News

മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ, നിന്റെ സന്തോഷം എന്നേക്കും പൂർണമാകട്ടെ: മൃതസംസ്കാര ശുശ്രൂഷയിൽ ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 06-01-2023 - Friday

പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു (ലൂക്കാ 23:46) കർത്താവ് ക്രൂശിൽ പറഞ്ഞ അവസാന വാക്കുകൾ, ഇതായിരുന്നു; അവന്റെ അവസാന ശ്വാസം, അത് അവന്റെ ജീവിതം മുഴുവൻ ഉൾകൊള്ളുന്നതായിരുന്നു: അവന്റെ പിതാവിന്റെ കൈകളിലേക്കുള്ള അവിരാമമായ സ്വയം ഭരമേൽപ്പിക്കലായിരുന്നു. ക്ഷമയുടെയും അനുകമ്പയുടെയും സൗഖ്യമാക്കലിൻ്റെയും കാരുണ്യത്തിൻ്റെയും അഭിഷേകത്തിൻ്റെയും അനുഗ്രഹത്തിൻ്റേതുമായ അവൻ്റെ കരങ്ങൾ, അതു തന്നെയാണ് അവൻ്റെ സഹോദരി സഹോദരന്മാർക്കുള്ള സ്വയം സമർപ്പണത്തിലേക്ക് അവനെ നയിച്ചതും.

വഴിയിൽ കണ്ടുമുട്ടിയ വ്യക്തികളോടും അവരുടെ ജീവിത സാഹചര്യങ്ങളോടും തുറവിയുണ്ടായിരുന്ന കർത്താവ്, പിതാവിന്റെ ഹിതപ്രകാരം സ്വയം രൂപപ്പെടാൻ അവരെ അനുവദിച്ചു. സുവിശേഷം അനിവാര്യമാക്കിത്തീര്‍ത്ത എല്ലാ അനന്തരഫലങ്ങളും പ്രയാസങ്ങളും അവൻ വഹിക്കുകയും സ്നേഹത്തിനുവേണ്ടി തുളച്ചുകയറിയ തൻ്റെ കൈകൾ കാണിക്കുകയും ചെയ്തു.

"എൻ്റെ കരങ്ങൾ കാണുക ( യോഹ 20:27)അവൻ തോമസിനോടു പറയുന്നു. നമ്മൾ ഓരോരുത്തരോടും "എൻ്റെ കരങ്ങൾ കാണുക" എന്നു ഈശോ പറയുന്നു. തുളക്കപ്പെട്ട കരങ്ങൾ നിരന്തരം നമ്മിലേക്കു നീളുകയും ദൈവത്തിനു നമ്മോടുള്ള സ്നേഹം തിരിച്ചറിയാനും അതിൽ വിശ്വസിക്കാനും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു (cf. 1 യോഹന്നാൻ 4:16).

"പിതാവേ നിൻ്റെ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു." ദൈവം നമ്മിൽ ശാന്തമായി ജനിപ്പിക്കുന്ന ക്ഷണവും ജീവിത പരിപാടിയുമാണത്. ഒരു കുശവനെപ്പോലെ (cf. എശയ്യാ 29:16) അവൻ എല്ലാ അജപാലകരുടെയും ഹൃദയങ്ങളെ യേശുക്രിസ്തുവിൻ്റെ ഹൃദയത്തോട് ഇണങ്ങുന്നതായി രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നു. (cf. ഫിലിപ്പി 2:5). നന്ദി നിറഞ്ഞ സമർപ്പണത്തിൽ, കർത്താവിനും അവന്റെ ജനത്തിനുമുള്ള ശുശ്രൂഷയിൽ, തികച്ചും നന്ദിയിൽ പിറവി കൊണ്ട പൂർണ്ണ കൃപയിലുള്ള ദാനമാകുന്ന ശുശ്രൂഷയിൽ: "നീ എനിക്കുള്ളതാണ് ... നീ അവരുടേതാണ്", "നീ എന്റെ സംരക്ഷണത്തിലാണ്" നീ എന്റെ ഹൃദയത്തിന്റെ സംരക്ഷണത്തിലാണ്. നീ എന്റെ കൈകളിൽ വസിക്കു, നിന്റെ കൈ എനിക്ക് തരൂ എന്ന് ദൈവം നമ്മോടു മന്ത്രിക്കുന്നു.

