News - 2024

ബെനഡിക്ട് പാപ്പയുടെ ഭൗതീകശരീരം അടക്കം ചെയ്ത പെട്ടിയുടെ മുകളില്‍ ആലേഖനം ചെയ്ത വാക്കുകള്‍ ഇങ്ങനെ

പ്രവാചകശബ്ദം 06-01-2023 - Friday

വത്തിക്കാന്‍ സിറ്റി: “യേശുവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്ന് മന്ത്രിച്ചുകൊണ്ട് വിടവാങ്ങിയ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ മൃതസംസ്കാരം ഇന്നലെ നടന്നതിന് പിന്നാലെ മുന്‍ പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്ത പെട്ടിയുടെ മുകളില്‍ ആലേഖനം ചെയ്ത വാക്കുകള്‍ ശ്രദ്ധ നേടുന്നു.

125 കര്‍ദ്ദിനാളുമാരും നാനൂറിലധികം മെത്രാന്മാരും മൂവായിരത്തിഎഴുന്നൂറിലധികം വൈദികരും പതിനായിരകണക്കിന് വിശ്വാസികളും പങ്കെടുത്ത സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഘട്ടത്തിലാണ് മൃതശരീരം അടക്കം ചെയ്ത പെട്ടി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗര്‍ഭ നിലവറയിലെ കല്ലറയിലെത്തിച്ചത്. അവിടെ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിലേക്ക് പ്രത്യേകം സീല്‍ ചെയ്തു അടക്കം ചെയ്യുകയായിരിന്നു.

പെട്ടിയുടെ മുകളില്‍ ആലേഖനം ചെയ്ത വാക്കുകള്‍ വത്തിക്കാന്‍ പിന്നീട് പ്രസിദ്ധപ്പെടുത്തി. ലാറ്റിന്‍ ഭാഷയില്‍ എഴുതിയിരിക്കുന്ന ലിഖിതത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ തിരുസഭയുടെ പരമാധികാരമുള്ള മാര്‍പാപ്പയായിരുന്ന കാര്യം പ്രത്യേകം എഴുതി ചേര്‍ത്തതിനൊപ്പം എത്രകാലം അദ്ദേഹം ജീവിച്ചിരുന്നെന്നും, എത്രകാലം അദ്ദേഹം സാര്‍വ്വത്രിക സഭയെ നയിച്ചുവെന്നുമുള്ള വിവരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

''ബെനഡിക്ട് പതിനാറാമന്‍ പിഎം (എന്‍. ഡെല്‍ ആര്‍.: പൊന്തിഫെക്സ് മാക്സിമസ്, സുമോ പൊന്തിഫ്) 95 വര്‍ഷവും, 8 മാസവും, 15 ദിവസങ്ങളും ജീവിച്ചിരുന്നു.

സാര്‍വ്വത്രിക സഭയെ ഭരിച്ചത്: 7 വര്‍ഷം, 10 മാസം, 9 ദിവസം. 2005 ഏപ്രില്‍ 19 മുതല്‍ 2013 ഫെബ്രുവരി 28 വരെ. ക്രിസ്തു വര്‍ഷം 2022 ഡിസംബര്‍ 31-ന് കാലം ചെയ്തു”- എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.


Related Articles »