News

ജീവിച്ചിരിന്നപ്പോഴും വിടവാങ്ങിയപ്പോഴും ബെനഡിക്ട് പാപ്പയുടെ നിഴല്‍ പോലെ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്ത

പ്രവാചകശബ്ദം 03-01-2023 - Tuesday

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനുള്ള വിശ്വാസികളുടെ ഒഴുക്ക് തുടരുന്നതിനിടയില്‍ ദീര്‍ഘകാലം പാപ്പയുടെ സ്വകാര്യ സെക്രട്ടറിയായിരുന്ന ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയും ശ്രദ്ധാകേന്ദ്രമാകുന്നു. ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തുവരില്‍ പലരും ജര്‍മ്മന്‍ സ്വദേശിയായ ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയെ കണ്ടു അനുശോചനമറിയിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്യുകയാണ്. പാപ്പയുടെ സെക്രട്ടറിയും സമീപ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയാണ് മുന്‍പാപ്പയുടെ ഓരോ സമയങ്ങളിലുള്ള വിവരങ്ങള്‍ ഫ്രാന്‍സിസ് പാപ്പയ്ക്കും പരിശുദ്ധ സിംഹാസനത്തിനും കൈമാറി കൊണ്ടിരുന്നത്.

ഇന്നലെ ജനുവരി 2-ന് രാവിലെ 7-നും 7:15-നുമിടയിൽ ബെനഡിക്ട് പാപ്പയുടെ മൃതദേഹം മാതര്‍ എക്ലേസ്യ ആശ്രമത്തില്‍ നിന്നും സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയപ്പോഴും എല്ലാ കാര്യങ്ങളും ഒരുക്കാനും മറ്റും ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ മുന്‍നിരയില്‍ ഉണ്ടായിരിന്നു. വിശ്വാസികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന്‍ ബസിലിക്കയുടെ തെക്ക് ഭാഗത്തേക്ക് മാറിയ മെത്രാപ്പോലീത്ത അവിടെ നിന്നുകൊണ്ടാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയവരില്‍ നിന്ന് ആശ്വാസം ഏറ്റുവാങ്ങിയും പകര്‍ന്നും തന്റെ മഹനീയമായ ദൗത്യം ദുഃഖമടക്കി നിര്‍വ്വഹിച്ചത്.

ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിനും, പാപ്പ സ്ഥാനത്യാഗം ചെയ്ത ശേഷം അദ്ദേഹത്തെ പരിചരിച്ചിരുന്നവരും, ‘മെമോറസ് ഡോമിനി’ അംഗങ്ങളായ കാര്‍മേല, ലോര്‍ഡാന, ക്രിസ്റ്റീന, റോസെല്ല എന്നീ നാല് സമര്‍പ്പിതരും, സെക്രട്ടറി സിസ്റ്റര്‍ ബിര്‍ജിറ്റ് വാന്‍സിംഗും സദാസമയവും പ്രാര്‍ത്ഥനയുമായി മുന്‍പാപ്പയുടെ മൃതദേഹത്തോടൊപ്പമുണ്ട്. കഠിനമായ ദുഃഖത്തിനിടയിലും പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് മെത്രാപ്പോലീത്ത ആളുകളെ സ്വാഗതം ചെയ്തത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ ഒരു നിഴല്‍പ്പോലെ അനുഗമിച്ച ഗാന്‍സ്വെയിന്‍ മെത്രാപ്പോലീത്തയാണ് അദ്ദേഹം ദിവംഗതനായ വിവരം ഫ്രാന്‍സിസ് പാപ്പയെ അറിയിച്ചതും, ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകള്‍ വെളിപ്പെടുത്തിയതും. ആര്‍ച്ച് ബിഷപ്പ്, ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരത്തില്‍ ചുംബിക്കുന്ന ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരിന്നു.


Related Articles »