India - 2024

വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബെനഡിക്ട് മാർപാപ്പ

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി\ 31-12-2022 - Saturday

പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു. കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും ഉന്നതമായ ക്രൈസ്തവ സാക്ഷ്യവും നേതൃത്വവും നൽകി കടന്നുപോയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം.

ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായിരുന്ന ജോസഫ് റാറ്റ്സിംഗർ രണ്ടാം വത്തിക്കാൻ കൗൺസിലിൽത്തന്നെ ശ്രദ്ധേയനായി. വത്തിക്കാൻ കൂരിയായിലെ അദേഹത്തിന്റെ സേവനവും സാന്നിധ്യവും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ അടിയുറച്ചതും പാരമ്പര്യ നിലപാടുകളോട് ചേർന്നുപോകുന്നതുമായിരുന്നു. വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ട് എന്ന നിലയിൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയോടു ചേർന്നുനിന്ന് സഭയുടെ പ്രബോധനങ്ങൾ വ്യക്തമായും ശക്തമായും നൽകുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.

2005 ൽ മാർപാപ്പയായി സ്ഥാനമേറ്റെടുത്തപ്പോഴും നിലപാടുകളുടെ വ്യക്തതയും വ്യക്തിത്വത്തിന്റെ സൗമ്യതയും ബെനഡിക്ട് പതിനാറാമന്റെ പ്രത്യേകതകളായി തുടർന്നു. പൗരസ്ത്യസഭകളുമായി മാർപാപ്പ അടുത്തബന്ധം പുലർത്തുകയും ഒരോ സഭയുടെയും തനിമ കാത്തുസൂക്ഷിക്കാൻ പ്രചോദനം നൽകുകയും ചെയ്തിരുന്നു. ഓർത്തഡോക്സ് സഭകളോടുള്ള സാഹോദര്യത്തിലൂടെ സഭകൾതമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. സീറോമലബാർസഭയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കുംവേണ്ടി പിതൃസഹജമായ കരുതലോടെ നിർണായകമായ തീരുമാനങ്ങൾ തന്റെ ഭരണകാലത്തു ബനഡിക്ട് പാപ്പ എടുത്തതും നന്ദിയോടെ അനുസ്മരിക്കുന്നു.

മാർപാപ്പയുടെ ഗൗരവമേറിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ തന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല എന്ന തിരിച്ചറിവിൽ പാപ്പാസ്ഥാനം രാജിവച്ചുകൊണ്ട് സഭാ ശുശ്രൂഷാരംഗത്ത് പരിശുദ്ധ പിതാവ് നൽകിയ മാതൃക കാലഘട്ടത്തിനുതന്നെ വഴികാട്ടിയായി നിലകൊള്ളുന്നു. വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബനഡിക്ട് പാപ്പായുടെ ജീവിതവും സന്ദേശവും സഭയുടെ മുന്നോട്ടുള്ള യാത്രയിൽ പ്രകാശഗോപുരങ്ങളായി നിലനിൽക്കും. ദൈവം നൽകിയ എല്ലാ കഴിവുകളും വികസിപ്പിച്ചെടുത്ത് ദൈവത്തിനു മഹത്ത്വമേകിക്കൊണ്ടു കത്തോലിക്കാസഭയ്ക്കു ധീരമായ നേതൃത്വം നൽകിയ പരിശുദ്ധ പിതാവിനെ ഓർത്തു ദൈവത്തിനു നന്ദി പറയാം.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ ദുഃഖവും വേദനയും അറിയിക്കുന്നു. സ്വർഗ്ഗത്തിലിരുന്ന് മാർപാപ്പ നമുക്കുവേണ്ടി പ്രാർത്ഥിക്കുമെന്നതിൽ സംശയമില്ല.

കാരുണ്യവാനായ ദൈവം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കുമാറാകട്ടെ!


Related Articles »