India - 2024

അന്തരിച്ച കൊച്ചി രൂപത ചാൻസലർ ഫാ. റെജിൻ ആലുങ്കലിന്റെ മൃതസംസ്കാരം നാളെ

പ്രവാചകശബ്ദം 07-11-2022 - Monday

ഫോർട്ട് കൊച്ചി: ഇന്നലെ അന്തരിച്ച കൊച്ചി രൂപത ചാൻസലർ ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കലിന്റെ മൃതസംസ്കാരം നാളെ ചൊവ്വാഴ്ച നടക്കും. 2021 ഏപ്രിൽ മുതൽ രൂപത ചാൻസലറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു. ശനിയാഴ്ച്ച സ്വവസതിയിൽവെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനാൽ മരണം സംഭവിക്കുകയായിരുന്നു.

ചന്തിരൂർ ആലുങ്കൽ ജോസഫിൻ്റെയും ത്രേസ്യാമ്മയുടെയും മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട്, പൂനെ പേപ്പൽ സെമിനാരിയിൽ വൈദീകപഠനം പൂർത്തിയാക്കി 2020ൽ വൈദീക പട്ടം സ്വീകരിച്ചു. വൈപ്പിൻ പ്രത്യാശ മാതാ ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം അനുഷ്ഠിച്ചുകൊണ്ട് വൈദീക ജീവിതം ആരംഭിച്ച അദ്ദേഹം ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.

നാളെ ചൊവ്വാഴ്ച (08/11/2022) രാവിലെ 7 മണിക്ക് മൃതദേഹം ഫോർട്ടുകൊച്ചി അരമനയിൽ ബിഷപ്പസ് ചാപ്പലിൽ പൊതുദർശനത്തിനുവെക്കും. പിന്നീട് ചന്തിരൂരിലുള്ള അദേഹത്തിന്റെ വസതിയിൽ അന്തിമോപചാരങ്ങൾക്ക് ശേഷം, ഇടവകയായ ചന്തിരൂർ സെന്റ് മേരീസ്‌ ദേവാലയത്തിലേക്ക് കൊണ്ട് വരുകയും, ഔദ്യോഗിക രൂപതാ ബഹുമതികളോടെ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുകർമങ്ങൾ ആരംഭിച്ച് എരമല്ലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ പൂർത്തിയാക്കുകയും ചെയ്യും.

സഹോദരങ്ങൾ: ജെറിൻ (യു.കെ.), റിനു (യു. എസ്. എ).


Related Articles »