Arts

ജനപ്രിയ ബൈബിള്‍ പരമ്പര ‘ദി ചോസണ്‍’ മൂന്നാം സീസണും ബോക്സോഫീസില്‍ ഹിറ്റ്

പ്രവാചകശബ്ദം 25-11-2022 - Friday

വാഷിംഗ്ടണ്‍ ഡി‌.സി: ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ‘ദി ചോസണ്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ 87.5 ലക്ഷം ഡോളറാണ് ആദ്യ ആഴ്ചയില്‍ തന്നെ തീയേറ്ററുകളില്‍ നിന്നും വാരിക്കൂട്ടിയത്. വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ മൂന്നാം സ്ഥാനത്താണ് 'ദി ചോസണ്‍'. “ബ്ലാക്ക് പാന്തര്‍: വാക്കണ്ടാ ഫോര്‍ എവര്‍”, “ദി മെനു” എന്നീ ഹോളിവുഡ് ചിത്രങ്ങള്‍ മാത്രമാണ് കളക്ഷന്റെ കാര്യത്തില്‍ ദി ചോസണിന് മുന്നിലുള്ളത്. വാര്‍ണര്‍ ബ്രോസ്, യൂണിവേഴ്സല്‍ പിക്ച്ചേഴ്സ്’, സോണി പിക്ചര്‍ എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയ വന്‍കിട നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിച്ച സിനിമകളുമായി മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നതാണ് ചോസണിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്തായി 11:28) എന്ന ബൈബിള്‍ വാക്യമാണ് സീസണ്‍ 3-ന്റെ മുഖ്യ പ്രമേയം.

യേശു ക്രിസ്തു തന്റെ ശിഷ്യന്മാരെ രണ്ടു പേര്‍ വീതം സുവിശേഷ പ്രഘോഷണത്തിനും, അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്കും അയക്കുന്ന സുവിശേഷ ഭാഗത്ത് നിന്നുമാണ് ചോസണിന്റെ മൂന്നാം സീസണ്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വികാരനിര്‍ഭരമായിരിക്കും മൂന്നാം സീസണെന്നു പരമ്പരയുടെ നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടിരിന്നു. പരമ്പര പ്രേക്ഷകരില്‍ ചെലുത്തുന്ന സ്വാധീനത്തില്‍ താന്‍ സന്തോഷവാനാണെന്ന് പരമ്പരയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥന്‍ റൂമി പറയുന്നു. ഇത് തന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രേഷിത പ്രവര്‍ത്തനം തന്നെയാണെന്ന കാര്യം തനിക്ക് മനസ്സിലായെന്നും ഇത് തന്റെ ദൈവവിളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രകടനം പ്രേക്ഷകരെ ഒരുപാട് സ്വാധീനിച്ചിട്ടുള്ളതിനാല്‍ തുറന്ന ഹൃദയത്തോടെയാണ് താന്‍ പരമ്പരയുടെ ആരാധകരുമായി ഇടപെടുകയെന്ന് പറഞ്ഞ റൂമി തനിക്കുണ്ടായ അനുഭവത്തേക്കുറിച്ച് വിവരിച്ചു.

തളര്‍വാതം പിടിച്ച മകനെ വീല്‍ ചെയറിലിരുത്തി ഒരു സ്ത്രീ റൂമിയെ സമീപിച്ചിരിന്നു. പരമ്പരയില്‍ യേശു തളര്‍വാത രോഗിയെ സുഖപ്പെടുത്തിയ രംഗമാണ് ഓര്‍മ്മ വന്നതെന്ന് റൂമി പറയുന്നു. “എനിക്ക് ആ ശക്തിയോ കഴിവോ ഇല്ല. ദൈവത്തിനാണ് അതുള്ളത്. ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ മകനും വേണ്ടി പ്രാര്‍ത്ഥിക്കാം” എന്ന് പറഞ്ഞുകൊണ്ട് റൂമി അവരെ തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ്സിനോടനുബന്ധിച്ച് ദി ചോസണ്‍ ടീം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച “ക്രിസ്മസ് വിത്ത് ചോസണ്‍ : ദി മെസഞ്ചേഴ്സ്” എന്ന സ്പെഷ്യല്‍ പരമ്പരയും ബോക്സോഫീസില്‍ വന്‍വിജയമായിരുന്നു. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ‘ദി ചോസണ്‍’ മലയാളം അടക്കം അന്‍പതോളം വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.


Related Articles »