇപ്പോള്‍ അത് 50,000 ഡോളറായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫാ. ഇമ്മാനുവൽ, ഫാ. ബർണബാസ്, ഫാ. കൊർണേലിയസ്, ഫാ. ഏലിയാസ്, ഫാ. ജോബ്-ഫ്രാൻസിസ് എന്നീ 5 വൈദികർക്ക് പുറമേ, സിസ്റ്റര്‍ ജസീന്ത എന്ന കന്യാസ്ത്രീയും, കെലെചുക്വു, എൻകെം പാട്രിക്, ബ്ലാഞ്ച് ബ്രൈറ്റ് എന്നീ അത്മായരുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്. എൻചാങ് ഗ്രാമത്തില്‍ നിന്നും അംബാ ബോയ്സിനോടൊപ്പം ചേര്‍ന്ന യുവാക്കള്‍ ദേവാലയം അഗ്നിക്കിരയാക്കുകയായിരിന്നുവെന്നാണ് സൂചന. സംഭവം നടന്ന്‍ അധികം താമസിയാതെ തന്നെ മാംഫെ രൂപതാധ്യക്ഷന്‍ മോണ്‍. അലോഷ്യസ് ഫോണ്ടോങ്ങ് അബാങ്ങാലോ കത്തി നശിച്ച ദേവാലയം സന്ദര്‍ശിച്ചിരിന്നു. കത്തോലിക്കാ സഭ വിഘടനവാദികളുടെ പോരാട്ടത്തെ സഹായിക്കാത്തതിനാല്‍ സെന്റ്‌ മേരീസ് ദേവാലയം അഗ്നിക്കിരയാക്കുമെന്ന് വിഘടന വാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ആര്‍ച്ച് ബിഷപ്പ് ഫുവാന്യ പറഞ്ഞു.

മുന്‍പ് ഇത്തരം തട്ടിക്കൊണ്ടുപോകലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരുന്നെന്നും, എന്നാല്‍ പള്ളി കത്തിക്കുകയും ഒന്‍പത് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത സംഭവം അപൂര്‍വ്വവും അപ്രതീക്ഷിതവുമായിരുന്നെന്നു എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ ഔദ്യോഗിക വക്താവായ ഫാ. ഹംഫ്രി ടാടാ എംബൈ പറഞ്ഞു. ആംഗ്ലോഫോൺ പ്രതിസന്ധിയാണ് നിലവിലെ അരക്ഷിതാവസ്ഥയ്ക്കു പിന്നിലെ കാരണം. ഇംഗ്ലീഷ് സംസാരിക്കുന്ന വടക്ക് പടിഞ്ഞാറും, തെക്ക് പടിഞ്ഞാറുമുള്ള ആയുധധാരികൾ സർക്കാർ സേനയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തെയാണ് ആംഗ്ലോഫോൺ ക്രൈസിസ് എന്ന പേരിൽ വിശേഷിപ്പിക്കുന്നത്.

ഇതിന്റെ ഫലമായി തുടങ്ങിയ പ്രതിഷേധം ആദ്യമൊക്കെ സമാധാനപരമായിരുന്നെങ്കിലും പിന്നീടത് സായുധ കലാപമായി പരിണമിച്ചു. 2017-ല്‍ വിഘടന വാദികള്‍ “ഫെഡറല്‍ റിപ്പബ്ലിക് ഓഫ് അംബാസോണിയ” എന്ന സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ചുവെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇത് അംഗീകരിക്കപ്പെട്ടില്ല.


Related Articles »