തന്റെ ശിഷ്യന്മാരുടെ ദുർബലമായ കൈകളിൽ സ്വയം ഭരമേൽപ്പിക്കാൻ തയ്യാറായ ദൈവത്തിൻ്റെ കാരുണ്യവും സാമിപ്യവും ഇവിടെ നമ്മൾ ദർശിക്കുന്നു. അതു വഴി ശിഷ്യർക്ക് തങ്ങളുടെ ജനത്തെ പോറ്റുവാനും അവരോട്: എടുത്തു ഭക്ഷിക്കുക, എടുത്തു പാനം ചെയ്യുക , ഇത് നിങ്ങൾക്കായി സമർപ്പിക്കപ്പെട്ട എന്റെ ശരീരമാണ് (cf. Lk 22 :19) എന്നു പറയുവാനും സാധിക്കുന്നു. ദൈവം സമ്പൂർണ്ണമായി കൂടെ ഇറങ്ങി വരുന്ന അവസ്ഥ (synkatabasis).

തന്റെ അജഗണത്തെ പോറ്റാനുള്ള കർത്താവിന്റെ കൽപ്പന വിശ്വസ്തയോടെ നിർവ്വഹിക്കുന്ന ഓരോ അജപാലനും അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾക്കും ചെറുത്തുനിൽപ്പുകൾക്കുമിടയിൽ ഒരു ഭക്തി നിശബ്ദമായി രൂപപ്പെടുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. (cf. 1 പത്രോ 1:6-7).

ഒരു യജമാനനെപ്പോലെ, ഒരു ഇടയൻ തന്റെ ജനത്തെ അഭിഷേകം ചെയ്യുന്നതിന്റെ ഭാരവും മധ്യസ്ഥതയും വഹിക്കുന്നു, പ്രത്യേകിച്ചും നന്മ വിജയിക്കാൻ ബുദ്ധിമുട്ടുന്ന സന്ദർഭങ്ങളിലും നമ്മുടെ സഹോദരീസഹോദരന്മാരുടെ അന്തസ്സിന് ഭീഷണിയാകുന്ന സന്ദർഭങ്ങളിലും (cf. ഹെബ്രാ. 5:7-9). ഈ മധ്യസ്ഥതയ്‌ക്കിടയിൽ, എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായാൽ അവയെ മനസ്സിലാക്കാനും സ്വീകരിക്കാനും പ്രത്യാശിക്കാനും സാധിക്കുന്ന ശാന്തതയുടെ ആത്മാവിനെ കർത്താവ് അവർക്കു നൽകുന്നു.

ഒരുവൻ താൻ ആശ്രയിക്കുന്നവനെ അറിയുന്നതിൽ നിന്നു (cf. 2 തിമോ 1:12) ലഭിക്കുന്ന അദൃശ്യവും അവ്യക്തവുമായ ഫലപ്രാപ്തിയാണ് ഇതിൻ്റെ ഉറവിടം. പ്രാർത്ഥനയിൽ നിന്നും ആരാധനയിൽ നിന്നും പിറവിയെടുക്കുന്ന ഒരു വിശ്വാസം, ഒരു അജപാലകനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാനും അവന്റെ ഹൃദയത്തെയും അവന്റെ തീരുമാനങ്ങളെയും ദൈവത്തിന്റെ നല്ല സമയത്തിന് അനുസൃതമായി രൂപപ്പെടുത്താൻ കഴിവുള്ളതാണ്. (cf. യോഹ 21:18) “ഭക്ഷണം കൊടുക്കുക എന്നാൽ സ്നേഹിക്കുക, സ്നേഹിക്കുക എന്നാൽ കഷ്ടപ്പെടാൻ തയ്യാറാവുക. സ്നേഹിക്കുക എന്നതിനർത്ഥം ആടുകൾക്ക് യഥാർത്ഥത്തിൽ നല്ലത് നൽകുക, ദൈവത്തിന്റെ സത്യത്തിന്റെ പോഷണം, അതായത് ദൈവ വചനത്തിൻ്റെ , അവന്റെ സാന്നിധ്യത്തിന്റെ പോഷണം," നൽകുക എന്നാണ് വിവക്ഷിക്കുക.

ഒരു അജപാലകനെ എപ്പോഴും തൻ്റെ ശുശ്രൂഷയിൽ സ്ഥിരപ്പെടുത്തുന്ന ആത്മാവിന്റെ സാന്ത്വനത്താൽ അനുരൂപപ്പെട്ടും സുവിശേഷത്തിന്റെ സൗന്ദര്യവും സന്തോഷവും പങ്കുവയ്ക്കാനുള്ള അവൻ്റെ തീവ്രമായ പരിശ്രമത്തിൽ (cf ആനന്ദിച്ചാഹ്ലാദിക്കുവിൻ 57). മറിയത്തെപ്പോലെ ഫലദായകമായ സാക്ഷ്യത്തിനായി പലരും പലവിധത്തിൽ കുരിശിന്റെ ചുവട്ടിൽ നിന്നു സാക്ഷ്യം നൽകുന്നു. വേദനാജനമെങ്കിലും ദൃഢചിത്തയുള്ള പ്രശാന്തത നിർബന്ധിക്കുകയോ ഭീക്ഷിണിപ്പെടുത്തുകയോ ചെയ്യുന്നില്ല.

