India - 2025

ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുന്നത് ഭീതി സൃഷ്ടിക്കുന്നു: മാർ ജോസ് പൊരുന്നേടം.

പ്രവാചകശബ്ദം 14-01-2023 - Saturday

മാനന്തവാടി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രഥമ കടമയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ കേന്ദ്രം വരെയുള്ള സർക്കാരുകൾ പരാജയപ്പെടുന്നുവെന്നതിന്റെ അവസാനതെളിവാണ് ഇന്നലെ പുതുശ്ശേരിയിൽ കടുവാ ആക്രമണത്തിൽ സാലു കൊല്ലപ്പെട്ട സംഭവമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. ഈ സംഭവം ജനങ്ങളെ ഭയത്തിലാക്കിയിരിക്കുന്നു. സാലു വനത്തിൽ പ്രവേശിച്ചപ്പോഴോ വന്യമൃഗങ്ങളെ ഉപദ്രവിച്ചപ്പോഴോ നിയമവ്യവസ്ഥകൾ ലംഘിച്ചപ്പോഴോ ഒന്നുമല്ല അക്രമണത്തിന് ഇരയായത്. തന്റെ സുരക്ഷിത ഇടമായ വീട്ടുപരിസരത്ത് തൊഴിൽ ചെയ്യുമ്പോഴാണ്. അതിനാൽ ഇത് പരോക്ഷ നരഹത്യ തന്നെയാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.

വന്യമൃഗങ്ങളെ അവരുടെ വാസ ഇടങ്ങളിൽ സംരക്ഷിച്ച് നിർത്തുന്നതിൽ വനം വകുപ്പ് തികഞ്ഞ പരാജയമാണന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ബത്തേരിയിൽ ആനയുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകാതിരുന്നത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്. എത് നിയമവും നിർമ്മിക്കപ്പെടുമ്പോൾ അത് മനുഷ്യനെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാതെ സാമ്പത്തീകമായും രാഷ്ട്രിയമായും എന്തു നേട്ടമുണ്ടാക്കാമെന്ന ഇടുങ്ങിയ ചിന്തകളിലേക്ക് ഭരണ കർത്താക്കളും, ഉന്നത ഉദ്യോഗസ്ഥരും താഴ്ന്നതിന്റെ ഫലമാണ് പൊതുജനങ്ങൾ വന്യമൃഗങ്ങൾക്ക് ഭക്ഷണമായി തീരേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

തങ്ങളുടെ ഇത്തരം വീഴ്ചകൾ മറച്ച് വെയ്ക്കാൻ ജനത്തെ രാഷ്ട്രീയമായും, മതപരമായും, പ്രാദേശികമായും വിഭജിച്ച് നിർത്തുന്നതിൽ വിജയിക്കാൻ അവരെ അനുവദിച്ചുവെന്നതാണ് പൊതുസമൂഹം ചെയ്ത വലിയ തെറ്റ്. അതിനാൽ സാലുവിനെ പോലെ മരണപ്പെട്ടവരുടെ ജീവനഷ്ടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും മാറി നില്ക്കാനാകില്ലന്നും ജനങ്ങൾ നിസംഗത വെടിയേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. സാലുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും തൊഴിൽ സുരക്ഷയും എത്രയും വേഗത്തിൽ നല്കി കേരള സർക്കാർ നീതി സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സീറോ മലബാർ സഭാ സിനഡ് കഴിഞ്ഞ് തിരിച്ച് വന്നാൽ സാലുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നും ബിഷപ്പ് പറഞ്ഞു.


Related Articles »