News

ബെനഡിക്ട് പാപ്പയുടെ അരികെ പ്രാര്‍ത്ഥനയോടെ ഇറ്റാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍

പ്രവാചകശബ്ദം 03-01-2023 - Tuesday

വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട എമിരിറ്റസ് ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇറ്റാലിയന്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍. മുന്‍പാപ്പയുടെ ഭൗതീകശരീരം സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലേക്ക് മാറ്റിയ ഇന്നലെ ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഇറ്റാലിയന്‍ നേതാക്കളും ഉന്നത അധികാരികളും എത്തി അന്തിമോപചാരം അര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഇറ്റലി തന്റെ രണ്ടാം ജന്മദേശമാണെന്നാണ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുള്ളത്. ബെനഡിക്ട് പാപ്പയുടെ നിര്യാണത്തില്‍ ഇറ്റലിയില്‍ നിന്നുള്ള ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി മാറ്റരെല്ല ഫ്രാന്‍സിസ് പാപ്പക്ക് സന്ദേശമയച്ചിരിന്നു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണിയും ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. മുന്‍പാപ്പയുടെ ഭൗതീകശരീരത്തിന് മുന്നില്‍ മെലോണി നിശബ്ദമായി പ്രാര്‍ത്ഥിച്ചു. ഇതിന് പിന്നാലെ പാപ്പയുടെ സ്വകാര്യ സെക്രട്ടറിയായിരുന്ന ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനെ കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു. ബെനഡിക്ട് പാപ്പ യുക്തിയുടേയും, വിശ്വാസത്തിന്റേയും കാര്യത്തില്‍ പ്രബലനായിരിന്നുവെന്നു മെലോണി സ്മരിച്ചു. തന്റെ ജീവിതം സാര്‍വത്രിക സഭയുടെ സേവനത്തിനായി സമര്‍പ്പിച്ച ബെനഡിക്ട് പാപ്പ, ആത്മീയവും സാംസ്കാരികവും, ബൗദ്ധീകവുമായ ആഴത്തില്‍ മനുഷ്യഹൃദയങ്ങളോടു സംസാരിക്കുകയായിരിന്നുവെന്നും അത് ഇനിയും തുടരുമെന്നും മെലോണി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ജനുവരി 2-ന് രാവിലെ മാതര്‍ എക്ലേസിയ ആശ്രമത്തില്‍ നിന്നും സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയ മുന്‍പാപ്പയുടെ ഭൗതീകശരീരത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുവാനും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 65,000-ല്‍ പരം ആളുകള്‍ സന്ദര്‍ശനം നടത്തിയെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 5-ന് രാവിലെ 9:30-ന് സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലാണ് മുന്‍പാപ്പയുടെ മൃതസംസ്കാര ചടങ്ങുകള്‍ നടക്കുക. ഒരു പാപ്പ മറ്റൊരു പാപ്പയുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക എന്ന അസാധാരണത്വവും ഇതിനുണ്ട്.


Related Articles »