ദൃഢമെങ്കിലും ക്ഷമയുള്ളതായ പ്രത്യാശയിയിൽ നമ്മുടെ പിതാക്കന്മാരോടും അവരുടെ സന്തതികളോടും കർത്താവ് ചെയ്ത വാഗ്ദാനത്തിൽ വിശ്വസ്തനായിരിക്കും (cf. ലൂക്കാ 1:54-55) കർത്താവിന്റെ അവസാന വചനങ്ങളിലും അവന്റെ ജീവിത സാക്ഷ്യത്തിലും മുറുകെപ്പിടിച്ചുകൊണ്ട്, നാമും, ഒരു സഭാ സമൂഹമെന്ന നിലയിൽ, അവന്റെ ചുവടുകൾ പിന്തുടരാനും നമ്മുടെ സഹോദരനെ പിതാവിന്റെ കരങ്ങളിൽ സമർപ്പിക്കുവാനും ആഗ്രഹിക്കുന്നു. കാരുണ്യമുള്ള ആ കൈകൾ അവനെ ജീവിതകാലം മുഴുവൻ വ്യാപിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്ത സുവിശേഷത്തിന്റെ എണ്ണയാൽ അവന്റെ വിളക്ക് പ്രകാശിപ്പിക്കട്ടെ (cf. മത്താ : 25:6-7).

മഹാനായ വിശുദ്ധ ഗ്രിഗറി തൻ്റെ അജപാലന ശുശ്രൂഷയുടെ അവസാനം തൻ്റെ ഒരു സുഹൃത്തിനോട് ഈ ആത്മീയ കാര്യം നിർവ്വഹിക്കാൻ ആവശ്യപ്പെട്ടു.: "വർത്തമാന ജീവിതത്തിൻ്റെ കപ്പൽ തകർച്ചയ്ക്കിടയിൽ, നിൻ്റെ പ്രാർത്ഥനയുടെ ഫലകത്തിലൂടെ എന്നെ താങ്ങൂ, എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു, കാരണം എന്റെ സ്വന്തം ഭാരം എന്നെ താഴ്ത്തുന്നതിനാൽ, നിൻ്റെ യോഗ്യതയുടെ കരം എന്നെ ഉയർത്തും".

സത്യത്തിൽ തനിയ്ക്ക് ഒരിക്കലും ഒന്നും തനിയെ ഒറ്റയ്ക്ക് കൊണ്ടുപോകാൻ കഴിയാത്ത ഒരു അജപാലകൻ്റെ അവബോധം ഇവിടെ നാം കാണുന്നു, അങ്ങനെ തന്നെ ഭരമേൽപ്പിച്ച ജനങ്ങളുടെ പ്രാർത്ഥനയ്ക്കും പരിചരണത്തിനും അവൻ സ്വയം ഭരമേല്പിക്കുന്നു. ദൈവത്തിന്റെ വിശ്വസ്തരായ ആളുകൾ, ഇവിടെ ഒത്തുകൂടി, ഇപ്പോൾ അവരുടെ ഇടയനായിരുന്ന ഒരാളുടെ ജീവിതം ദൈവത്തിനു ഭരമേൽപ്പിക്കുന്നു. അവനോട് അനശ്വരമായ സ്നേഹം ഒരിക്കൽ കൂടി കാണിക്കാൻ ശവകുടീരത്തിലെത്തിയ സ്ത്രീകളെപ്പോലെ, നമ്മളും നന്ദിയുടെ പരിമളവും പ്രതീക്ഷയുടെ സുഗന്ധവുമായി വന്നിരിക്കുന്നു, വർഷങ്ങളായി അവൻ നമുക്കു നൽകിയ അതേ ജ്ഞാനത്തോടും ആർദ്രതയോടും സമർപ്പണത്തോടും കൂടി ഇത് ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നു. നമ്മൾ ഒരുമിച്ചു പറയാം: "പിതാവേ, അവിടുത്തെ കരങ്ങളിൽ ഞങ്ങൾ അവന്റെ ആത്മാവിനെ സമർപ്പിക്കുന്നു".

മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ, അവന്റെ ശബ്ദം കേൾക്കുമ്പോൾ നിൻ്റെ സന്തോഷം ഇന്നും എന്നേക്കും പൂർണമാകട്ടെ!

(ഫ്രാൻസിസ് പാപ്പ ബെനഡിക്ട് മാർപാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയിൽ നടത്തിയ വചന സന്ദേശത്തിൻ്റെ സ്വതന്ത്ര വിവർത്തനത്തിന് കടപ്പാട്:ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ് )


Related Articles »