News - 2024

യുക്രൈനിലെ കുട്ടികളുടെ പുഞ്ചിരി നഷ്ടപ്പെട്ടിരിക്കുന്നു: ദുരിതകയത്തിലെ കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 22-12-2022 - Thursday

വത്തിക്കാന്‍ സിറ്റി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ദുരിത ദിനങ്ങൾ തുടരുമ്പോൾ, യുദ്ധത്തിന്റെ പരിണിതഫലങ്ങൾക്ക് ഇരകളാകുന്ന കുട്ടികളെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ഡിസംബർ ഇരുപത്തിയൊന്ന് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാവേളയിലാണ് റഷ്യ ഏല്‍പ്പിച്ച കനത്ത യുദ്ധത്തിന്റെ ആഘാതങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന കുരുന്നുകളെ പാപ്പ അനുസ്മരിച്ചത്. യുക്രൈനിലെ കുഞ്ഞുങ്ങളുടെ മുഖത്ത് സന്തോഷം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാപ്പ, ഒരു കുട്ടിക്ക് പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഗുരുതരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു.

മനുഷ്യത്വരഹിതവും കഠിനവുമായ ഒരു യുദ്ധത്തിന്റെ ദുരന്തമാണ് യുക്രൈൻ കുട്ടികൾ വഹിക്കുന്നത്. വെളിച്ചവും ഊർജ്ജോത്പാദന സാധ്യതകളും ഇല്ലാതെ, തണുപ്പിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയ്ക്ക് കഴിയുന്നതും വേഗം സമാധാനം സംജാതമാകാന്‍ വേണ്ടി പ്രാർത്ഥിക്കാമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ യുക്രൈനിലെ ജനതയ്ക്കു വേണ്ടി പാപ്പ നിരവധി തവണ ശബ്ദമുയർത്തിയിരിന്നു. പാപ്പായുടെ ഇടപെടലിനെ തുടര്‍ന്നു യുക്രൈൻ ജനതയ്ക്ക് തെർമൽ വസ്ത്രങ്ങളും, ഊർജ്ജോത്പാദനത്തിനായി ജനറേറ്ററുകളും ഉൾപ്പെടെ നിരവധി സഹായങ്ങൾ കഴിഞ്ഞ ദിവസം എത്തിച്ചിട്ടുണ്ട്.

യുക്രൈനിലെ ജനങ്ങൾക്ക് വേണ്ടിയുള്ള വത്തിക്കാന്റെ സഹായസമാഹരണം തുടരുകയാണ്. ഡിസംബർ പത്തൊൻപതാം തീയതി ഈ സംഭാവനകൾ ഒരു ലക്ഷം യൂറോയിലേക്കെത്തിയെന്ന് അവർ വ്യക്തമാക്കി. റഷ്യ - യുക്രൈൻ യുദ്ധത്തിൽ യുക്രൈനിലെ നാൽപതു ശതമാനത്തോളം ഊർജ്ജോത്പാദകകേന്ദ്രങ്ങൾ തകർക്കപ്പെട്ടിരുന്നു. യുക്രൈനിലെ അതിശൈത്യം മൂലമുള്ള അടിയന്തിരാവസ്ഥ തുടരുന്നതിനാലും, യുദ്ധത്തിന് അറുതിവരാത്തതിനാലും രാജ്യത്തിനു വേണ്ടിയുള്ള ധനശേഖരണം ജനുവരി എട്ടു വരെ തുടരുമെന്ന് വത്തിക്കാൻ ഡിക്കാസ്റ്ററി അറിയിച്ചു.


Related Articles »