Life In Christ
ക്രിസ്തു രാജനെ അനുഗമിച്ച് നൂറ്റിഇരുപതോളം കുഞ്ഞുവിശുദ്ധർ; രാജത്വ തിരുന്നാൾ ദിനത്തില്‍ വിശുദ്ധിയുടെ പ്രഘോഷണവുമായി കപ്പൽ പള്ളി
പ്രവാചകശബ്ദം 22-11-2022 - Tuesday
തൃശൂർ: ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ദിനമായ കഴിഞ്ഞ ഞായറാഴ്ച, തൃശൂരിലെ എറവ് കപ്പൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് തെരേസാസ് ദേവാലയത്തിന് ചുറ്റും ക്രിസ്തു രാജനും വിശുദ്ധരുമായി കുഞ്ഞുമക്കൾ അണിനിരന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ബാല്യകാലം വിശുദ്ധരാകാനുള്ള സാധ്യതയുണ്ടെന്ന കാര്യം കുട്ടികളെ ബോധ്യപ്പെടുത്തുവാനാണ് ക്രിസ്‌തുവിന്റെ രാജത്വ തിരുന്നാൾ ദിനത്തിൽ ഇത്തരമൊരു പുതുമയുള്ള കാര്യം വിഭാവനം ചെയ്തത്. സെന്റ് തെരേസാസ് ദേവാലയത്തിലെ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ നൂറ്റിയിരുപതോളം വരുന്ന കുഞ്ഞുമക്കൾ വിശുദ്ധരുടെ വേഷം ധരിച്ചു ദേവാലയത്തിൽ എത്തിയത് വിശ്വാസി സമൂഹത്തിനും വേറിട്ട അനുഭവമായി.
കുഞ്ഞുമക്കൾക്കു വിശുദ്ധരെപ്പറ്റി മാതാപിതാക്കൾ പറഞ്ഞു കൊടുക്കുകയും പഠിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് വിശുദ്ധരുടെ വേഷമണിഞ്ഞു റാലിയിൽ പങ്കെടുപ്പിച്ചതെന്ന വസ്തുത ഈ ദിനത്തെ കുഞ്ഞുമനസുകളിൽ കൂടുതൽ ആഴത്തിൽ രേഖപ്പെടുത്തുവാൻ വഴിയൊരുക്കിയെന്നതും ശ്രദ്ധേയമാണ്. വിശുദ്ധി ഒരു സാധ്യതയാണെന്ന് കുട്ടികളെയും മാതാപിതാക്കളെയും ഓര്‍മപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇടവക വികാരിയായ ഫാ. റോയ് വടക്കന്റെ നേതൃത്വത്തിൽ ക്രിസ്തുവിന്റെ രാജത്വ തിരുന്നാൾ ശ്രദ്ധേയമായ വിധത്തില്‍ ആചരിച്ചത്. മാതാപിതാക്കളും വിശ്വാസപരിശീലകരും കുട്ടികൾക്ക് പരിപൂർണ പിന്തുണയുമായി അണിനിരന്നപ്പോൾ അതൊരു പുതിയൊരു അദ്ധ്യായമായി.
നേഴ്സറി, ഒന്ന്, രണ്ടു എന്നീ ക്‌ളാസ്സുകളിലെ കുട്ടികൾക്ക് അവർക്കു ഇഷ്ടപെട്ട ഒരു വിശുദ്ധനെയോ വിശുദ്ധയെയോ കുറിച്ച് മാതാപിതാക്കൾ പറഞ്ഞു കൊടുക്കുകയും ഞായറാഴ്ച വിശുദ്ധരുടെ വേഷം ധരിപ്പിച്ച് വിശ്വാസപരിശീലനത്തിനു അവരെ എത്തിക്കുകയുമായിരിന്നു. ഇന്ന് സ്കൂളുകളിൽ പലവിധ മത്സരങ്ങളിൽ പങ്കടുക്കുവാനായി കുട്ടികളെ വേഷം ധരിപ്പിച്ചു ഒരുക്കാറുണ്ടെന്നും മതബോധന വിദ്യാർത്ഥിയെന്ന നിലയിൽ വിശുദ്ധരെപ്പറ്റി പറഞ്ഞും പഠിപ്പിച്ചും കൊടുത്തും അതോടൊപ്പം വേഷവിധാനം ധരിപ്പിച്ചും കുട്ടികൾക്കു വിശുദ്ധരുമായി ഒരു ബന്ധം സ്ഥാപിക്കാനും അതുവഴി അവരുടെ ജീവിതത്തിൽ ദൈവവിളി പ്രോത്സാഹിപ്പിക്കാനും വിശുദ്ധി ഒരു സാധ്യതയാണെന്നു അനുഭവവേദ്യമാക്കി നല്കുവാനുമാണ് ഇത്തരമൊരു ഉദ്യമത്തിലൂടെ ലക്ഷ്യമിട്ടതെന്നു ഫാ. റോയി വടക്കൻ പറഞ്ഞു.
ദേവാലയത്തിനു ചുറ്റും നടന്ന റാലിയില്‍ ക്രിസ്തുരാജനായി വേഷമണിഞ്ഞ വിദ്യാർത്ഥിയെ അനുഗമിച്ച വിശുദ്ധ വേഷധാരികളായ കുട്ടികളെ അൾത്താരയിൽ ഒരുമിച്ചു ചേര്‍ത്തു നിര്‍ത്തിയതിനു പിന്നിലും വിശുദ്ധിയുടെ പ്രഘോഷണമുണ്ടായിരിന്നു. ഭാവിയിൽ അൾത്താര വണക്കത്തിനായി സാധ്യതയുള്ളവരാണ് ഓരോ വിശുദ്ധാത്മാക്കളും എന്ന ബോധ്യം പകരാന്‍ ഇത് കാരണമായി. കുഞ്ഞ് വിശുദ്ധരോടൊപ്പം മറ്റു ക്ലാസ്സുകളിലെ കുട്ടികൾ പ്ലക്കാർഡുകളുമായി ക്രിസ്തു രാജന് ജയ് വിളിച്ചു റാലിയിൽ തങ്ങളുടെ സാന്നിധ്യം സജീവമാക്കിയിരിന്നു.