News - 2024

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഇന്ന്

പ്രവാചകശബ്ദം 01-10-2022 - Saturday

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ ദ്വിതീയ മെത്രാനായി നിയമിതനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഇന്നു നടക്കും. അമേരിക്കന്‍ സമയം രാവിലെ ഒമ്പതിന് (ഇന്ത്യന്‍ സമയം രാത്രി 07:30) മാർതോമാശ്ലീഹാ കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിനു കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തിരുകർമ്മങ്ങളില്‍ അമേരിക്കയുടെ അപ്പോസ്തോലിക് ന്യൂണ്‍ഷോ ഡോ. ക്രിസ്റ്റൊഫേ പിയറി, രുപതയുടെ പ്രഥമ മെത്രാനും അന്നേ ദിവസം സ്ഥാനം ഒഴിയുന്നതുമായ മാർ ജേക്കബ് അങ്ങാടിയത്തും, ജോയി ആലപ്പാട്ട് പിതാവിന്റെ ജന്മസ്ഥലമായ ഇരിഞ്ഞാലകുട രൂപതയുടെ മെത്രാനായ മാർ പോളി കണ്ണുക്കാടൻ പിതാവും ഉള്‍പ്പെടെ നിരവധി മെത്രാന്‍മാര്‍ സഹകാർമ്മികരായിരിക്കും.

കത്തീഡ്രൽ ദോവാലയത്തിന്റെ വികാരിയും വികാരി ജനറലുമായ ഫാ.തോമസ് കടുകപ്പിള്ളി എല്ലാവരെയും സ്വാഗതം ചെയ്യും. തുടർന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ക്രിസ്റ്റൊഫേ പിയറിപരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പായുടെ നിയമന ഉത്തരവ് വായിക്കും. തദവസരത്തിൽ നിയമന ഉത്തരവ് രൂപതയുടെ ചാൻസലർ ഡോ.ജോർജ് ദാനവേലില്‍ മലയാളത്തിലേക്ക് തർജ്മ ചെയ്യും. കൽദായ മെത്രാൻ ഫ്രാൻസിസ് കലാബട്ട് സുവിശേഷ പ്രഘോഷണം നടത്തും. നേരിട്ടും തത്സമയ സംപ്രേക്ഷണത്തിലൂടെയും ആയിരങ്ങള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കാളികളാകും.

രൂപതയുടെ സഹായമെത്രാനെന്ന നിലയില്‍ രൂപതയുടെ അജപാലനപ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടു ചേര്‍ന്ന് എട്ടുവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ അനുഭവസമ്പത്തുമായിട്ടാണ് മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനം എറ്റെടുക്കുന്നത്. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകാംഗമാണ് ബിഷപ്പ് ജോയി ആലപ്പാട്ട്.

More Archives >>

Page 1 of 793