News

ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ

പ്രവാചകശബ്ദം 05-01-2023 - Thursday

വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാരം ഇന്ന് വത്തിക്കാനിൽ നടക്കുവാനിരിക്കെ പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. വത്തിക്കാൻ സമയം രാവിലെ ഒന്‍പതരയ്ക്ക് ആയിരിക്കും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി)സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ചടങ്ങുകൾക്ക് തുടക്കമാവുക.

ഒരുക്കമായി ജപമാല: ‍

ഇതിന് 40 മിനിറ്റുകൾക്ക് മുന്‍പ് ജപമാല പ്രാർത്ഥന ആരംഭിക്കും. ഇപ്പോൾ സെന്റ് പീറ്റേഴ്സ് ബസിലിക്ക ദേവാലയത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതീക ശരീരം സെന്റ് പീറ്റേഴ്സ് സ്ക്വയറിലേയ്ക്ക് തിരുകർമ്മങ്ങൾക്ക് വേണ്ടി മാറ്റും. നിലവില്‍ ഭൗതീക ശരീരം സൈപ്രസ് മരത്തിൽ നിർമ്മിച്ച പെട്ടിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ശുശ്രൂഷയില്‍ നിരവധി കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്താന്മാരും മെത്രാന്‍മാരും ആയിരകണക്കിന് വൈദികരും ഭാഗഭാക്കാകും.

തിരുക്കർമങ്ങൾക്കുശേഷം പേടകം വത്തിക്കാൻ ബസിലിക്കയുടെ നിലവറയിലേക്ക് മാറ്റും. അവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. മറ്റ് തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുമെങ്കിലും കബറിടത്തിന് സമീപം നടക്കുന്ന അവസാനഘട്ട തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കില്ല.

പത്രോസിന്റെ സിംഹാസനത്തിൽ ഇരുന്ന് മരണപ്പെടുന്ന സഭയുടെ തലവന് അവകാശപ്പെട്ട എല്ലാ കർമ്മങ്ങളും ബെനഡിക്ട് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിലും ഉണ്ടായിരിക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു.

വായന വിവിധ ഭാഷകളില്‍: ‍

തിരുകർമ്മങ്ങൾക്കുവേണ്ടി വത്തിക്കാൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നുള്ള പ്രാർത്ഥനകളും, വായനകളും വിശ്വാസികൾക്ക് പിന്തുടരാമെന്നു പരിശുദ്ധ സിംഹാസനം അറിയിച്ചിട്ടുണ്ട്. ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള വായന (ഏശയ്യാ 29:16-19) സ്പാനിഷ് ഭാഷയിലും, സങ്കീർത്തന പുസ്തകത്തിൽ നിന്നുള്ള വായന (സങ്കീർത്തനം 23ാം അധ്യായം) ലത്തീൻ ഭാഷയിലും, പത്രോസിന്റെ ലേഖനത്തിൽ നിന്നുള്ള വായന (1 പത്രോസ് 1: 3-9) ഇംഗ്ലീഷ് ഭാഷയിലും, ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായന (ലൂക്ക 23: 39-46) ഇറ്റാലിയൻ ഭാഷയിലും ആയിരിക്കും.

ഔദ്യോഗിക പ്രതിനിധികളും പ്രമുഖരും: ‍

വത്തിക്കാന്റെ നിബന്ധന പ്രകാരം ഇറ്റലിയിൽ നിന്നും, ജർമനിയിൽ നിന്നും മാത്രമേ ഔദ്യോഗികമായി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. എന്നാൽ ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിന്‍ നോവാക്ക്, പോളണ്ടിന്റെ പ്രസിഡന്റ് ആന്ദ്രസേജ് ഡുഡ, ബെൽജിയത്തിന്റെ ഫിലിപ്പ് രാജാവ്, സ്പെയിനിലെ സോഫിയ രാജ്ഞി തുടങ്ങിയ ലോക നേതാക്കൾ ഔദ്യോഗിക ക്ഷണം കൂടാതെ തന്നെ ചടങ്ങിൽ പങ്കെടുക്കാൻ എത്തും. അതേസമയം മറ്റ് അനേകം ലോക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പ്രതിനിധീകരിച്ച് വത്തിക്കാനിലെ അമേരിക്കൻ പ്രതിനിധി ജോ ഡോണല്ലി ആയിരിക്കും അമേരിക്കയെ പ്രതിനിധീകരിക്കുക.

ഒരുക്കിയിരിക്കുന്ന കല്ലറ: ‍

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത വത്തിക്കാൻ ഗ്രോട്ടോയിലെ കല്ലറയിൽ തന്നെയായിരിക്കും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കും അന്ത്യവിശ്രമം ഒരുങ്ങുക. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്.

മൃതദേഹ പെട്ടകം ‍

അധികാരവടിയും കുരിശും മൃതദേഹ പേടകത്തിനുള്ളിൽ അടക്കം ചെയ്യില്ലായെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ നിർമിതമായ ചില മെഡലുകളും അദ്ദേഹത്തിന് ലഭിച്ച പാലിയങ്ങളും പേടകത്തിൽ അടക്കം ചെയ്യും. പാപ്പ സഭയുടെ തലപ്പത്തിരുന്ന ദിവസങ്ങൾ ഏതാനും വാക്കുകളിൽ വിവരിക്കുന്ന ഒരു വാചകം മെറ്റൽ ട്യൂബിനുള്ളിൽ ഇവിടെ സ്ഥാപിക്കും. സിങ്ക് കൊണ്ട് നിർമ്മിച്ച പെട്ടിയിൽ നിന്നും, തടികൊണ്ട് നിർമ്മിച്ച പെട്ടിയിലേക്ക് ഭൗതിക ശരീരം മാറ്റിയതിനുശേഷം ആയിരിക്കും മൃതസംസ്കാരം നടക്കുക. (നേരത്തെ സൂചിപ്പിച്ചപ്പോലെ നിലവില്‍ ഭൗതീക ശരീരം പെട്ടിയിലേക്ക് മാറ്റിയിട്ടുണ്ട്).

പരിശുദ്ധ പിതാവിന്റെ മൃതദേഹം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനുവെച്ച തിങ്കളാഴ്ച മുതല്‍ ഇതുവരെ ലക്ഷകണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »