India - 2024

ഛത്തീസ്ഗഡിൽ ദേവാലയം തകർത്ത സംഭവം; ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേർ അറസ്റ്റിൽ

പ്രവാചകശബ്ദം 04-01-2023 - Wednesday

ദില്ലി: ഛത്തീസ്ഗഡിലെ കത്തോലിക്ക ദേവാലയത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുല്‍ നെതാം, ഡോമന്‍ദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. മതപരിവര്‍ത്തനം ആരോപിച്ചാണ് സംഘം പള്ളി തകര്‍ത്തത്. തടയാന്‍ ശ്രമിച്ച നാരായണ്‍പുര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് സംഘത്തിന്റെ ആക്രമണത്തില്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംഘത്തിന് നാരായണ്‍പുര്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഇതിനിടെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗം ജോര്‍ജ് സെബാസ്റ്റ്യനാണ് വിഷയത്തില്‍ ഇടപെട്ടത്. നാരായണ്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ, സ്കൂള്‍ വളപ്പില്‍ നിര്‍മിച്ച സീറോ മലബാർ ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്.

സംഭവത്തില്‍ വ്യാപക പ്രതിഷേധം ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്ന് ഉയരുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുമ്ബോള്‍ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസിന് അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്ന വിമര്‍ശനം ശക്തമാകുകയാണ്.

ഏതാനും ആഴ്ചകളായി നാരായൺപൂരിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവർക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളുടെ തുടർച്ചയാണിത്. അക്രമം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രകടനക്കാർ മർദിക്കുകയും സേക്രഡ് ഹാർട്ട് പള്ളിക്ക് പുറമേ പള്ളിമേട, മാതാവിന്റെ ഗ്രോട്ടോ എന്നിവ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ക്രിസ്തുമസിന് പിന്നാലെ ഡിസംബറില്‍ കര്‍ണാടകയിലെ മൈസൂരുവിലും ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെട്ടിരുന്നു.


Related Articles »